
കുട്ടികള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും മാതാപിതാക്കള്‍ അറിയണമെന്നില്ല. പ്രത്യേകിച്ച് കാര്യങ്ങള്‍ മനസിലാക്കാൻ മാത്രം പ്രായമാകാത്ത കുട്ടികളാണെങ്കില്‍ അവര്‍ക്ക് തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മാതാപിതാക്കളോടോ മറ്റുള്ളവരോടോ കൃത്യമായി പറയാനോ അറിയിക്കാനോ കഴിയണമെന്നുമില്ല.
എങ്കിലും നിരന്തരം കുട്ടികള്‍ പറയുന്ന ആരോഗ്യപ്രശ്നങ്ങള്‍ മാതാപിതാക്കള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കണം. അത്തരത്തില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടൊരു പ്രശ്നമാണ് തലവേദന. കുട്ടികളില്‍ ഇടവിട്ട് തലവേദന വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് ശ്രദ്ധിക്കണം. പ്രത്യേകിച്ച് നാല് മുതല്‍ ഒമ്പത് വയസ് വരെ പ്രായം വരുന്ന കുട്ടികളില്‍.
ഇങ്ങനെ കൂടെക്കൂടെ തലവേദന വരുന്നത് പീഡിയാട്രിക് ബ്രെയിൻ ട്യൂമര്‍ ലക്ഷണമാകാം. പീഡിയാട്രിക് ബ്രെയിൻ ട്യൂമറെന്നാല്‍ കുട്ടികളുടെ തലച്ചോറിലുണ്ടാകുന്ന ട്യൂമര്‍. ഇത് തലച്ചോറില്‍ ഏത് ഭാഗത്തെ വരെ ബാധിക്കുന്നതും ആകാം.
പ്രധാനമായും ജനിതകമായ കാരണങ്ങളാണ് കുട്ടികളെ ബാധിക്കുന്ന ബ്രെയിൻ ട്യൂമറിന് കാരണമാകുന്നത്. പാരമ്പര്യമായ സാധ്യതയുള്ളതിനാലാണ് പലപ്പോഴും ഒരേ കുടുംബത്തില്‍ തന്നെ പല കുട്ടികളിലും ബ്രെയിൻ ട്യൂമര്‍ കാണപ്പെടുന്നത്.
ലക്ഷണങ്ങള്‍...
കുട്ടികളിലെ ബ്രെയിൻ ട്യൂമറിന്‍റെ ലക്ഷണങ്ങള്‍ വ്യത്യസ്തമായി വരാറുണ്ട്. ട്യൂമര്‍ ഏത് ഭാഗത്താണുള്ളത്, എത്ര വലുപ്പമുണ്ട്, എത്രത്തോളം തീവ്രമായി എന്നതിനെയെല്ലാം ആശ്രയിച്ചാണ് ലക്ഷണങ്ങള്‍ വരുന്നത്. ചില ലക്ഷണങ്ങളെല്ലാം പെട്ടെന്ന് കണ്ടെത്താനും ശ്രദ്ധയില്‍ പെടാനും ബുദ്ധിമുട്ടുള്ളതാണ്.
എങ്കിലും ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് തലവേദന. ആദ്യം വല്ലപ്പോഴും വരുന്ന തലവേദന പിന്നെ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും. അതിന്‍റെ തീവ്രതയും കൂടിവരും. ഒപ്പം തന്നെ ക്ഷീണം, ഓക്കാനം, തലയില്‍ സമ്മര്‍ദ്ദം, കാഴ്ചാപ്രശ്നം എന്നിവയെല്ലാം വരാം. കാഴ്ചാപ്രശ്നം പ്രധാനമായും ഒരു വസ്തുവിനെ തന്നെ രണ്ടായി കാണും പോലുള്ള പ്രശ്നമാണ് വരിക.
ഇടയ്ക്ക് വിറയല്‍, കണ്ണുകളുടെ അസാധാരണമായ ചലനങ്ങള്‍, സംസാരത്തില്‍ അവ്യക്തത, വിശപ്പില്ലായ്മ, നടക്കാൻ ബുദ്ധിമുട്ട്, മുഖം ഒരു വശത്തേക്ക് തൂങ്ങുക എന്നീ പ്രശ്നങ്ങളും കുട്ടികളിലെ ബ്രെയിൻ ട്യൂമര്‍ ലക്ഷണങ്ങളായി വരാറുണ്ട്.
ചികിത്സ...
ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഡോക്ടറെ സമീപിച്ചാല്‍ ന്യൂറോളജിക്കല്‍ പരിശോധന, ഇമേജിംഗ് ടെസ്റ്റ്, എംആര്‍ഐ, ബയോപ്സി എന്നിങ്ങനെ പല രീതികളില്‍ പരിശോധന നടക്കും. സര്‍ജറിയാണ് ബ്രെയിൻ ട്യൂമറിന്‍റെ ചികിത്സയുടെ ആദ്യം തന്നെ നിര്‍ദേശിക്കപ്പെടുക. നമ്മുടെ തലച്ചോറിന്‍റെ മറ്റ് പ്രവര്‍ത്തനങ്ങളെയൊന്നും ബാധിക്കാതെ ട്യൂമറെടുത്ത് കളയുകയെന്നതാണ് ലക്ഷ്യം.
സര്‍ജറിക്ക് ശേഷം ചെറിയ പ്രശ്നങ്ങള്‍ കണ്ടാല്‍ പോലും പിന്നീടത് ശരിയായി വരികയാണ് മിക്ക കേസുകളിലും കാണാറ്. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ഡോക്ടറെ കാണിക്കാൻ വൈകാതിരുന്നാല്‍ അത്രയും രോഗമുക്തിക്ക് സാധ്യത കൂടുതലാണ്.
Also Read:- ഇടയ്ക്കിടെ വയറുവേദനയോ? കാരണങ്ങള്‍ ഇവയാകാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam