ഫാറ്റി ലിവർ വെറുമൊരു കരൾ രോഗമല്ല, ആരോഗ്യത്തെ മൊത്തമായി ഇത് ബാധിക്കുന്നു; നിയന്ത്രിക്കാൻ ചെയ്യേണ്ട 4 കാര്യങ്ങൾ

Published : Jul 14, 2026, 01:28 PM IST
liver fat

Synopsis

ഫാറ്റി ലിവർ എന്നത് കരളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു രോഗമല്ല, മറിച്ച് ശരീരത്തിലെ മൊത്തം മെറ്റബോളിക് വ്യവസ്ഥയെ ബാധിക്കുന്ന ഒരു സങ്കീർണ്ണ രോഗമായാണ് ഇതിനെ കണക്കാക്കുന്നത്.

പണ്ടൊക്കെ ഫാറ്റി ലിവർ രോഗം നിർണ്ണയിക്കപ്പെടുമ്പോൾ ഡോക്ടർമാർ നൽകിയിരുന്ന പൊതുവായ ഉപദേശം, ഭക്ഷണം നിയന്ത്രിക്കാനും, വണ്ണം കുറയ്ക്കാനുമായിരുന്നു. എന്നാൽ അടുത്തകാലത്തായി ഈ രോഗത്തെക്കുറിച്ചുള്ള വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ വലിയൊരു മാറ്റം വന്നിട്ടുണ്ട്. ഫാറ്റി ലിവർ എന്നത് കരളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു രോഗമല്ല, മറിച്ച് ശരീരത്തിലെ മൊത്തം മെറ്റബോളിക് വ്യവസ്ഥയെ ബാധിക്കുന്ന ഒരു സങ്കീർണ്ണ രോഗമായാണ് ഇതിനെ കണക്കാക്കുന്നത്.

എന്തുകൊണ്ട് ഫാറ്റി ലിവർ കൂടുതൽ അപകടകാരിയാകുന്നു?

ഫാറ്റി ലിവർ ശരീരത്തിലെ മറ്റ് ഗുരുതരമായ രോഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, കരൾ കാൻസർ, അകാല മരണം എന്നിവ ഉണ്ടാവാനും ഇത് കാരണമാകാറുണ്ട്.

പ്രമേഹവും ഫാറ്റി ലിവറും തമ്മിലുള്ള ബന്ധം

പ്രമേഹവും ഫാറ്റി ലിവറും ഒരേ മെറ്റബോളിക് പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ശരീരഭാരം അമിതമാകുമ്പോൾ കൊഴുപ്പ് സൂക്ഷിക്കാനുള്ള ശരീരത്തിന്റെ ശേഷി ഇല്ലാതാകുകയും, ഇത് കരളിലേക്ക് കൊഴുപ്പ് അമിതമായി ഒഴുകിയെത്തുന്നതിന് കാരണമാവുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിയന്ത്രിക്കാതിരിക്കുന്നത് കരളിൽ കൊഴുപ്പ് കൂട്ടും. ഇത് പ്രമേഹ നിയന്ത്രണം കൂടുതൽ കടുപ്പമാക്കും.

ലക്ഷണങ്ങളില്ലാത്ത 'സൈലന്റ് കില്ലർ'

കരളിൽ വേദന അറിയാനുള്ള റിസപ്റ്ററുകൾ ഇല്ലാത്തതിനാൽ, വർഷങ്ങളോളം യാതൊരു ലക്ഷണവുമില്ലാതെ ഈ രോഗം ശരീരത്തിൽ തുടരാം. ക്ഷീണമോ വയറുവേദനയോ ഒക്കെ തോന്നി തുടങ്ങുമ്പോഴേക്കും കരളിൽ വീക്കം ഉണ്ടായിട്ടുണ്ടാകാം. അതിനാൽ കൃത്യമായ അൾട്രാസൗണ്ട് പരിശോധനകളിലൂടെയും രക്തപരിശോധനകളിലൂടെയും ഇത് തുടക്കത്തിലേ കണ്ടെത്തേണ്ടത് പ്രധാനമാണ്.

ഫാറ്റി ലിവർ നിയന്ത്രിക്കാൻ വിദഗ്ദ്ധർ നിർദേശിക്കുന്ന വഴികൾ

ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നതാണ് ഫാറ്റി ലിവറിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധി. കൃത്യമായ ഭാരക്കുറവ് കരളിലെ കൊഴുപ്പ് കുറയ്ക്കുകയും വീക്കം പൂർണ്ണമായും മാറ്റാൻ സഹായിക്കുകയും ചെയ്യും.

1. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക

അൾട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക - പാക്കറ്റ് ലഘുഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച എണ്ണകൾ എന്നിവ കുറയ്ക്കുക.

മധുരപാനീയങ്ങൾ പൂർണ്ണമായും ഒഴിവാക്കുക- സോഡ, പാക്കറ്റ് ജ്യൂസുകൾ എന്നിവയിലെ ഫ്രക്ടോസ് നേരിട്ട് കരളിലെത്തി കൊഴുപ്പായി മാറുന്നു.

ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക- ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയ പച്ചക്കറികളും പഴങ്ങളും, ഓട്സ്, ഇറച്ചി, മീൻ, പയറുവർഗ്ഗങ്ങൾ, ഒലിവ് ഓയിൽ, നട്സ്, അവോക്കാഡോ എന്നിവ കഴിക്കാം.

2. വ്യായാമം ശീലമാക്കുക

ശരീരഭാരം പെട്ടെന്ന് കുറഞ്ഞില്ലെങ്കിൽ പോലും സ്ഥിരമായ വ്യായാമം ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും കരളിലെ കൊഴുപ്പ് നേരിട്ട് കുറയ്ക്കുകയും ചെയ്യും. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ, അല്ലെങ്കിൽ വെയിറ്റ് ട്രെയിനിംഗ് എന്നിവ ഇതിനായി തിരഞ്ഞെടുക്കാം.

3. മാനസികാരോഗ്യവും ഉറക്കവും

വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും ഉത്കണ്ഠയും പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കാറുണ്ട്. ദിവസവും 7 മുതൽ 9 മണിക്കൂർ വരെ നല്ല ഉറക്കം ഉറപ്പാക്കുന്നതും സ്ട്രെസ്സ് മാനേജ്‌മെന്റും ഫാറ്റി ലിവർ ചികിത്സയിൽ നിർണ്ണായകമാണ്.

4. ശരീരഭാരം ക്രമമായി കുറയ്ക്കുക

പെട്ടെന്ന് വണ്ണം കുറയ്ക്കാൻ നോക്കാതെ ആഴ്ചയിൽ 0.5 മുതൽ 1 കിലോഗ്രാം വരെ എന്ന തോതിൽ പതുക്കെ ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

35 വയസ്സിന് ശേഷം ഗർഭധാരണം? നിർബന്ധമായും ചെയ്യേണ്ട ആരോഗ്യ പരിശോധനകൾ; ഗൈനക്കോളജിസ്റ്റ് നിർദേശിക്കുന്നത്
മഴക്കാലത്ത് തലമുടിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം? ഇതാ 5 ഹെയർകെയർ ടിപ്പുകൾ