
ജിമ്മിൽ പോകുന്ന നിരവധി പേർ ഇന്നുണ്ട്. പലരും ജിമ്മിൽ പോകുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. ചിലര്‍ ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഠിനപരിശ്രമം നടത്തുമ്പോള്‍ ചിലരാകട്ടെ ഒരു വ്യായാമം എന്ന നിലയ്ക്കാണ് ജിമ്മിലേക്ക് പോകുന്നത്. എന്ത് തന്നെയായാലും ജിമ്മില്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ദില്ലിയിലെ ഇൻഫെർനോ ഫിറ്റ്നസ് ക്ലബ് സ്ഥാപകൻ മനോജ് ശർമ്മ പറയുന്നു....
ഒന്ന്...
കൃത്യമായ ഡയറ്റ് പാലിച്ചാല്‍ മാത്രമേ ജിമ്മിൽ പോകുന്നത് കൊണ്ട് ഫലം ഉണ്ടാവുകയുള്ളൂ. പോഷകഗുണമുള്ള ഭക്ഷണം കഴിക്കുകയും എന്നാൽ ക്യത്യമായി ഡയറ്റും ഫോളോ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
രണ്ട്...
ജിമ്മില്‍ പോകും മുന്‍പ് ആദ്യം അറിയേണ്ടത് നിങ്ങൾക്ക് എന്തെങ്കിലും പോഷകാഹാരകുറവുകള്‍ ഉണ്ടോ എന്നാണ്. ഉദാഹരണത്തിന് വിറ്റമിന്‍ ഡിയുടെയോ കാല്‍സ്യത്തിന്റെയോ കുറവുള്ളവര്‍ക്ക് പെട്ടെന്നുള്ള വര്‍ക്ക്‌ഔട്ട് പ്രതിരോധശേഷി കുറയാനോ, ഒടിവുകള്‍ സംഭവിക്കാനോ കാരണമായേക്കാം. മഗ്നീഷ്യത്തിന്റെ കുറവുള്ളവര്‍ക്ക് കൈകാല്‍ വേദന ഉണ്ടാകാം.
മൂന്ന്...
കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് വര്‍ക്ക് ഔട്ട് ആരംഭിച്ചാല്‍ കഴിക്കേണ്ടത്. ഉദാഹരണത്തിന് പഴങ്ങള്‍, നട്ട് ബട്ടര്‍, അല്ലെങ്കില്‍ ഒരു കപ്പ് തൈരും പഴങ്ങളും, വേവിച്ച ഉരുളക്കിഴങ്ങ്, നട്സ് എന്നിവ ജിമ്മിലെ തുടക്കക്കാര്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണസാധനങ്ങളാണ്.
നാല്...
ശരീരത്തില്‍ ആവശ്യമായ ജലാംശം ഇല്ലാതെ എന്ത് ചെയ്താലും അതിന്റെ വിപരീതഫലമാകും ലഭിക്കുക. വ്യായാമം ചെയ്യുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും നന്നായി വെള്ളം കുടിക്കണം. നന്നായി വിയര്‍ക്കുന്ന ഒരാള്‍ കുറഞ്ഞത് 500-600 മില്ലിലിറ്റര്‍ വെള്ളമെങ്കിലും ഇത്തരത്തില്‍ കുടിക്കണം.
അഞ്ച്...
ജിമ്മില്‍ പോകാന്‍ തുടങ്ങുമ്പോള്‍ തന്നെ പ്രോട്ടീന്‍ പൗഡറുകളോ സപ്ലിമെന്ററി ഭക്ഷണങ്ങളോ എടുക്കേണ്ട കാര്യമില്ല. നട്സ് പോലെയുള്ള പോഷകാഹാരങ്ങള്‍ കഴിക്കുക ,നന്നായി വെള്ളംകുടിക്കുക, നന്നായി ഉറങ്ങുക ഇവയാണ് പ്രധാന കാര്യങ്ങൾ.