
നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടും. എന്നാല്‍ ഇവയൊന്നും നിസാരമായി തള്ളിക്കളയുകയേ അരുത്. കാരണം പല അസുഖങ്ങളുടെയും ലക്ഷണമായോ സൂചനയായോ എല്ലാമാകാം ഇത്തരത്തിലുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ വരുന്നത്. അങ്ങനെയെങ്കില്‍ നമ്മുടെ ഇന്നത്തെ അശ്രദ്ധ നമ്മുടെ നാളെയെ എത്രമാത്രം സങ്കീര്‍ണമാക്കുമെന്നതിനെ കുറിച്ച് പറയേണ്ടതില്ലല്ലോ.
അത്തരത്തില്‍ നിസാരമായി പലരും തള്ളിക്കളയുന്നൊരു ആരോഗ്യപ്രശ്നമാണ് ക്ഷീണവും ശരീരവേദനയുമെല്ലാം. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് ക്ഷീണവും ശരീരവേദനയും അനുഭവപ്പെടാം. ഇതില്‍ നിസാരമായ, ചെറിയ കാലയളവിനുള്ളില്‍ പരിഹരിക്കാവുന്നതോ, പരിഹരിച്ചുപോകുന്നതോ ആയ കാരണങ്ങളും കാണും, അതുപോലെ നേരത്തേ സൂചിപ്പിച്ചത് കണക്ക് ഗൗരവമുള്ള കാരണങ്ങളും കാണും.
ഇങ്ങനെ തുടര്‍ച്ചയായി ക്ഷീണവും ശരീരവേദനയും കാണുന്നുവെങ്കില്‍ മറ്റ് ചില ലക്ഷണങ്ങള്‍ കൂടിയുണ്ടോ എന്ന് നിങ്ങള്‍ പരിശോധിക്കണം. ഒന്ന് ഓര്‍മ്മക്കുറവാണ്. ഇതിനൊപ്പം ഉറക്കക്കുറവ്, ഉറങ്ങിയാലും അത് സുഖകരമാകാതിരിക്കുന്ന അവസ്ഥ, ചിന്തകളില്‍ അവ്യക്തത (ബ്രെയിൻ ഫോഗ്), ശ്രദ്ധക്കുറവ്, പേശികളിലും സന്ധികളിലും വേദനയും നീരും ചുവന്ന നിറവും, തലവേദന (മൈഗ്രേയ്ൻ അടക്കം), തൊണ്ടവേദന, കഴുത്തിലെയോ കക്ഷത്തിലെയോ ലിംഫ് നോഡുകളില്‍ വീക്കം, ശരീരത്തിലെ പല ഭാഗങ്ങളിലും വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഡോക്ടറെ കാണണം.
കാരണം, ഇത് 'ക്രോണിക് ഫാറ്റിഗ് സിൻഡ്രോം' (സിഎഫ്എസ്) അല്ലെങ്കില്‍ 'മയാള്‍ജിക് എൻസെഫലോമയെലൈറ്റിസ്' (എംഇ) ആകാനുള്ള സാധ്യതകളേറെയാണ്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 'ഫാറ്റിഗ്' അഥവാ തളര്‍ച്ചയാണ് ഈ അവസ്ഥയുടെ വലിയ പ്രത്യേകതയും ലക്ഷണവും. ആറ് മാസത്തിലധികം തിടര്‍ച്ചയായ നീണ്ടുനില്‍ക്കുന്ന ക്ഷീണമായിരിക്കും ഇതില്‍ കാണുക.
പതിയെ ഇത് നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ബാധിക്കും. ഒപ്പം നമ്മുടെ ശരീരത്തിലെ വിവിധ വ്യവസ്ഥകളെയും ബാധിക്കും. ഇതോടെ ദൈനംദിന ജീവിതം ദുസഹമായി തീരും. കടുത്ത നിരാശയിലേക്കും പ്രശ്നങ്ങളിലേക്കും നാം നീങ്ങാം. ജോലി, പഠനം, പ്രിയപ്പെട്ടവരുമായുള്ള ബന്ധം എന്നിങ്ങനെ ജീവിതത്തിന്‍റെ വിവിധ തലങ്ങളില്‍ നാം ബാധിക്കപ്പടാം.
എന്തുകൊണ്ടാണ് 'ക്രോണിക് ഫാറ്റിഗ് സിൻഡ്രോം' പിടിപെടുന്നത് എന്നതില്‍ ഇതുവരെയായും വ്യക്തതയില്ല. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. വൈറല്‍ ഇൻഫെക്ഷൻസ്, രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജനിതക ഘടകങ്ങള്‍ എന്നിങ്ങനെ പലതും.
കാരണം കൃത്യമായി അറിയാൻ സാധിക്കാത്തതിനാല്‍ തന്നെ ഇതിന് കൃത്യമായ ചികിത്സയുമില്ല. പക്ഷേ, ഇതുകൊണ്ട് രോഗിക്കുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സയെടുക്കാൻ സാധിക്കും. അത്തരത്തില്‍ കൈകാര്യം ചെയ്ത് മുന്നോട്ട് പോകല്‍ തന്നെയാണ് ഇതിനുള്ള പ്രതിവിധി. പക്ഷേ ഈ രീതിയിലെങ്കിലും ചികിത്സയെടുത്തില്ലെങ്കില്‍ വ്യക്തിയെ പൂര്‍ണമായും ഇത് കടന്നുപിടിക്കാം.
Also Read:- ചുമയും ജലദോഷവും ഉള്ളപ്പോള്‍ ഫ്രൂട്ട്സ് കഴിക്കാമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-