അന്ന് കവിത, ഇന്ന് സൗമ്യ; നമ്മള്‍ അറിയാതെ പോകുന്ന ചിലത്...

By Web TeamFirst Published Jun 15, 2019, 8:54 PM IST
Highlights

ഏത് സാഹചര്യത്തിലും ഒരാള്‍ മറ്റൊരാളെ പൊതുമധ്യത്തില്‍ ധൈര്യമായി ആക്രമിക്കുകയും കൊല ചെയ്യുകയും ചെയ്യുന്ന സംഭവം യഥാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയാണ്. ഒരു സമൂഹത്തെയൊന്നാകെ സാക്ഷിനിര്‍ത്തിയാണ്, പ്രതികള്‍ അതിക്രൂരമായ ആക്രമണം നടത്തുന്നത്

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവല്ലയില്‍ കവിത എന്ന പെണ്‍കുട്ടിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പത്തൊമ്പതുകാരനായ യുവാവ് നടുറോഡില്‍ വച്ച് പെട്രൊളൊഴിച്ച് കത്തിച്ചത്. പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുകയായിരുന്ന കവിതയെ, ക്ലാസില്‍ പോകും വഴിയാണ് ഇയാള്‍ പിന്തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പിച്ച ശേഷം തീകൊളുത്തിയത്. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. 

രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇതാ മാവേലിക്കരയില്‍ സമാനമായ സംഭവം നടന്നിരിക്കുന്നു. നടുറോഡിലിട്ട് പൊലീസുകാരിയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊന്നിരിക്കുന്നു. അത് ചെയ്തത് നിയമപാലകനാകേണ്ട ഒരു പൊലീസുകാരന്‍. വ്യക്തിവൈരാഗ്യത്തിന്റെ പുറത്താണ് ഇയാള്‍ യുവതിയെ കൊല ചെയ്തത് എന്നാണ് പ്രാഥമികമായ വിവരം. ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും, സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 

വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് കൊല്ലപ്പെട്ട വനിതാപൊലീസ് സൗമ്യ പുഷ്‌കരന്‍. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. കുടുംബത്തിലെ ആര്‍ക്കും സൗമ്യയ്ക്ക് ജീവന് ഭീഷണിയുള്ളതായോ, മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായോ അറിവില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. 

എന്നാല്‍, ഏത് സാഹചര്യത്തിലും ഒരാള്‍ മറ്റൊരാളെ പൊതുമധ്യത്തില്‍ ധൈര്യമായി ആക്രമിക്കുകയും കൊല ചെയ്യുകയും ചെയ്യുന്ന സംഭവം യഥാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയാണ്. ഒരു സമൂഹത്തെയൊന്നാകെ സാക്ഷിനിര്‍ത്തിയാണ്, പ്രതികള്‍ അതിക്രൂരമായ ആക്രമണം നടത്തുന്നത്. 

ഇത്തരത്തിലുള്ള ഓരോ വാര്‍ത്തകളും പുറത്തുവരുമ്പോള്‍ അത് വായിക്കുകയോ അറിയുകയോ ചെയ്തവരില്‍ ഇപ്പോള്‍ കൊല നടത്തിയയാളും കൊല്ലപ്പെട്ട യുവതിയുമെല്ലാം ഉള്‍പ്പെടുന്നില്ലേ? അപ്പോള്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് പിന്നില്‍ മറ്റ് പല, കടുത്ത കാരണങ്ങളും ഉണ്ടെന്നല്ലേ അനുമാനിക്കേണ്ടത്?

എന്താകാം ആ കാരണങ്ങള്‍?

കൃത്യമായി ഇഴകീറി പരിശോധിക്കുകയും, ആവശ്യമായ പ്രതിരോധമാര്‍ഗങ്ങള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടയത്രയും അപകടകരമായ ഒരു 'ട്രെന്‍ഡ്' ആണിതെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ മാസങ്ങളുടെ ഇടവേളയില്‍ നടക്കുന്ന മൂന്നാമത്തെ സമാനമായ കൊലപാതകമാണിത്. 

നേരത്തേ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ക്ലാസ്മുറിയില്‍ കയറി കത്തിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ട്. അതിന് മാസങ്ങള്‍ക്ക് ശേഷമാണ് തിരുവല്ലയിലെ സംഭവം. അതിനും രണ്ട് മാസത്തിനിപ്പുറമാണ് മാവേലിക്കരയിലും ഇതാവര്‍ത്തിച്ചിരിക്കുന്നത്. 

കൗമാരകാലഘട്ടം മുതല്‍ ഓരോ വ്യക്തിയും അവരവരുടെ വ്യക്തിത്വത്തെ പരുവപ്പെടുത്തിയെടുക്കാന്‍ തുടങ്ങുന്നുണ്ട്. അവിടം മുതല്‍ക്ക് തന്നെ കൃത്യമായ ശിക്ഷണം ആവശ്യമായിവരുന്നു. എന്നാല്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ആവശ്യമായ അറിവോ, പങ്കുവയ്ക്കലോ ഒന്നും അക്കാലങ്ങളില്‍ നടക്കുന്നില്ലയെന്നത് വളരെ പ്രധാനപ്പെട്ട ഒരു പോരായ്കയാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. 

മനുഷ്യജീവിതത്തില്‍ മാനസികാരോഗ്യത്തിനുള്ള വലിയ ശതമാനം പങ്ക് ഇപ്പോഴും ആളുകള്‍ തിരിച്ചറിയാത്തതാണ് ഇത്തരം ഖേദകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അടിത്തറ പ്രശ്‌നത്തിലായിരിക്കുന്ന ഒരാള്‍, വളര്‍ന്നുവരുമ്പോഴും അയാളുടെ വ്യക്തിത്വം ആ പ്രശ്‌നബാധിതമായ അടിത്തറയില്‍ നിന്നാണ് ഉയരുന്നത്. എത്രമാത്രം അനാരോഗ്യകരമാണത്! 

'സ്‌കൂളിംഗ് തൊട്ട് തന്നെ ആവശ്യമായ കരുതലും ധാരണയും ഈ വിഷയങ്ങളിലുണ്ടായിരിക്കണം. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായമൊക്കെ ഇക്കാര്യത്തില്‍ വളരെ പിറകിലാണെന്ന് പറയേണ്ടിവരും. സ്‌കൂളില്‍ വച്ച് നമുക്ക് പ്രിവന്റീവ് കൗണ്‍സിലിംഗുകള്‍ നല്‍കാന്‍ കഴിയുന്നതാണ്. അപകടകരമായ ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും നമ്മള്‍ എങ്ങനെയെത്തുന്നു എന്ന് മനസിലാക്കിക്കൊടുക്കുന്ന ക്ലാസുകള്‍. അതോടൊപ്പം തന്നെ ഓരോ വീട്ടിലും, അംഗങ്ങള്‍ക്ക് പരസ്പരം തുറന്ന് സംവദിക്കാനുള്ള സ്വതന്ത്രമായ സാഹചര്യം നമുക്കുണ്ടാക്കാം. അതുവഴി വരാനിരിക്കുന്ന ഒരപകടത്തെ ഒരുപക്ഷേ, നമുക്ക് തടയാനാകും. പലപ്പോഴും ആളുകള്‍ക്ക്, പ്രശ്‌നങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നില്ലയെന്നതാണ് ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളിലേക്ക് അവരെ നയിക്കുന്നത്. നമ്മളാണെങ്കില്‍ ഇപ്പോള്‍ പോലും ആഴത്തില്‍ ഈ വിഷയങ്ങളൊന്നും അഭിസംബോധന ചെയ്യാന്‍ തയ്യാറാകാതെ, ഓരോ സംഭവത്തിലെയും പ്രതികളെ വിചാരണ ചെയ്യാനുള്ള തിരക്കിലാണ്. ഇനിയെങ്കിലും മാനസികാരോഗ്യത്തിന് നിത്യജീവിതത്തില്‍ വലിയ അളവില്‍ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞ്, അത്തരം പ്രശ്‌നങ്ങളെ ധൈര്യപൂര്‍വ്വം അഭിസംബോധന ചെയ്ത് തന്നെ മുന്നോട്ട് പോവുക...'- കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജില്‍ സൈക്കാട്രി അധ്യാപകനായ ഡോ. പി എന്‍ സുരേഷ് കുമാര്‍ പറയുന്നു. 

click me!