Latest Videos

കൊവിഡ് നെഗറ്റീവായ പൂര്‍ണഗര്‍ഭിണിക്ക് പൊസിറ്റീവ് ആണെന്ന വ്യാജ ഫലം നല്‍കിയതായി പരാതി

By Web TeamFirst Published Aug 13, 2021, 5:57 PM IST
Highlights

പ്രസവത്തീയ്യതിയില്‍ ആശുപത്രിയിലെത്തിയ ഷിഗാനയ്ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ദേശിക്കുകയായിരുന്നു. അവിടെത്തന്നെ ടെസ്റ്റ് നടത്തുകയും ചെയ്തു. ടെസ്റ്റ് ഫലം വന്ന ശേഷം അഡ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു

കോട്ടയം: കൊവിഡ് നെഗറ്റീവായ പൂര്‍ണഗര്‍ഭിണിക്ക് പൊസിറ്റീവ് ആണെന്ന വ്യാജ ടെസ്റ്റ് ഫലം നല്‍കിയതായി പരാതി. കോട്ടയം സ്വദേശിയായ ഷിഗാന അബ്ദുള്‍ കരീമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പാലായിലുള്ള സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഇവര്‍ പരാതിപ്പെടുന്നത്. 

പ്രസവത്തീയ്യതിയില്‍ ആശുപത്രിയിലെത്തിയ ഷിഗാനയ്ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ദേശിക്കുകയായിരുന്നു. അവിടെത്തന്നെ ടെസ്റ്റ് നടത്തുകയും ചെയ്തു. ടെസ്റ്റ് ഫലം വന്ന ശേഷം അഡ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. 

അന്ന് വൈകീട്ട് തന്നെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വരികയും ടെസ്റ്റ് ഫലം പൊസിറ്റീവാണെന്ന് അറിയിക്കുകയും ചെയ്തു. അധികം മുറികള്‍ ഒഴിവില്ലെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റാകണമെന്നും കൂട്ടത്തില്‍ അറിയിച്ചു. നോര്‍മല്‍ പ്രസവത്തിന് മുപ്പത്തിയയ്യായിരം രൂപയാണ് ആശുപത്രി ആവശ്യപ്പെട്ടിരുന്നത്. കൊവിഡ് ഫലം വന്നതോടെ ചികിത്സാച്ചെലവ് രണ്ടിരട്ടിയോളമെങ്കിലും വര്‍ധിക്കുമെന്ന് ഉറപ്പായി.

എന്നാല്‍ ഗര്‍ഭകാലത്ത് ഉടനീളം വളരെയധികം ശ്രദ്ധയോടെ തുടര്‍ന്നിട്ടും എങ്ങനെയാണ് കൊവിഡ് പിടിപെട്ടത് എന്ന സംശയത്തില്‍ ഷിഗാനയും ഭര്‍ത്താവ് സുബീക്ക് അബ്ദുള്‍ റഹീമും പുറത്ത് നിന്ന് വീണ്ടും കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

പുറത്ത് നിന്ന് ആന്റിജെന്‍ ടെസ്റ്റും ആര്‍ടിപിസിആറും ചെയ്തു. ആന്റിജെന്‍ ടെസ്റ്റ് ഫലം നെഗറ്റീവായി അന്ന് തന്നെ റിപ്പോര്‍ട്ട് ലഭിച്ചു. പിറ്റേന്ന് തന്നെ ആര്‍ടിപിസിആര്‍ ഫലവും നെഗറ്റീവായി ലഭിച്ചു. ഇതോടെ പാലായിലെ ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടതില്ലെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. ചിലപ്പോഴെങ്കിലും കൊവിഡ് പരിശോധനാഫലങ്ങളിൽ ലാബുകളിൽ പിഴവ് സംഭവിക്കാറുണ്ട്. എന്നാൽ ഇക്കാര്യം ഉറപ്പിക്കാൻ വീണ്ടും പരിശോധന നടത്തിയെന്നാണ് ഷിഗാനയും സുബീക്കും പറയുന്നത്. പിന്നീട് ആശുപത്രിയ്ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിച്ചപ്പോള്‍ മറ്റ് പലര്‍ക്കും സമാനമായ അനുഭവം ഉണ്ടായതായി തങ്ങള്‍ കണ്ടെത്തിയെന്നും ഇവര്‍ അവകാശപ്പെടുന്നു.

വൈകാതെ തന്നെ മറ്റ് പരാതിക്കാരെ കൂടി ഉള്‍പ്പെടുത്തി ആരോഗ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാനാണ് ഷിഗാനയുടെയും സുബീക്കിന്റെയും തീരുമാനം. കൊവിഡ് കാലത്ത് സ്വകാര്യ ആശുപത്രികള്‍ സാധാരണക്കാരില്‍ നിന്ന് ചികിത്സയ്ക്കായി അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് വ്യാജ ടെസ്റ്റ് ഫലം നല്‍കിയതായ പരാതിയും ഉയര്‍ന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

ഷിഗാനയുടെ ഭര്‍ത്താവ് സുബീക്ക് അബ്ദുള്‍ റഹീം പങ്കുവച്ച വീഡിയോ...

 

Also Read:- കൊവിഡ് ചികിത്സയ്ക്ക് പണമില്ല; ക്രൌഡ് ഫണ്ടിംഗ് സഹായം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്

click me!