
ദിവസവും നിരവധി ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലവിസർജ്ജനം പൂർണ്ണമാകാതിരിക്കുന്നത് പലപ്പോഴും ഗ്യാസ്, വയറു വീർക്കൽ, വയറ്റിൽ ഒരുതരം ഭാരമുള്ളതായി തോന്നൽ എന്നിവയ്ക്ക് കാരണമായേക്കാം. മലവിസർജ്ജനത്തിലെ ക്രമക്കേടുകൾ മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങൾക്കും വഴിയൊരുക്കിയേക്കാം. മലബന്ധം പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കാനും നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാനും വിദഗ്ധർ നിർദ്ദേശിക്കുന്നു.
മലബന്ധം ദഹനസംബന്ധമായ അസ്വസ്ഥതകൾക്കപ്പുറം മറ്റ് പല ലക്ഷണങ്ങൾക്കും കാരണമായേക്കാം. കാരണം വ്യക്തമല്ലാത്ത വയറു വീർക്കൽ, ക്ഷീണം, മുഖക്കുരു, ശരീരഭാരം കുറയ്ക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവ ഇതിൽ ഉൾപ്പെടാം. മലബന്ധം കേവലം ഒരു വയറു സംബന്ധമായ പ്രശ്നമല്ല. ഇത്കുടലിന്റെ ആരോഗ്യം, ചർമ്മം, ഊർജ്ജ നില, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയെപ്പോലും ബാധിച്ചേക്കാം. മികച്ച ദഹനത്തിനും മലബന്ധം തടയുന്നതിനുമായി കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
പച്ച പപ്പായ
പച്ചപ്പപ്പായയിൽ ദഹനത്തെ സഹായിക്കുന്ന 'പാപെയ്ൻ' എന്ന എൻസൈമും ആരോഗ്യകരമായ ദഹനത്തിന് ഉതകുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. കുടലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാനും ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനം നിലനിർത്താനും ഇത് സഹായിച്ചേക്കാം.
കുതിർത്ത ഉണക്കമുന്തിരി
വെള്ളത്തിൽ കുതിർത്ത ഉണക്കമുന്തിരി മലം മൃദുവാക്കാനും മലവിസർജ്ജനം എളുപ്പമാക്കാനും സഹായിക്കുന്നു. കുടലിലേക്ക് വെള്ളത്തെ ആകർഷിക്കുന്ന 'സോർബിറ്റോൾ' എന്ന പ്രകൃതിദത്ത ഘടകം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ലഘൂകരിക്കാൻ സഹായിച്ചേക്കാം.
ഉണങ്ങിയ പ്ലം
ഉണങ്ങിയ പ്ലം പഴങ്ങളിൽ (പ്രൂൺസ്) ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾ ദഹനവ്യവസ്ഥയിലൂടെ മലം എളുപ്പത്തിൽ നീങ്ങാൻ സഹായിക്കുന്നു. ഇത് ദഹനത്തെ എളുപ്പമാക്കുന്നു
പിയർ പഴം
മലബന്ധം അകറ്റുന്നതിനും തടയുന്നതിനും പിയർ പഴങ്ങൾ വളരെ നല്ലതാണ്. പിയറിൻ്റെ തൊലിയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ മലത്തിന് വ്യാപ്തി കൂട്ടുകയും ദഹനവ്യവസ്ഥയിലൂടെ അത് വേഗത്തിൽ നീങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. പഴത്തിൻ്റെ ഉൾഭാഗത്ത് ലയിക്കുന്ന നാരുകൾ (പെക്റ്റിൻ പോലുള്ളവ) അടങ്ങിയിരിക്കുന്നു.
ആപ്പിൾ
ആപ്പിളിൽ ധാരാളം നാരുകളും (ഡയറ്ററി ഫൈബർ) വെള്ളവും അടങ്ങിയിട്ടുള്ളതിനാൽ അവ മലബന്ധം അകറ്റാൻ സഹായിക്കുന്നു. ആപ്പിളിന്റെ തൊലിയിൽ കാണപ്പെടുന്ന ലയിക്കാത്ത നാരുകൾ കുടലിലൂടെയുള്ള അതിന്റെ സഞ്ചാരം വേഗത്തിലാക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam