കയ്യില്‍ കെട്ടുന്ന ഇത്തരം റിസ്റ്റ്‌ ബാന്‍ഡുകള്‍ ഇ.കോളി, സ്‌റ്റഫലോകോക്കസ്‌ ഉള്‍പ്പെടെയുള്ള ബാക്ടീരിയകളുടെ കേന്ദ്രമാണെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. 

സാങ്കേതികവിദ്യ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സ്‌മാര്‍ട്ട്‌ വാച്ച്, ഫിറ്റ്‌നസ്‌ ട്രാക്കര്‍ തുടങ്ങിയ കൈയില്‍ കെട്ടാത്തവര്‍ ചുരുക്കമായിരിക്കും. സ്റ്റൈലിന്‍റെ ഭാഗമായി റിസ്‌റ്റ്‌ ബാന്‍ഡോ എങ്കിലും കെട്ടാത്തവര്‍ ഇന്നുണ്ടോ? എന്നാല്‍ കയ്യില്‍ കെട്ടുന്ന ഇത്തരം റിസ്റ്റ്‌ ബാന്‍ഡുകള്‍ ഇ.കോളി, സ്‌റ്റഫലോകോക്കസ്‌ ഉള്‍പ്പെടെയുള്ള ബാക്ടീരിയകളുടെ കേന്ദ്രമാണെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. 

ഫ്‌ളോറിഡ അറ്റ്‌ലാന്റിക്‌ യൂണിവേഴ്‌സിറ്റിയിലെ ചാള്‍സ്‌ ഇ ഷ്‌മിഡിറ്റ്‌ കോളജ്‌ ഓഫ്‌ സയന്‍സിലെ ഗവേഷകരാണ്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയത്‌. പല തരം റിസ്റ്റ്‌ ബാന്‍ഡുകള്‍ ധരിക്കുന്ന വ്യക്തികളുടെ കൈയില്‍ നിന്ന്‌ സാംപിളുകള്‍ എടുത്ത്‌ പരിശോധിച്ചാണ്‌ പഠനം നടത്തിയത്‌. സാധാരണയായി മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലുകളില്‍ കാണപ്പെടുന്ന ഇ.കോളി ബാക്ടീരിയ ഭക്ഷ്യവിഷബാധയും മൂത്രനാളിയിലെ അണുബാധയും ഉണ്ടാക്കുന്നവയാണ്‌. ചികിത്സിക്കാതെ വിട്ടാല്‍ ചര്‍മ്മ രോഗങ്ങളിലേക്കും ന്യുമോണിയയിലേക്കും വരെ നയിക്കാവുന്ന ബാക്ടീരിയയാണ്‌ സ്‌റ്റഫലോകോക്കസ്‌. 

കയ്യില്‍ റിസ്‌റ്റ്‌ ബാന്‍ഡുകള്‍ കെട്ടുമ്പോള്‍ ഇവ സ്വാഭാവികമായും ചര്‍മ്മവുമായി നേരിട്ട്‌ തൊട്ടിരിക്കുന്നതും ഇവിടെ ഈര്‍പ്പവും ചൂടും ഉണ്ടായിരിക്കുന്നതും ബാക്ടീരിയയുടെ വളര്‍ച്ചയ്‌ക്കുള്ള സാധ്യത ഒരുക്കുന്നു. റിസ്‌റ്റ്‌ ബാന്‍ഡിന്‌ കീഴില്‍ വിയര്‍പ്പ്‌ അടിയുന്നത് മൂലം വിയര്‍പ്പിലെ ഉപ്പും പോഷണങ്ങളും ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലാപ്‌ടോപ്പുകളും സ്‌മാര്‍ട്ട്‌ഫോണുകളും പോലെ സ്‌മാര്‍ട്ട്‌ വാച്ചുകളും ഫിറ്റ്‌നസ്‌ ട്രാക്കറുകളുമൊന്നും നാം വൃത്തിയാക്കാറില്ല എന്നതും ബാക്ടീരിയയുടെ വളര്‍ച്ചയ്‌ക്ക്‌ കാരണമാകും. ചര്‍മ്മ പ്രശ്‌നങ്ങള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാകമെന്നതിനാല്‍ റിസ്‌റ്റ്‌ ബാന്‍ഡുകള്‍ ധരിക്കുന്നവര്‍ ഇവ ഇടയ്‌ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം എന്നും പഠനം പറയുന്നു. ദീര്‍ഘനേരം റി‌സ്റ്റ്‌ ബാന്‍ഡുകള്‍ ഉപയോഗിക്കുന്ന പ്രവണതയും ഒഴിവാക്കണം. വായുസഞ്ചാരമുള്ള സാമഗ്രികള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച റിസ്‌റ്റ്‌ ബാന്‍ഡുകള്‍ ധരിക്കാനും ശ്രദ്ധിക്കണമെന്നാണ് പഠനം പറയുന്നത്. അതുപോലെ സ്‌മാര്‍ട്ട്‌ വാച്ച്, ഫിറ്റ്‌നസ്‌ ട്രാക്കര്‍ തുടങ്ങിയവയും ഇടയ്ക്കിടെ കഴുകണം. 

Also Read: ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാല്‍ എന്തുസംഭവിക്കും? ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

youtubevideo