
വായ്നാറ്റമെന്നത് ഒരു ആരോഗ്യപ്രശ്നം എന്നതിലുപരി വ്യക്തികളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന ഒട്ടും നിസാരമല്ലാത്ത പ്രശ്നമാണ്. വായ്നാറ്റമുള്ളവരിൽ പലർക്കും ഇക്കാര്യം സ്വയം മനസിലാക്കാൻ സാധിക്കില്ല എന്നതും വലിയ പ്രശ്നമാണ്. അടുപ്പമുള്ളവർ ഇക്കാര്യം ഇവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
ശേഷം ഇതിന്‍റെ കാരണം കണ്ടെത്തി അതിന് വേണ്ട പരിഹാരം തേടാം. പല കാരണങ്ങൾകൊണ്ടും വായ്നാറ്റമുണ്ടാകാം. ചില സന്ദർഭങ്ങളിൽ ഇത് ഭക്ഷണത്തിലെ പ്രശ്നങ്ങൾ മൂലമാകാം, ചില സന്ദർഭങ്ങളിലാകട്ടെ ഇത് ആരോഗ്യപ്രശ്നങ്ങൾ മൂലവും വരാം.
വെളുത്തുള്ളി, ഉള്ളി പോലുള്ള ഭക്ഷണസാധനങ്ങൾ വായ്നാറ്റത്തിന് കാരണമാകാറുണ്ട്. സ്പൈസിയായ കറികൾ കഴിക്കുമ്പോഴും ചിലരിൽ ഏറെ നേരത്തേക്ക് വായ്നാറ്റമുണ്ടാകാം. എന്നാലിതെല്ലാം താൽക്കാലികമായി മാത്രമാണുണ്ടാവുക. ദഹനപ്രശ്നങ്ങൾ, കുടലിനെ ബാധിക്കുന്ന രോഗങ്ങൾ, മറ്റ് ഉദരരോഗങ്ങൾ, മോണരോഗങ്ങൾ എന്നിവ മൂലമെല്ലാം ഉണ്ടാകുന്ന വായ്നാറ്റം പക്ഷേ താൽക്കാലികമല്ല. വായ ശുചിയായി സൂക്ഷിച്ചില്ലെങ്കിലും വായ്മാറ്റം വരാം. ഇങ്ങനെ ഒരുപാട് കാരണങ്ങൾ വായ്നറ്റത്തിന് പിന്നിലുണ്ടാകാം.
ഇപ്പോൾ വായ്നാറ്റത്തിന് കാരണമാകുന്ന, അധികമാർക്കും അറിയാത്ത മൂന്ന് കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുമുണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ എല്ലാം അത്തരത്തിലുള്ള ഘടകങ്ങളാണ്. ഇവയിൽ ചിലതിന്‍റെ കുറവ് മൂലവും വായ്നാറ്റമുണ്ടാകാം. അങ്ങനെയുള്ള മൂന്ന് ഘടകങ്ങളുടെ കുറവിനെ കുറിച്ചാണ് പറയുന്നത്.
ഒന്ന്...
കീഴ്ത്താടിയും പല്ലുമെല്ലാം എല്ലിനാൽ ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ എല്ലുകൾക്കാണെങ്കിൽ വൈറ്റമിൻ-ഡി ആവശ്യമാണ്. ഇതിൽ കുറവ് വരുന്നപക്ഷം എല്ലിലോ പല്ലിലോ പൊട്ടൽ വരികയോ, പല്ല് കൊഴിഞ്ഞുപോവുകയോ എല്ലാം ചെയ്യാം. ഇതിനൊപ്പം തന്നെ വായ്നാറ്റവുമുണ്ടാക്കാം.
പ്രായം ഏറുന്നതിന് അനുസരിച്ച് വായ്നാറ്റമുണ്ടാകാനുള്ള സാധ്യതകളേറുന്നതിലെ ഒരു കാരണവും ഇതാണ്. അതിനാൽ ഭക്ഷണത്തിലൂടെ ആവശ്യത്തിന് വൈറ്റമിൻ-ഡി എപ്പോഴും ഉറപ്പുവരുത്തുക.
രണ്ട്...
വായ്ക്കകത്തെ കോശകലകളെ സംരക്ഷിക്കാൻ വൈറ്റമിൻ -സി ആവശ്യമാണ്. ഇതിന്‍റെ കുറവും വായ്നാറ്റത്തിന് കാരണമായി വരാം.
മൂന്ന്...
അയേൺ കുറവും വായ്നാറ്റത്തിന് കാരണമാകാം. അയേൺ കുറയുമ്പോൾ അത് നാക്കിൽ നീര്/ വീക്കം വരാനും ചെറിയ മുറിവുകൾ വരാനും കാരണമാകുന്നു. ഇത് പിന്നീട് വായ്നാറ്റത്തിനും കാരണമാകുന്നു.
Also Read:- പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam