Latest Videos

Skin Care : മുഖത്ത് ചെറുനാരങ്ങ തേക്കുന്നത് അപകടമാണോ? മുഖത്ത് ഇടാൻ പാടില്ലാത്ത 5 സാധനങ്ങള്‍

By Web TeamFirst Published Aug 24, 2022, 7:08 PM IST
Highlights

സ്കിൻ കെയര്‍ കാര്യങ്ങള്‍ ചെയ്യും മുമ്പ് തീര്‍ച്ചയായും ഇത് ആരോഗ്യകരമാണോ അല്ലെങ്കില്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അത്തരത്തില്‍ മുഖത്ത് അപ്ലൈ ചെയ്യാൻ പാടില്ലാത്ത അഞ്ച് സാധനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് സ്കിൻ കെയറിനെ കുറിച്ച് മിക്കവരും കൂടുതല്‍ ശ്രദ്ധ ചെലുത്താറുണ്ട്. പ്രത്യേകിച്ച് മുഖചര്‍മ്മത്തിന്‍റെ കാര്യത്തില്‍. സ്ത്രീകളും പുരുഷന്മാരുമെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെ തല്‍പരരാണ്. നമ്മള്‍ യൂട്യൂബോ സോഷ്യല്‍ മീഡിയയോ നോക്കിയാല്‍ തന്നെ ഇങ്ങനെ മുഖചര്‍മ്മം മനോഹരമാക്കാനും തിളക്കമുള്ളതാക്കാനും വേണ്ട ടിപ്സ് കൊണ്ട് അതിപ്രസരമാണെന്ന് തന്നെ പറയാം. 

ഇവയില്‍ പലതും പക്ഷേ ശാസ്ത്രീയമായി ചെയ്യാവുന്ന കാര്യങ്ങളല്ല എന്നതാണ് പ്രധാനം. പലതും പരീക്ഷിച്ചുനോക്കുന്നത് പോലും അപകടമായിരിക്കും. അതിനാല്‍ തന്നെ സ്കിൻ കെയര്‍ കാര്യങ്ങള്‍ ചെയ്യും മുമ്പ് തീര്‍ച്ചയായും ഇത് ആരോഗ്യകരമാണോ അല്ലെങ്കില്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അത്തരത്തില്‍ മുഖത്ത് അപ്ലൈ ചെയ്യാൻ പാടില്ലാത്ത അഞ്ച് സാധനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

മുഖം ഒരിക്കലും ചൂടുവെള്ളം കൊണ്ട് കഴുകരുത്. ചൂടുവെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖത്തെ ജലാംശം വറ്റുന്നതിലേക്കാണ് നയിക്കുന്നത്. മുഖചര്‍മ്മം കൂടുടല് ഡ്രൈ ആകാനേ ഇതുപകരിക്കൂ. അതേസമയം മുഖത്ത് ആവി കൊള്ളുന്നത് വളരെ നല്ലതാണ്. 

രണ്ട്...

ചെറുനാരങ്ങ നീര് പലപ്പോഴും മുഖചര്‍മ്മം ഭംഗിയാക്കാനും വൃത്തിയാക്കാനുമെല്ലാം തേക്കുന്ന പാക്കുകളിലും സ്ക്രബ്ബുകളിലും ചേര്‍ക്കുന്നത് കാണാറില്ലേ? എന്നാല്‍ ഒരിക്കലും നാരങ്ങ മാത്രമായോ നാരങ്ങാനീരോ നാരങ്ങ ചേര്‍ത്ത വെള്ളമോ മുഖത്ത് ഇടരുത്. പാക്കോ, സ്ക്രബോ ആണെങ്കില്‍ പോലും അത് വളരെ പരിമിതമായ സമയമേ മുഖത്ത് വയ്ക്കാൻ പാടുള്ളൂ. കഴിവതും മുഖത്ത് ചെറുനാരങ്ങനീര് ഉപയോഗിക്കേണ്ട. ഇത് ചിലരുടെ ചര്‍മ്മത്തിന് ദോഷമായേ വരൂ. ചര്‍മ്മത്തില്‍ അസ്വസ്ഥതയുണ്ടാക്കാൻ ചെറുനാരങ്ങക്ക് കഴിയും. കാരണം ഇതിലുള്ള ആസിഡ് അംശം മൃദുലമായ ചര്‍മ്മത്തെ ബാധിക്കുന്നതാണ്. 

മൂന്ന്...

സ്കിൻ കെയറിലും ആരോഗ്യപരിപാലനത്തിലുമെല്ലാം പറഞ്ഞുകേള്‍ക്കാറുള്ളൊരു ചേരുവയാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. ഇതും മുഖത്ത് തേക്കരുത്. ഇതിലുമുള്ള ആസിഡ് അംശം മുഖചര്‍മ്മത്തില്‍ അസ്വസ്ഥതയുണ്ടാക്കും. ചിലരില്‍ പൊള്ളല്‍, പാട്, ചെറിയ കുരുക്കള്‍, കറുപ്പ് നിറം എന്നിവയും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉണ്ടാക്കും. 

നാല്...

ബേക്കിംഗ് സോഡയും ആരോഗ്യപരിപാലനത്തിന് പല രീതിയില്‍ ഉപയോഗിക്കാം. എന്നാല്‍ മുഖത്ത് ഇത് അപ്ലൈ ചെയ്യേണ്ട. ഇത് ചര്‍മ്മത്തില്‍ അസ്വസ്ഥതയുണ്ടാക്കുകയും പിന്നീട് നിറംമാറ്റത്തിന് കാരണമാവുകയും ചെയ്യും. 

അഞ്ച്...

ചിലര്‍ പൊള്ളലേറ്റാല്‍ അവിടെ ടൂത്ത് പേസ്റ്റ് തേക്കാറുണ്ട്. എന്നാല്‍ ഒരു കാരണവശാലും മുഖത്ത് ടൂത്ത് പേസ്റ്റ് തേക്കരുത്. ടൂത്ത് പേസ്റ്റിലടങ്ങിയിരിക്കുന്ന 'ട്രൈക്ലോസൻ' അടക്കമുള്ള പദാര്‍ത്ഥങ്ങള്‍ ചര്‍മ്മത്തില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചില സന്ദര്‍ഭങ്ങളില്‍ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യാം. ഇത് നിറം മാറ്റം, പൊള്ളല്‍ എന്നിവയും ഉണ്ടാക്കാം. പൊള്ളലേറ്റാല്‍ അവിടെ പേസ്റ്റ് തേക്കുന്നതും നല്ലതല്ല. പൊള്ളലേറ്റാല്‍ തണുത്ത വെള്ളം പ്രയോഗിക്കാം. ഇതിന് ശേഷം ഓയിൻമെന്‍റും തേക്കാം. അതില്‍ കൂടുതലുള്ള പൊടിക്കൈകള്‍ അപകടമാണ്. 

Also Read:- യുവതിയുടെ മുഖത്തിന്‍റെ നിറം മാറി, സ്കിൻ പ്ലാസ്റ്റിക് പോലെയായി; കാരണം എന്തെന്നറിയുമോ?

click me!