കൊവിഡിന് ശേഷം രോഗികളില്‍ കാണുന്ന രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍...

By Web TeamFirst Published May 13, 2021, 10:44 AM IST
Highlights

നിത്യജീവിതത്തില്‍ സാധാരണഗതിയില്‍ ചെയ്യാറുള്ള കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ ക്ഷീണം ബാധിക്കുന്നുണ്ടെന്നും ഇതിനൊപ്പം തന്നെ കൊവിഡ് ബാധിച്ച ചിലരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ അവ്യക്തത വരുത്തുന്ന 'ബ്രെയിന്‍ ഫോഗ്' എന്ന അവസ്ഥ കൂടി കാണുന്നുണ്ടെന്നും പഠനം പറയുന്നു

കൊവിഡ് 19 മഹാമാരി പിടിപെട്ട്, അതില്‍ നിന്ന് അതിജീവിച്ച ശേഷവും ഒരുപിടി ആരോഗ്യപ്രശ്‌നങ്ങള്‍ രോഗികളെ വലയ്ക്കുന്നുണ്ട്. ഇവയെ പൊതുവില്‍ 'പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം' എന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. പ്രധാനമായും കൊവിഡ് പിടിപെടുമ്പോള്‍ പ്രകടമായ ലക്ഷണങ്ങളുടെ ഒരു തുടര്‍ച്ച തന്നെയാണ് കൊവിഡിന് ശേഷവും കാണുകയെന്നാണ് മിക്ക റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചിട്ടുള്ളത്. 

എന്നാല്‍ ലക്ഷണങ്ങളേതുമില്ലാതെ രോഗം ബാധിക്കപ്പെട്ടവരിലും 'പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം' ഉണ്ടായേക്കാമെന്നാണ് പുതിയൊരു പഠനം നിര്‍ദേശിക്കുന്നത്. ഇത്തരത്തില്‍ രോഗികളില്‍ ഏറ്റവുമധികം കാണുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും പഠനം സൂചനകള്‍ നല്‍കുന്നു. 

'മയോ ക്ലിനിക്ക് പ്രൊസീഡിംഗ്‌സ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്. കൊവിഡിന് ശേഷം അധികപേരിലും കാണുന്ന ആരോഗ്യപ്രശ്‌നം അസഹനീയമായ ക്ഷീണമാണെന്നാണ് പഠനം അവകാശപ്പെടുന്നത്. പഠനത്തിനായി തെരഞ്ഞെടുത്തവരില്‍ എണ്‍പത് ശതമാനം പേരിലും ഇങ്ങനെ അസാധാരണമായ ക്ഷീണം കണ്ടെത്താനായെന്നാണ് ഗവേഷകര്‍ പറയുന്നത്. 

നിത്യജീവിതത്തില്‍ സാധാരണഗതിയില്‍ ചെയ്യാറുള്ള കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ ക്ഷീണം ബാധിക്കുന്നുണ്ടെന്നും ഇതിനൊപ്പം തന്നെ കൊവിഡ് ബാധിച്ച ചിലരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ അവ്യക്തത വരുത്തുന്ന 'ബ്രെയിന്‍ ഫോഗ്' എന്ന അവസ്ഥ കൂടി കാണുന്നുണ്ടെന്നും പഠനം പറയുന്നു. 'ബ്രെയിന്‍ ഫോഗ്' ഉള്ളവരാണെങ്കില്‍ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുക, കൃത്യമായി ജോലി ചെയ്യുക, ചിന്ത, ഉറക്കം എന്നിവയെ എല്ലാം പ്രതികൂലമായി ബാധിക്കാം.

കൊവിഡ് ബാധിച്ചവരില്‍ 'ബ്രെയിന്‍ ഫോഗ്' സംഭവിക്കുന്നതായി നേരത്തേയും പല പഠനറിപ്പോര്‍ട്ടുകളും  സൂചിപ്പിച്ചിട്ടുണ്ട്. അതുതന്നെയാണ് 'പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം'മിന്റെ ഭാഗമായി വരുന്നതായി ഈ പഠനവും ചൂണ്ടിക്കാട്ടുന്നത്. 

Also Read:- ഭീതി പരത്തി കൊവിഡ് രോഗികളിലെ 'ബ്ലാക്ക് ഫംഗസ്' ബാധ; അറിയാം ലക്ഷണങ്ങള്‍....

ഇവയ്ക്ക് പുറമെ ഏറ്റവുമധികം രോഗികളില്‍ കൊവിഡിന് ശേഷം കാണുന്ന ആരോഗ്യപ്രശ്‌നം ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളാണെന്നും പഠനം പറയുന്നു. 59 ശതമാനം പേര്‍ക്കും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. പഠനത്തിന് തെരഞ്ഞെടുത്ത അധികപേരും ലക്ഷണങ്ങളില്ലാതെയോ ചെറിയ ലക്ഷണങ്ങളോട് കൂടിയോ കൊവിഡ് ബാധിക്കപ്പെട്ടവരാണെന്നും ആശുപത്രിയില്‍ പോലും പ്രവേശിപ്പിക്കപ്പെടാത്തവരാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഗ്രെഗ് വെനിക്കാക്കോണ്‍ അറിയിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!