കൊവിഡ് 19 ചികിത്സയ്ക്ക് ഹെപ്പറ്റൈറ്റിസ് മരുന്ന്!; ഇത് പുതിയ ചുവടുവയ്‌പോ?

By Web TeamFirst Published May 5, 2020, 7:10 PM IST
Highlights

ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് നല്‍കുന്ന 'Pegylated Interferon Alpha- 2b' എന്ന മരുന്ന് കൊവിഡ് 19 രോഗത്തിന് കൂടി നല്‍കാമെന്നതാണ് ഈ റിപ്പോര്‍ട്ടുകളിലെ സൂചന. എന്നാലിക്കാര്യം കേന്ദ്രസര്‍ക്കാരോ ആരോഗ്യവൃത്തങ്ങളോ ഇതുവരെ ഉറപ്പിച്ചുകഴിഞ്ഞിട്ടില്ല. മരുന്നിന്റെ  'ക്ലിനിക്കല്‍' പരീക്ഷണങ്ങള്‍ക്ക് അനുമതി തേടി 'സൈഡസ് കാലിഡ' എന്ന കമ്പനി 'ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ' (ഡിസിജിഐ)യെ സമീപിച്ചിട്ടുണ്ട്

കൊവിഡ് 19നെ ചെറുത്തുതോല്‍പിക്കാന്‍ കെല്‍പുള്ള വാക്‌സിന് വേണ്ടി കാത്തിരിപ്പിലാണ് ഓരോ രാജ്യവും. വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലും പല ഘട്ടത്തിലുമാണ് എത്തിനില്‍ക്കുന്നത്. ഇന്നിതാ വിജയകരമായി വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ രംഗത്തെത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഈ വാദത്തില്‍ എത്രമാത്രം സത്യമുണ്ടെന്ന കാര്യം ഉറപ്പിക്ക വയ്യ. 

ഇതിനിടെ രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പലവിധ ചികിത്സാരീതികളിലൂടെയും മരുന്നുകളിലൂടെയുമെല്ലാമാണ് രോഗലക്ഷണങ്ങളെ ലഘൂകരിക്കാനും അതുവഴി രോഗികളുടെ ജീവന്‍ രക്ഷപ്പെടുത്താനും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

ഇത്തരത്തില്‍ മുമ്പ് മറ്റ് പല അസുഖങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നുകളാണ് നിലവില്‍ കൊവിഡ് 19 രോഗികള്‍ക്ക് നല്‍കിവരുന്നത്. അക്കൂട്ടത്തിലേക്ക് പുതിയൊരു മരുന്ന് കൂടി എത്തുമെന്നാണ് ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് നല്‍കുന്ന 'Pegylated Interferon Alpha- 2b' എന്ന മരുന്ന് കൊവിഡ് 19 രോഗത്തിന് കൂടി നല്‍കാമെന്നതാണ് ഈ റിപ്പോര്‍ട്ടുകളിലെ സൂചന. എന്നാലിക്കാര്യം കേന്ദ്രസര്‍ക്കാരോ ആരോഗ്യവൃത്തങ്ങളോ ഇതുവരെ ഉറപ്പിച്ചുകഴിഞ്ഞിട്ടില്ല. മരുന്നിന്റെ  'ക്ലിനിക്കല്‍' പരീക്ഷണങ്ങള്‍ക്ക് അനുമതി തേടി 'സൈഡസ് കാലിഡ' എന്ന കമ്പനി 'ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ' (ഡിസിജിഐ)യെ സമീപിച്ചിട്ടുണ്ട്.

കൊവിഡ് 19 രോഗികളില്‍ മരുന്ന് പരീക്ഷിച്ച് ഫലം കണ്ടെത്തുന്നതാണ് 'ക്ലിനിക്കല്‍' പരീക്ഷണം. ഇതില്‍ വിജയം കണ്ടാല്‍ മാത്രമേ മരുന്ന് വ്യാപകമായി രോഗികളില്‍ ഉപയോഗിക്കാനാകൂ. കൊവിഡ് 19ന്റെ ഉറവിടകേന്ദ്രമായ ചൈനയിലും ക്യൂബയിലും ഈ മരുന്ന് ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. യുഎസില്‍ നടന്ന ഒരു പഠനവും ഈ വസ്തുതയെ പിന്താങ്ങുന്നുണ്ട്.

Also Read:- കൊവിഡിനെതിരെ വാക്സിന്‍ വികസിപ്പിച്ചെന്ന് ഇസ്രായേലിന്‍റെ അവകാശവാദം...

ഇന്ത്യയെ സംബന്ധിച്ച്, ഇതിന്റെ സാധ്യതകളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചുവരികയാണിപ്പോള്‍. അതിന് ശേഷം കൃത്യമായ തീരുമാനമറിയിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിക്കുന്നത്. കൊവിഡ് 19നെതിരെ വാക്‌സിന്‍ നിര്‍മ്മിച്ചെടുക്കുന്നതിന് ഇനിയും മാസങ്ങളെടുക്കും എന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കായി കൂടുതല്‍ മരുന്നുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് നിലവിലെ ദുരവസ്ഥകളില്‍ വലിയ ആശ്വാസമാണ് പകരുക.

Also Read:- കണക്കുകൂട്ടല്‍ തെറ്റി, ഒരുലക്ഷം അമേരിക്കക്കാര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചേക്കുമെന്ന് ട്രംപ്...

click me!