
കണ്ണിന്‍റെ ആരോഗ്യവുമായി ( Eye Health ) ബന്ധപ്പെട്ട് പല കാര്യങ്ങളെ കുറിച്ചും ഇന്നും ആളുകള്‍ക്കിടയില്‍ വേണ്ടവിധം ബോധവത്കരണം നടക്കുന്നില്ല എന്നത് സത്യമാണ്. പലപ്പോഴും കണ്ണിലെ പ്രശ്നങ്ങള്‍ ( Eye Disease ) അത് അനുഭവപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ പ്രതിവിധി തേടാതിരിക്കുന്നത് മൂലം സങ്കീര്‍ണമാകുന്ന അവസ്ഥകളുണ്ടാകുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്.
കണ്ണിനെ ബാധിക്കുന്ന പലതരം അസുഖങ്ങളുമുണ്ട്. ഇവയ്ക്കെല്ലാം പിറകില്‍ പല കാരണങ്ങളും വരാറുണ്ട്. ഇവയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ കാഴ്ചയെ തന്നെയാണ് ബാധിക്കുക.
എന്തായാലും ഇന്നിവിടെ കണ്ണിനെ ബാധിക്കുന്നൊരു പ്രശ്നത്തെ പറ്റിയാണ് വിശദീകരിക്കുന്നത്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്ന് മാത്രം.
കണ്ണില്‍ കറുത്ത നിറത്തിലോ ഗ്രേ ( ചാരനിറം) നിറത്തിലോ ചെറിയ കുത്തുകളോ വരകളോ വല പോലെയുള്ള ഘടനകളോ എല്ലാം വരുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. കണ്ണിനുള്ളിലെ റെറ്റിന എന്ന ഭാഗത്ത് നിന്ന് രക്തം പുറത്തേക്ക് വിടുന്ന ചെറിയ ഞരമ്പുകളില്‍ ബ്ലോക്ക് വരുന്നതോടെയാണ് ഇത് സംഭവിക്കുന്നത്.
'റെറ്റിനൽ വെയിൻ ഒക്കല്‍ഷൻ' എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. പ്രധാനമായും കൊളസ്ട്രോള്‍ അധികരിക്കുമ്പോഴാണ് മിക്കവരിലും ഈ പ്രശ്നം കാണപ്പെടുന്നത്. അല്ലാതെയും വരാം. ആ സാധ്യത ഇല്ലെന്നല്ല. പക്ഷേ കൊളസ്ട്രോള്‍ മൂലം ഈ പ്രശ്നം നേരിടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
അതിനാല്‍ തന്നെ കണ്ണിനകത്ത് ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതകളോ പ്രകടമാകുന്നപക്ഷം തന്നെ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുക. ഈ പ്രശ്നവുമായി ഡോക്ടറെ കാണുമ്പോള്‍ തന്നെ അവര്‍ ആദ്യം നിര്‍ദേശിക്കുന്ന പരിശോധനകളിലൊന്നാണ് കൊളസ്ട്രോള്‍ പരിശോധന. വളരെ ലളിതമായി രക്തം പരിശോധിക്കുന്നതിലൂടെ തന്നെ കൊളസ്ട്രോള്‍ നില കണ്ടെത്താന്‍ സാധിക്കും.
ഇനി കണ്ണിനകത്ത് ഈ പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന സംശയമാണ് തോന്നുന്നതെങ്കിലോ? ഇത് ഉറപ്പിക്കുന്നതിനായി ലക്ഷണങ്ങള്‍ സൂക്ഷ്മമായി പഠിക്കാം.
ആദ്യമേ സൂചിപ്പിച്ചത് പോലെ പല ഘടനയിലും പല വലിപ്പത്തിലുമാകാം കണ്ണിനകത്ത് കുത്തുകളോ വരകളോ വീഴുന്നത്. ഇത് വ്യക്തികള്‍ക്ക് അനുസരിച്ച് മാറിമറിഞ്ഞിരിക്കും. വരകള്‍, വല പോലുള്ള ഘടന, നേരിയ വൃത്താകൃതി എന്നിങ്ങനെയെല്ലാം ഇവ കാണാം. സൂക്ഷ്മമായി ഇവയെ നോക്കാന്‍ ശ്രമിച്ചാല്‍ ഇവ കാഴ്ചയില്‍ നിന്ന് ഓടിമറയുന്നത് പോലെ അനുഭവപ്പെടാം. സ്ക്രീനിലേക്ക് നോക്കുമ്പോള്‍, അല്ലെങ്കില്‍ തെളിഞ്ഞ ആകാശത്തേക്കോ, വെളുത്ത പ്രതലങ്ങളിലേക്കോ എല്ലാം നോക്കുമ്പോള്‍ ഇവ കുറെക്കൂടി തെളിഞ്ഞുകാണാം.
ഇങ്ങനെയുള്ള ഏതെങ്കിലും അസ്വസ്ഥതകള്‍ കാണുന്നപക്ഷം വൈകാതെ തന്നെ ഡോക്ടറെ കാണുക. ചിലപ്പോള്‍ ഒരു കണ്ണില്‍ മാത്രം കാഴ്ചാപ്രശ്നവും, വേദനയുമെല്ലാം ഇതിന്‍റെ ഭാഗമായി അനുഭവപ്പെടാം. ഇക്കാര്യവും ഡോക്ടറെ ധരിപ്പിക്കാവുന്നതാണ്.
കൊളസ്ട്രോള്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്ന് തെളിഞ്ഞുകഴിഞ്ഞാല്‍, ജീവിതരീതികളില്‍ ആകെയും മാറ്റം വരുത്തേണ്ടതായി വരാം. ഡയറ്റ് (ഭക്ഷണം), വ്യായാമം, ഉറക്കം, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ പല ഘടകങ്ങളും കണക്കിലെടുക്കണം. ഇവയെല്ലാം ഒന്നിച്ച് ഒരുപോലെ ആരോഗ്യകരമാം വിധം കൊണ്ടുപോയാല്‍ മാത്രമേ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സാധിക്കൂ. കൊളസ്ട്രോള്‍ മാത്രമല്ല, ശുഗര്‍, ബിപി എന്നിങ്ങനെയുള്ള ജീവിതശൈലീ രോഗങ്ങളും നിയന്ത്രിച്ചില്ലെങ്കില്‍ കണ്ണുകള്‍ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. സമയത്തിന് ചികിത്സയെടുത്തില്ലെങ്കില്‍ ഒരുപക്ഷേ പിന്നീട് വീണ്ടെടുക്കാനാവാത്ത വിധം കാഴ്ച നഷ്ടപ്പെട്ടുപോകാനും സാധ്യതകളേറെയാണ്. അതുകൊണ്ട് കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒട്ടും വച്ചുതാമസിപ്പിക്കാതെ തന്നെ കൈകാര്യം ചെയ്യുക.
Also Read:- കൊളസ്‌ട്രോള്‍ അപകടകരമാംവിധം കൂടുന്നത് തിരിച്ചറിയാന്‍ സാധിക്കുമോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam