കൊവിഡ് 19 അടിസ്ഥാനപരമായി ശ്വാസകോശ രോഗമാണെങ്കില്‍ കൂടി ഇത് വിവിധ അവയവങ്ങളെ ബാധിക്കുന്നതായി നാം കണ്ടു. എത്തരത്തിലെല്ലാമാണ് വൈറസിന്റെ ആക്രമണം രോഗിയെ ബാധിക്കുന്നതെന്ന് കൃത്യമായി നിര്‍വചിക്കാനാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 

ഇതിനിടെ ആശങ്ക പടര്‍ത്തിക്കൊണ്ടാണ് കൊവിഡ് രോഗികളില്‍ 'ബ്ലാക്ക് ഫംഗസ്' ബാധ അഥവാ 'മ്യൂക്കോര്‍മൈക്കോസിസ്' എന്ന അവസ്ഥയും കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഇരുന്നൂറോളം കേസുകളാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

കൂടുതല്‍ രോഗികളില്‍ ഇനിയും ഇത് കണ്ടെത്തിയേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. വളരെ ഗുരുതരമായ ഒരവസ്ഥയായിട്ടാണ് 'മ്യൂക്കോര്‍മൈക്കോസിസ്'നെ ഡോക്ടര്‍മാര്‍ സമീപിക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഐസിഎംആര്‍ പുറത്തിറക്കാനുള്ള കാരണവും ഇതുതന്നെ. സമയബന്ധിതമായി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഗൗരവതരമായ പ്രശ്‌നങ്ങളാണ് 'മ്യൂക്കോര്‍മൈക്കോസിസ്' കൊവിഡ് രോഗികളിലുണ്ടാക്കുകയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

 

 

മുഖം വികൃതമാകുന്നത് മുതല്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നത് വരെ പല തരത്തിലാണ് 'മ്യൂക്കോര്‍മൈക്കോസിസ്' രോഗികളെ ബാധിക്കുക.  എന്നാല്‍ എങ്ങനെയാണ് ഇത് കോവിഡ് രോഗിയില്‍ കണ്ടെത്താന്‍ സാധിക്കുക? തീര്‍ച്ചയായും വളരെ പ്രകടമായ ചില ലക്ഷണങ്ങള്‍ 'മ്യൂക്കോര്‍മൈക്കോസിസ്'ന്റെ ഭാഗമായി വരാം. അത്തരത്തിലുള്ള സുപ്രധാനമായ ചില ലക്ഷണങ്ങള്‍ ഒന്ന് മനസിലാക്കാം. 

ഒന്ന്...

അന്തരീക്ഷത്തില്‍ കാണുന്ന ഫംഗസ് കൊവിഡ് രോഗിയുടെ മൂക്കിനുള്ളിലൂടെ അകത്തേക്ക് കടക്കുകയാണ് ഈ അവസ്ഥയില്‍ സംഭവിക്കുന്നത്. തുടര്‍ന്ന് മൂക്കിനുള്ളിലെ സൈനസ് കാവിറ്റികളിലും നാഡികളിലും ശ്വാസകോശത്തിനകത്തേക്കുമെല്ലാം ഇവയെത്തുകയാണ്. അതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍ അസഹനീയമായ തലവേദനയാണ് ഇതിന്റെ ലക്ഷണമായി വരിക. 

രണ്ട്...

ആദ്യം സൂചിപ്പിച്ചത് പോലെ കണ്ണിനെയും ഇത് ബാധിക്കുന്നു. അതിനാല്‍ കാഴ്ച മങ്ങുക, കണ്ണില്‍ വീക്കം, കണ്ണില്‍ രക്ത പടര്‍പ്പ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ലക്ഷണമായി വന്നേക്കാം. 

മൂന്ന്...

ഫംഗസ് ബാധ കാര്യമായി മുഖത്തിനെയാണ് ബാധിക്കുകയെന്ന് നേരത്തേ പറഞ്ഞുവല്ലോ. അതിനാല്‍ കവിളുകളിലും കണ്ണുകളിലും മുഖത്തിന്റെ പല ഭാഗങ്ങളിലുമായി വീക്കം വരിക, അതുപോലെ തന്നെ വേദന അനുഭവപ്പെടുക എന്നിവയും 'മ്യൂക്കോര്‍മൈക്കോസിസി'ന്റെ ലക്ഷണങ്ങളാകാം. 

 

 

മുഖത്തിന്റെ ഒരു ഭാഗത്ത് മാത്രം വേദന, ഒരു ഭാഗം മരവിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ലക്ഷണമാണ്.

നാല്...

ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പുറമെ മാനസികപ്രശ്‌നങ്ങളും 'മ്യൂക്കോര്‍മൈക്കോസിസി'ന്റെ ഭാഗമായി വരാം. കാര്യങ്ങളില്‍ അവ്യക്തത തോന്നുക, ഓര്‍മ്മ നഷ്ടപ്പെടുക, നടക്കാനോ സംസാരിക്കാനോ ബുദ്ധിമുട്ട് തോന്നുക, കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കാതിരിക്കുക എന്നിവയെല്ലാം ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ്. 

Also Read:- കൊവിഡ് പിടിപെടുന്നവരിൽ അപൂർവ ഫംഗസ് ബാധിക്കുന്നതായി ഡോക്ടർമാർ‌...

അഞ്ച്...

ഫംഗസ് ബാധയുണ്ടാകുന്നതിനെ തുടര്‍ന്ന് കണ്ണുകള്‍ക്ക് ചുറ്റും മൂക്കുകള്‍ക്ക് ചുറ്റുമെല്ലാം കറുത്ത അടയാളങ്ങള്‍, നേരത്തേ പരിക്ക് പറ്റിയത് പോലുള്ള പാടുകള്‍ എന്നിവയെല്ലാം വരാം. ഗുരുതരമായ കേസുകളിലാണ് ഇത്തരത്തില്‍ മുഖത്തിന്റെ ഘടനയേ മാറിപ്പോകുന്ന തരത്തിലുള്ള ലക്ഷണങ്ങള്‍ വരുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona