കൂര്‍ക്കംവലി ഒഴിവാക്കാൻ ചെയ്തുനോക്കാവുന്ന അഞ്ച് കാര്യങ്ങള്‍...

By Web TeamFirst Published Nov 13, 2022, 10:18 AM IST
Highlights

ഉറങ്ങുമ്പോള്‍ നേരിടുന്ന ശ്വസനസംബന്ധമായ പ്രശ്നങ്ങളാണ് 'ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ'യുടെ പ്രത്യേകത. പഠനങ്ങള്‍ പറയുന്നത് പ്രകാരം 20 ശതമാനം മുതിര്‍ന്നവര്‍ പതിവായി കൂര്‍ക്കം വലിക്കുന്നവരും 40 ശതമാനം പേര്‍ ഇടവിട്ട് കൂര്‍ക്കംവലിക്കുന്നവരുമാണ്. കുട്ടികളാണെങ്കില്‍ പത്തിലൊരാളെങ്കിലും കൂര്‍ക്കംവലിക്കുന്നവരാണ്. 

ചിലര്‍ ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നത് പതിവായിരിക്കും. ഇത് മറ്റുള്ളവരെയും ഒരു പരിധി വരെ സ്വയം തന്നെയും ബുദ്ധിമുട്ടായി വരാം. പതിവായി കൂര്‍ക്കംവലിക്കുന്നവരാണെങ്കില്‍ അവരില്‍ മിക്കവാറും 'ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ' എന്ന പ്രശ്നമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഒരു ഡോക്ടറെ കണ്ട് ഉചിതമായ നിര്‍ദേശങ്ങള്‍ തേടുന്നതാണ് നല്ലത്. 

അടിസ്ഥാനപരമായി ഉറങ്ങുമ്പോള്‍ നേരിടുന്ന ശ്വസനസംബന്ധമായ പ്രശ്നങ്ങളാണ് 'ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ'യുടെ പ്രത്യേകത. പഠനങ്ങള്‍ പറയുന്നത് പ്രകാരം 20 ശതമാനം മുതിര്‍ന്നവര്‍ പതിവായി കൂര്‍ക്കം വലിക്കുന്നവരും 40 ശതമാനം പേര്‍ ഇടവിട്ട് കൂര്‍ക്കംവലിക്കുന്നവരുമാണ്. കുട്ടികളാണെങ്കില്‍ പത്തിലൊരാളെങ്കിലും കൂര്‍ക്കംവലിക്കുന്നവരാണ്. 

കൂര്‍ക്കംവലിക്കുന്ന ശീലത്തില്‍ നിന്ന് രക്ഷ നേടാൻ ചില മാര്‍ഗങ്ങള്‍ ആദ്യം പരിശീലിച്ച് നോക്കാവുന്നതാണ്. ഇതിലൂടെ പരിഹരിക്കാൻ ശ്രമിക്കാമോ എന്നും പരിശോധിക്കാം. 

ഒന്ന്...

ഉറങ്ങാൻ കിടക്കുന്ന രീതികളില്‍ മാറ്റം വരുത്തിനോക്കാം. വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. വശം തിരിഞ്ഞ് കിടക്കുമ്പോള്‍ നാവ് ഒരുപാട് ഉള്ളിലേക്ക് പോകുന്നതൊഴിവാകും. ഇതിലൂടെയാണത്രേ കൂര്‍ക്കംവലി കുറയ്ക്കാൻ സാധിക്കുന്നത്. 

ഇതുപോലെ തല ഉയര്‍ത്തിവച്ച് ഉറങ്ങുന്നതും കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കാം. ഇതിന് ഒരു തലയിണയ്ക്ക് പകരം രണ്ട് തലയിണ ഉപയോഗിക്കാം. എന്നാല്‍ പുറം വേദന, നടുവേദന, കഴുത്തുവേദന പോലുള്ള പ്രശ്നങ്ങളുള്ളവര്‍ ഇങ്ങനെ ചെയ്യും മുമ്പ് ഡോക്ടറോട് ചോദിക്കുക. 

രണ്ട്...

വ്യായാമം പതിവാക്കുന്നതും കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. വ്യായാമം ഉറക്കത്തിന്‍റെ ആഴവും തീവ്രതയും കൂട്ടാൻ സഹായിക്കും. ഇതിലൂടെയാണ് കൂര്‍ക്കംവലി കുറയുന്നത്. 

മൂന്ന്...

രാത്രിയില്‍ വളരെയധികം ഭക്ഷണം കഴിക്കുന്നതും, ഉറങ്ങുന്നതിന് അല്‍പം മുമ്പ് മാത്രം കഴിക്കുന്നതുമെല്ലാം കൂര്‍ക്കംവലി കൂട്ടാം. അതിനാല്‍ കിടക്കാൻ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പേ തന്നെ ഭക്ഷണം കഴിക്കാം. അതുപോലെ അത്താഴം ലളിതമാക്കുന്നതും നല്ലതാണ്. 

നാല്...

ഉറങ്ങാൻ പോകും മുമ്പ് മദ്യപിക്കുന്നതോ പുകവലിക്കുന്നതോ എല്ലാം കൂര്‍ക്കംവലി വര്‍ധിപ്പിക്കാം. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ശീലങ്ങളില്‍ നിന്നെല്ലാം അകന്നുനില്‍ക്കുക. 

അഞ്ച്...

ശരീരത്തില്‍ നിര്‍ജലീകരണം അഥവാ, ജലാംശം കുറയുന്നത് കൊണ്ടും കൂര്‍ക്കംവലിയുണ്ടാകാം. അതുകൊണ്ട് തന്നെ ദിവസവും ആവശ്യമായിട്ടുള്ളയത്രയും വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

Also Read:- എന്തുകൊണ്ടാണ് നാം അലാം അടിക്കുന്നതിന് അല്‍പം മുമ്പ് ഉറക്കമുണരുന്നത്?

tags
click me!