കൊവിഡ് 19; കുട്ടികളിലെ പുതിയ ലക്ഷണങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു...

By Web TeamFirst Published May 16, 2020, 12:34 PM IST
Highlights

നേരത്തേ കൊറോണ വ്യാപകമായിരുന്ന ആദ്യഘട്ടത്തില്‍ കുട്ടികളെ ഇത് സാരമായി ബാധിക്കില്ലെന്ന തരത്തിലായിരുന്നു സൂചനകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ രോഗം ബാധിച്ച മൂന്ന് ലക്ഷത്തിലധികം പേരുടെ മരണം ഉറപ്പിക്കുന്ന ഈ ഘട്ടത്തില്‍ അത്തരത്തിലുള്ള പട്ടികപ്പെടുത്തലിന് പ്രാധാന്യമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 14 വയസ് വരെയുള്ള കുട്ടികളില്‍ രോഗം ബാധിക്കുന്നുണ്ടെന്നും അത് ഇത്തരത്തില്‍ വിചിത്രമായ രീതികളിലെല്ലാമാണ് പ്രതിഫലിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു

കൊറോണ വൈറസ് എന്ന മാരക രോഗകാരിയെ കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ഇപ്പോഴും ശാസ്ത്രലോകത്തിന് ലഭ്യമല്ല. ഓരോ ദിവസവും ഓരോ അറിവാണ് ഇതെക്കുറിച്ച് പുതുതായി ഉരുത്തിരിഞ്ഞുവരുന്നത്. അതുപോലെ തന്നെയാണ് കൊവിഡ് 19 രോഗം സംബന്ധിച്ചുള്ള വിവരങ്ങളും. പ്രാഥമികമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്ന ലക്ഷണങ്ങള്‍ കടന്ന് മറ്റ് പല ശാരീരിക വ്യതിയാനങ്ങളും രോഗത്തിന്റെ ലക്ഷണമാണെന്ന് കണ്ടെത്തപ്പെട്ടു. 

ഇതിന് സമാനമായി മറ്റ് ചില പുതിയ ലക്ഷണങ്ങള്‍ കുട്ടികളില്‍ കാണപ്പെടുന്നതിനെ കുറിച്ച് നേരത്തേ യുഎസും യുകെയുമെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളുമായി എത്തിയിരിക്കുകയാണ് ബ്രിട്ടന്‍, ഫ്രാന്‍സ്, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍. 

കൊവിഡ് 19 മൂലം 'പീഡിയാട്രിക് ഇന്‍ഫ്‌ളമേറ്ററി മള്‍ട്ടിസിസ്റ്റം സിന്‍ഡ്രോം' (പിഐഎംഎസ്) എന്ന രോഗം മൂലം ഇതുവരെ അഞ്ച് കുട്ടികള്‍ മരിച്ചതായാണ് ഇവര്‍ നല്‍കുന്ന വിവരം. ന്യൂയോര്‍ക്കില്‍ മൂന്ന് കുട്ടികളും ഫ്രാന്‍സിലും ബ്രിട്ടനിലും ഓരോ കുട്ടിയുമാണത്രേ മരിച്ചിരിക്കുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ടാണ് കുട്ടികളില്‍ ഈ രോഗം പിടിപെട്ടതെന്ന് മനസിലാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറെ സമയമെടുക്കേണ്ടി വന്നതായാണ് സൂചന.

 

 

നേരത്തേ മറ്റ് ചില രോഗങ്ങള്‍ കൂടി കൊവിഡ് 19 ബാധിച്ച കുട്ടികളില്‍ കണ്ടെത്തിയിരുന്നു. ന്യൂയോര്‍ക്ക് സിറ്റി, യുകെ എന്നിവിടങ്ങളില്‍ തന്നെയായിരുന്നു ഇതും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 14 വയസ് വരെ പ്രായമുള്ള കുട്ടികളായിരുന്നു ഇത്തരത്തില്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിരുന്നത്. കൊറോണയുടെ മറ്റ് ലക്ഷണങ്ങളൊന്നുമില്ലായിരുന്നതിനാല്‍ തന്നെ ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. 

എന്നാല്‍ പിന്നീടങ്ങോട്ട് സംശയങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ പതിനഞ്ചോളം കുട്ടികളുടെ പരിശോധന നടത്തിയത്. ടെസ്റ്റ് ഫലം പൊസിറ്റീവായതോടെ ഡോക്ടർമാരുടെ സംശയം ഇരട്ടിച്ചു. കൊവിഡ് 19 കുട്ടികളിലുണ്ടാക്കുന്ന ലക്ഷണമാണ്, ചില രോഗങ്ങളെന്ന് ഇവര്‍ അനുമാനിച്ചു. 

'കവാസാക്കി'രോഗം എന്നറിയപ്പെടുന്ന രോഗത്തിന്റേയും 'ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം' എന്നറിയപ്പെടുന്ന രോഗത്തിന്റേയും ലക്ഷണങ്ങളുമായിട്ടായിരുന്നു ന്യൂയോര്‍ക്ക് സിറ്റിയില്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ദേഹത്ത് ചുവന്ന പാടുകളും തടിപ്പും കാണപ്പെടുക, പനി, ത്വക്ക് അടര്‍ന്ന് പോരുക, രക്തസമ്മര്‍ദ്ദം അസാധാരണമായി താഴുക എന്നിവയെല്ലാമാണ് ഈ രണ്ട് രോഗങ്ങളുടെ ലക്ഷണങ്ങള്‍.

 

 

നേരത്തേ കൊറോണ വ്യാപകമായിരുന്ന ആദ്യഘട്ടത്തില്‍ കുട്ടികളെ ഇത് സാരമായി ബാധിക്കില്ലെന്ന തരത്തിലായിരുന്നു സൂചനകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ രോഗം ബാധിച്ച മൂന്ന് ലക്ഷത്തിലധികം പേരുടെ മരണം ഉറപ്പിക്കുന്ന ഈ ഘട്ടത്തില്‍ അത്തരത്തിലുള്ള പട്ടികപ്പെടുത്തലിന് പ്രാധാന്യമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 14 വയസ് വരെയുള്ള കുട്ടികളില്‍ രോഗം ബാധിക്കുന്നുണ്ടെന്നും അത് ഇത്തരത്തില്‍ വിചിത്രമായ രീതികളിലെല്ലാമാണ് പ്രതിഫലിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

Also Read:- ഇത് കൊറോണയുടെ പുതിയ ലക്ഷണമോ? പരിഭ്രാന്തി പരത്തി കുട്ടികളുടെ ആരോഗ്യനില!...

പിഐഎംഎസ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ തുടരുന്ന രണ്ട് കുട്ടികളുടെ നില അതീവഗുരുതരാവസ്ഥയിലാണ്. ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇതുവരേയും ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇനിയും സമാനമായ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ അത് കൊവിഡ് 19 ചികിത്സയില്‍ പുതിയ വെല്ലുവിളിയാകുമെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Also Read:- പൂച്ചകളെ ഉമ്മ വെക്കരുത്; കൊവിഡ് പകരാൻ സാധ്യതയെന്ന് ശാസ്ത്രജ്ഞർ...

click me!