
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാൽ മിക്കവരും മനസിന്‍റെ ആരോഗ്യകാര്യം വരുമ്പോൾ അതിന് ആവശ്യമായത്ര പ്രാധാന്യം നൽകാറില്ല എന്നതാണ് സത്യം. ശരീരവും മനസും രണ്ടായി കാണുന്നതിന്‍റെ ഒരു പ്രശ്നം കൂടിയാണിത്. പലപ്പോഴും ഇവയെ രണ്ടാക്കി നിർത്താൻ സാധിക്കില്ല. രണ്ടും പരസ്പരം ബന്ധപ്പെട്ട് തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് പറയാം.
മനസിന്‍റെ ആരോഗ്യം അവതാളത്തിലാകുമ്പോൾ സ്വാഭാവികമായും അത് ശരീരത്തെയും ബാധിക്കും. പലപ്പോഴും മനസിന്‍റെ പാളം തെറ്റുന്നത് നമുക്ക് സ്വയം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. എന്തായാലും മനസിന്‍റെ ആരോഗ്യം പ്രശ്നത്തിലാണെങ്കിൽ അത് മനസിലാക്കാൻ സഹായിക്കുന്ന നാല് ലക്ഷണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
വർത്തമാനകാലത്തിൽ നിൽക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്‍റെ ഒരു ലക്ഷണം. മറ്റെവിടേക്കെങ്കിലും പോകാനുള്ള ത്വര, മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ എന്ന ആഗ്രഹം, ഒരു ജോലി പെട്ടെന്ന് തീർത്ത് അടുത്തതിലേക്ക് പോകാനുള്ള ധൃതി, അനാവശ്യമായ കാര്യങ്ങളിൽ സജീവമാകാൽ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.
രണ്ട്...
സാമൂഹികകാര്യങ്ങളിൽ നിന്ന് പരമാവധി ഉൾവലിഞ്ഞുനിൽക്കുന്നതും മാനസികാരോഗ്യം പ്രശ്നത്തിലാണെന്നതിന്‍റെ സൂചനയാണ്. ചിലരുടെ വ്യക്തിത്വം ഉൾവലിഞ്ഞതായിരിക്കും. അത്തരക്കാരുടെ കാര്യമല്ല പ്രതിപാദിക്കുന്നത്. നേരത്തെ തന്നെ സാമൂഹികമായി സജീവമായിരുന്നവർ ഉൾവലിയുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. വിവിധ പരിപാടികൾ, ആഘോഷങ്ങൾ, സുഹൃദ്വലയങ്ങൾ എന്നിവയെല്ലാം ഉപേക്ഷിക്കാം ഈ ഘട്ടത്തിൽ.
മൂന്ന്...
സ്വയം അപകടപ്പെടുത്തുകയോ പ്രശ്നത്തിലാക്കുകയോ ചെയ്തുകൊണ്ടിരിക്കാം. യോജിക്കാത്ത ബന്ധങ്ങളിൽ ചെന്നുവീഴുക, റിസ്കുള്ള കാര്യങ്ങളിൽ ഏർപ്പെടുക എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
നാല്...
എപ്പോഴും ക്ഷീണം, ഒന്നിനും ഉന്മേഷമില്ല- എന്ന അവസ്ഥയും പലപ്പോഴും മാനസികപ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാകാം. നിസാരകാര്യങ്ങൾ അതും വ്യക്തിപരമായത് പോലും ചെയ്യാൻ വയ്യെന്ന അവസ്ഥ നേരിടാം.
പരിഹാരങ്ങൾ...
ഇത്തരം ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ സ്വയം തന്നെ ഒന്ന് പുതുക്കാനുള്ള ശ്രമം നടത്തുക. ഒന്നിൽ നിന്നും ഉൾവലിയാതെ സജീവമായി നിൽക്കുക. വിനോദപരിപാടികൾ ഉപേക്ഷിക്കരുത്. തമാശകളാസ്വദിക്കാനും ചിരിക്കാനുമെല്ലാം ശ്രമിക്കാം. വ്യത്യസ്തമായ ഭക്ഷണം കഴിച്ചുനോക്കുക, ചെറിയ യാത്രകൾ പോവുക, ചെറിയ കാര്യങ്ങളിൽ പോലും സന്തോഷവും സ്മരണയും അനുഭവിക്കുക എന്നിവയെല്ലാം പരിശീലിക്കാവുന്നതാണ്.
Also Read:- ജോലിസ്ഥലത്തും 'ഹണിമൂണ്‍' ഘട്ടമുണ്ട്; അത് കഴിഞ്ഞാല്‍ പിന്നെ 'ഡാര്‍ക്' ആണ് കാര്യങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam