മൂക്കില്ലാതെ വര്‍ഷങ്ങള്‍ ജീവിച്ചു; ഒടുവില്‍ കയ്യില്‍ മൂക്ക് വളര്‍ത്തിയെടുത്ത് മുഖത്ത് പിടിപ്പിച്ചു

By Web TeamFirst Published Nov 12, 2022, 2:24 PM IST
Highlights

ഫ്രാൻസിലെ ടോലോസില്‍ ക്യാൻസര്‍ ചികിത്സയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂക്കിന്‍റെ മുക്കാല്‍ ഭാഗവും നഷ്ടപ്പെട്ട സ്ത്രീക്ക് ഇപ്പോള്‍ പുത്തൻ ചികിത്സാരീതിയിലൂടെ മൂക്ക് വച്ചുപിടിപ്പിക്കാൻ സാധിച്ചുവെന്നതാണ് ഏറെ സന്തോഷകരമായ ഈ വാര്‍ത്ത. 

ശരീരത്തിലെ ഏതൊരു അവയവത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. ഇവയില്‍ ഏത് നഷ്ടപ്പെട്ടാലും അത് സ്വാഭാവികമായും നമ്മെ ബാധിക്കും. ഓരോന്നിന്‍റേയും തീവ്രത അതിന്‍റെ പ്രാധാന്യത്തിനും ധര്‍മ്മങ്ങള്‍ക്കും അനുസരിച്ച് മാറിമറിയുമെന്ന് മാത്രം. 

ഇന്നാണെങ്കില്‍ ശാരീരികാവയവങ്ങള്‍ക്ക് ഏല്‍ക്കുന്ന കേടുപാടുകള്‍- കുറവുകള്‍ എല്ലാം നികത്തുന്നതിന് നൂതനമായ പല ചികിത്സാസൗകര്യങ്ങളും ലഭ്യമാണ്. കോസ്മെറ്റിക് സര്‍ജറികളും ഇന്ന് ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. എങ്കിലും പരിമിതികള്‍ നേരിടുന്ന പ്രശ്നങ്ങളുണ്ട്. 

അത്തരത്തിലൊരു കേസിലാണ് ഇപ്പോള്‍ വിപ്ലവകരമായ ഫലം ലഭിച്ചിരിക്കുന്നത്. ഫ്രാൻസിലെ ടോലോസില്‍ ക്യാൻസര്‍ ചികിത്സയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂക്കിന്‍റെ മുക്കാല്‍ ഭാഗവും നഷ്ടപ്പെട്ട സ്ത്രീക്ക് ഇപ്പോള്‍ പുത്തൻ ചികിത്സാരീതിയിലൂടെ മൂക്ക് വച്ചുപിടിപ്പിക്കാൻ സാധിച്ചുവെന്നതാണ് ഏറെ സന്തോഷകരമായ ഈ വാര്‍ത്ത. 

മൂക്കിന്‍റെ ദ്വാരത്തിനുള്ളില്‍ ക്യാൻസര്‍ ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ ചികിത്സയ്ക്ക് പിന്നാലെയാണ് ഇവരുടെ മൂക്കിന്‍റെ മുക്കാല്‍ഭാഗവും നഷ്ടപ്പെട്ടിരുന്നത്. ഇത് ശസ്ത്രക്രിയയിലൂടെ നേരെയാക്കാൻ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഒന്നും സാധ്യമായില്ല.

അങ്ങനെ വര്‍ഷങ്ങളോളം ഇവര്‍ മൂക്ക് ഇല്ലാതെ തന്നെ ജീവിക്കുകയായിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ ടോലോസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ കൃത്രിമമായി മൂക്ക് വികസിപ്പിച്ചെടുത്ത് അത് ശരീരത്തിന്‍റെ ഭാഗമായി തന്നെ വളര്‍ത്തി മുഖത്ത് പിടിപ്പിച്ച് നല്‍കിയിരിക്കുകയാണ്. 

വൈദ്യശാസ്ത്ര രംഗത്ത് തന്നെ ഇത്തരത്തിലൊരു മുന്നേറ്റം ഇതാദ്യമാണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഏറ്റവും പുതിയ രീതിയിലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഉത്പാദിപ്പിക്കുന്ന 'Cerhum' എന്ന കമ്പനി ഉത്പാദിപ്പിച്ചെടുത്ത മൂക്കിന്‍റെ എല്ലിന് (കാര്‍ട്ടില്ലേജ്) സമാനമായ ഉപകരണം സ്ത്രീയുടെ കയ്യില്‍ തന്നെ പിടിപ്പിക്കുകയും ഇവരുടെ മുഖത്തുനിന്ന് ചര്‍മ്മമെടുത്ത് ഇതിനെ പൂര്‍ണത നല്‍കുകയും ചെയ്തു. 

തുടര്‍ന്ന് രണ്ട് മാസത്തോളം ഇവരുടെ കയ്യില്‍ തന്നെ മൂക്കിനെ നിലനിര്‍ത്തി. ഇതോടെ ശരീരത്തിന്‍റെ ഭാഗം തന്നെയായി മാറി കൃത്രിമമൂക്ക്. ശേഷമായിരുന്നു ശസ്ത്രക്രിയയിലൂടെ ഈ മൂക്ക് മുഖത്ത് പിടിപ്പിച്ചത്. ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പത്ത് ദിവസത്തെ വിശ്രമത്തിനും ആഴ്ചകളോളമുള്ള മരുന്നുകള്‍ക്കും ശേഷം ഇവര്‍ സുഖം പ്രാപിച്ചുവരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. 

Also Read:- അസാധാരണമാം വിധത്തിലുള്ള മൂക്ക്; യുവതിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു...

click me!