Asianet News MalayalamAsianet News Malayalam

കൊവിഡ് ചികിത്സയ്ക്ക് പണമില്ല; ക്രൌഡ് ഫണ്ടിംഗ് സഹായം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്

ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് പുറത്തായതും സാമ്പത്തിക സ്ഥിരത എത്തുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി വന്‍തുക ചികിത്സയ്ക്കായി കണ്ടെത്തേണ്ടി വരുന്നതും അപരിചിതരില്‍ നിന്നു പോലും പണം സ്വീകരിക്കേണ്ട ഗതികേടിലേക്ക് ആളുകളെ എത്തിക്കുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

Indians are turning to crowdfunding to pay the steep medical bills explains report
Author
New Delhi, First Published Jul 29, 2021, 12:44 PM IST

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായതിനിടെ ചികിത്സാ സഹായത്തിനായി പൊതുജനങ്ങളുടെ സഹായം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് മൂലമുള്ള ചികിത്സാ സഹായത്തിനായും ആശുപത്രികളിലെ ബില്ലുകള്‍ അടയ്ക്കാനായുമാണ് ഇത്തരത്തില്‍ ക്രൌഡ് ഫണ്ടിംഗ് രീതികളെ ഇന്ത്യക്കാര്‍ ആശ്രയിക്കുന്നതെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവരടക്കമുള്ളവരാണ് ചികിത്സാ സഹായത്തിനായി ഇത്തരത്തില്‍ മറ്റുള്ളവരുടെ സഹായം തേടുന്നതെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു.

രണ്ടാമത്തെ പ്രസവത്തിന് ശേഷം കൊവിഡ് സംബന്ധമായ വിഷമതകള്‍ വര്‍ധിച്ച ഇരുത്തിയേഴുകാരി സുപ്രജ റെഡ്ഡിയുടെ ആശുപത്രി ബില്ലുകള്‍ അടയ്ക്കാന്‍ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള എല്ലാ സംവിധാനങ്ങളിലൂടെ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെയാണ് ഭര്‍ത്താവ് കെറ്റോ എന്ന ക്രൌഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമിന്‍റെ സഹായം തേടിയത്. രണ്ട് ലക്ഷം രൂപ മാസ വരുമാനമുണ്ടായിട്ടും ഭാര്യയുടെ ആശുപത്രി ബില്ല് അടയ്ക്കാന്‍ അപരിചിതരുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്നതിനേക്കുറിച്ച് വിഷമമുണ്ടെന്നാണ് എന്‍ജിനിയറായ ഭര്‍ത്താവ് പറയുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ഇത്തരമൊരു സാഹചര്യം ആദ്യമായിട്ടാണെന്നും ഇയാള്‍ പറയുന്നു. സമാനമായ സ്ഥിതിയിലാണ് രാജ്യത്തെ മിക്ക കൊവിഡ് ബാധിതരുടെ ബന്ധുക്കളുമെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

Indians are turning to crowdfunding to pay the steep medical bills explains report

ആശുപത്രി ബില്ല് അടയ്ക്കാനായി കൊവിഡ് തരംഗം രൂക്ഷമായതിന് പിന്നാലെ ക്രൌഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമുകളുടെ സഹായം തേടിയവര്‍ നിരവധിയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടേയും ഇന്‍ഷുറന്‍സ് മേഖലയിലെ പാളിച്ചകളുടേയും നേരെ വിരല്‍ ചൂണ്ടുന്നതാണ് റിപ്പോര്‍ട്ട്. കെറ്റോ, മിലാപ്, ഗിവ് ഇന്ത്യ എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെ കൊവിഡ് രണ്ടാം തരംഗത്തിനിടെ 2.7ദശലക്ഷം ആളുകളില്‍ നിന്നായി സമാഹരിച്ചത് 161 ദശലക്ഷം യുഎസ് ഡോളര്‍(11,95,74,70,000 രൂപ) ആണ്. ആരോഗ്യ സംവിധാനത്തിലെ പാളിച്ചകള്‍ താല്‍ക്കാലികമായെങ്കിലും പരിഹരിക്കാനുള്ള സഹായമായാണ് ഇത്തരം പ്ലാറ്റ്ഫോമുകളെ ആളുകള്‍ കാണുന്നതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

2011 -12 കാലയളവില്‍ ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാനായി 38 ദശലക്ഷമാണ് സമാഹരിച്ചത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലും പബ്ലിക്ക് ഹെല്‍ത്ത് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ഇത്തരത്തില്‍ ആശുപത്രി ബില്ലുകള്‍ മൂലം കടക്കണിയിലായവരുടെ കൃത്യമായ എണ്ണം കണ്ടെത്താനായിട്ടില്ല. സ്വയം തൊഴില്‍ മേഖലയിലുള്ളവരുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും ശമ്പളക്കാരുടെ പകുതി ആളുകള്‍ക്കും ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ആശുപത്രി സേവനം നല്‍കാനാവുന്നില്ലെന്നാണ് ഡ്യൂക്ക് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രാഥമിക പഠനം വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപിച്ചതിന് പിന്നാലെ കടക്കെണിയിലായ ഇന്ത്യക്കാരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു. ജിഡിപിയുടെ 1.2 ശതമാനം മാത്രമാണ് പൊതു ആരോഗ്യമേഖലയിലേക്കുള്ള നീക്കിയിരുപ്പ്. ഇത് ലോകത്തിലെ മറ്റേത് രാജ്യത്തേക്കാളും കുറവാണെന്നും ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Indians are turning to crowdfunding to pay the steep medical bills explains report

ഇന്ത്യയിലെ ജനങ്ങളുടെ മൂന്നില്‍ രണ്ട് വിഭാഗം ആളുകള്‍ക്കും ഒരു ഇന്‍ഷുറന്‍സ് പരിരക്ഷയും ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമ്പത്തികമായ സ്ഥിരത കൈവരുന്നതിന് മുന്‍പ് തന്നെ ഇത്തരത്തില്‍ അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാവുന്നത് ജനത്തെ സാരമായി ബാധിക്കുന്നതായാണ് പഠനം. ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംവിധാനമായി പ്രഖ്യാപിച്ച മോദി കെയറിന് കീഴില്‍ വെറും 13 ശതമാനത്തിന് മാത്രമാണ് കൊവിഡ് ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് തുക ലഭിച്ചത്. രോഗമുക്തി നേടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ പോവുന്നതായും പ്രോക്സിമ കണ്‍സള്‍ട്ടിം ഗ് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു.

കൊവിഡ് രോഗമുക്തി നേടിവരില്‍ ബ്ലാക്ക് ഫംഗ്സ് പോലുള്ള പ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്ന രോഗങ്ങള്‍ കണ്ടെത്തിയത് ചികിത്സാ ചെലവ് വീണ്ടും ഉയരാന്‍ കാരണമായെന്നും പഠനം വിശദമാക്കുന്നു. നാഗ്പൂരിലുള്ള ഇരുപത്തിയഞ്ചുകാരിയായ ചിന്മയിക്ക് പിതാവിന്‍റെ കൊവിഡ് ചികിത്സയ്ക്കും പിന്നാലെ വന്ന ബ്ലാക്ക് ഫംഗസ് ബാധയ്ക്കുള്ള ചികിത്സയ്ക്കുമായി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളമാണ്. ക്രൌഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമുകളിലൂടെ അടക്കം ശ്രമിച്ചിട്ടും ഇതിന്‍റെ പാതി മാത്രമാണ് കണ്ടെത്താനായത്. ബിരുദപഠനം പൂര്‍ത്തിയാക്കി കോളേജില്‍ നിന്നിറങ്ങിയ ചിന്മയിക്ക് ഈ പണം എങ്ങനെ കണ്ടെത്തുമെന്ന് ഒരു ധാരണയുമില്ല. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ചെലവ് താങ്ങാനാവാതെ വരുന്നവര്‍ക്കാണ് സാധാരണ ഗതിയില്‍ ക്രൌഡ് ഫണ്ടിംഗിലൂടെ പണം ലഭിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios