പ്രസവശേഷം അമ്മയെയും കുട്ടിയെയും സൗജന്യമായി വീട്ടിലെത്തിക്കും; പദ്ധതി എല്ലാ ജില്ലകളിലും അടുത്ത മാസം മുതല്‍

Published : Aug 19, 2023, 03:04 PM ISTUpdated : Aug 22, 2023, 11:51 PM IST
പ്രസവശേഷം അമ്മയെയും കുട്ടിയെയും സൗജന്യമായി വീട്ടിലെത്തിക്കും; പദ്ധതി എല്ലാ ജില്ലകളിലും അടുത്ത മാസം മുതല്‍

Synopsis

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മാതൃയാനം പദ്ധതി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ തുടങ്ങി. അടുത്ത മാസത്തോടെ സംസ്ഥാനത്ത് പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി തുടങ്ങും.

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബര്‍ മാസത്തോടെ പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രസവം നടക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരവും, കണ്ണൂരും ഉടന്‍ യാഥാര്‍ത്ഥ്യമാകും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിയ്ക്കുന്ന മാതൃയാനം പദ്ധതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലും ആരംഭിക്കുന്നു. എസ്.എ.ടി.യില്‍ മാതൃയാനം പദ്ധതിയുടെ ട്രയല്‍ റണ്‍ ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി എസ്.എ.ടി ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്.

പ്രതിവര്‍ഷം പതിനായിരത്തോളം പ്രസവങ്ങളാണ് എസ്.എ.ടി. ആശുപത്രിയില്‍ നടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ എസ്.എ.ടി.യില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനേകായിരം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളില്‍ നിന്നും വിദഗ്ധ പ്രസവ ചികിത്സയ്ക്കായി എസ്.എ.ടി.യില്‍ എത്തുന്നുണ്ട്. വീട്ടിലേയ്ക്കുള്ള ദീര്‍ഘദൂര യാത്രയ്ക്ക് വളരെയധികം തുക ചെലവാകാറുണ്ട്. പലര്‍ക്കും ഇത് താങ്ങാനാവില്ല. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ എല്ലാവര്‍ക്കും ഏറെ സഹായകരമാകും.

Read also: കൈയിലെ റിസ്‌റ്റ്‌ ബാന്‍ഡുകള്‍ ബാക്ടീരിയകളുടെ കേന്ദ്രം; ഒളിഞ്ഞിരിക്കുന്നത് വലിയ രോഗങ്ങളെന്ന് പഠനം

സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകള്‍ സ്ഥാപിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 177.5 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദിവാസി മേഖലയില്‍ 15 കോടി രൂപ ചെലവില്‍ ഒരു ആശുപത്രിയും 10.5 കോടി ചിലവില്‍ രണ്ട് ആശുപത്രികളും ഉള്‍പ്പെടെ നാല് പുതിയ ആയുഷ് സംയോജിത ആശുപത്രികള്‍ സജ്ജമാക്കും. വര്‍ക്കല പ്രകൃതി ചികിത്സാ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 15 കോടി രൂപ അനുവദിച്ചു. 87 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകളും എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകളും സ്ഥാപിക്കും. 17 ആയുര്‍വേദ ആശുപത്രികളെ മെഡിക്കല്‍ ടൂറിസം പദ്ധതിക്കായി സജ്ജമാക്കും. 50 ആയുര്‍വേദ, ഹോമിയോപ്പതി ആശുപത്രികളെ എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും എല്ലാ ചികിത്സാ കേന്ദ്രങ്ങള്‍ക്കും പുതിയ പദ്ധതിയിലൂടെ ഗുണഫലങ്ങള്‍ ഉണ്ടാകും. സ്‌പോര്‍ട്‌സ് ആയുര്‍വേദ പദ്ധതി, ദിന പഞ്ചകര്‍മ പദ്ധതി, വിളര്‍ച്ചാ നിവാരണത്തിനായുള്ള അരുണിമ പദ്ധതി എന്നിവ ഉള്‍പ്പെടെ ഒട്ടനേകം പൊതുനാരോഗ്യ പരിപാടികള്‍ വലിയതോതില്‍ വിപുലീകരിക്കും. ഹോമിയോപ്പതിയിലൂടെ പ്രീ ഡയബറ്റീസ് പ്രതിരോധത്തിനായുള്ള പ്രത്യേക പദ്ധതി, സിദ്ധ, യുനാനി തെറാപ്പി കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കും. ആയുഷ് മേഖലക്ക് പ്രത്യേക എഞ്ചിനീയറിംഗ് വിഭാഗം, നൂതനമായ എല്‍.എം.എസ്. (Learning Management System) എന്നിവ സജ്ജമാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പഴത്തൊലി ഇനി മുതൽ കളയരുതേ, ചർമ്മവും മുടിയും അടിപൊളിയാക്കാം
കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട അഞ്ച് പഴങ്ങൾ