ഇടയ്ക്കിടെ മൂത്രശങ്ക; ഈ അസുഖങ്ങളുടെ ലക്ഷണമാകാം...

Web Desk   | others
Published : Oct 09, 2021, 06:06 PM IST
ഇടയ്ക്കിടെ മൂത്രശങ്ക; ഈ അസുഖങ്ങളുടെ ലക്ഷണമാകാം...

Synopsis

എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഇടവിട്ട് മൂത്രശങ്കയുണ്ടാകുന്നത്? അത് കാലാവസ്ഥയുടെ പ്രശ്‌നം മാത്രമായി കണക്കാക്കാന്‍ സാധിക്കുമോ? തീര്‍ച്ചയായും ഇക്കാര്യം പരിശോധനാവിധേയമാക്കേണ്ടതാണ്  

ഇടയ്ക്കിടെ മൂത്രശങ്ക ( Frequent Urge to Urinate ) തോന്നുന്നത് പലപ്പോഴും കാര്യമായ ശല്യവും മാനസികമായ ബുദ്ധിമുട്ടും സൃഷ്ടിച്ചേക്കാം. ജോലിസ്ഥലങ്ങളിലോ, യാത്രകളിലോ, പരീക്ഷയിലോ എല്ലാമാണെങ്കില്‍ ഈ പ്രശ്‌നം വലിയ തോതിലുള്ള സമ്മര്‍ദ്ദത്തിന് ( Mental Stress) തന്നെയാണ് ഇടയാക്കുക. 

എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഇടവിട്ട് മൂത്രശങ്കയുണ്ടാകുന്നത്? അത് കാലാവസ്ഥയുടെ പ്രശ്‌നം മാത്രമായി കണക്കാക്കാന്‍ സാധിക്കുമോ? 

തീര്‍ച്ചയായും ഇക്കാര്യം പരിശോധനാവിധേയമാക്കേണ്ടതാണ്. പല ആരോഗ്യപ്രശ്‌നങ്ങളുടെയും അസുഖങ്ങളുടെയും ലക്ഷണമായി ഇടവിട്ടുള്ള മൂത്രശങ്ക വരാം. അത്തരത്തിലുള്ള ചില അസുഖങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

'യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍' അഥവാ അണുബാധയുടെ ലക്ഷണമായി ഇങ്ങനെ സംഭവിക്കാം. വൃക്കകള്‍, മൂത്രാശയം, മൂത്രനാളി എന്നിങ്ങനെ ഏത് അവയവത്തെയെങ്കിലും ബാധിക്കുന്ന അണുബാധയുടെ സൂചനയായി ഇടവിട്ട് മൂത്രശങ്ക തോന്നാം. മൂത്രമൊഴിക്കുമ്പോള്‍ വേദന, എരിച്ചില്‍ എന്നിവയും അടിവയര്‍ വേദനയും അനുഭവപ്പെടുന്നതും അണുബാധയുടെ ലക്ഷണങ്ങളാണ്. 

രണ്ട്... 

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളുടെ ലക്ഷണമായും ഇടവിട്ട് മൂത്രശങ്കയുണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില ഉയരുമ്പോള്‍ അത് പുറന്തള്ളാന്‍ വൃക്ക ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നത്. 

 


ദാഹവും വിശപ്പും വര്‍ധിപ്പിക്കാനും എന്നാല്‍ വണ്ണം കുറയാനും ക്ഷീണം അനുഭവപ്പെടാനും മാനസികാവസ്ഥ പെട്ടെന്ന് മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയുണ്ടാകാനുമെല്ലാം ഇത് ഇടയാക്കുന്നു. 

മൂന്ന്...

തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന 'ഹൈപ്പര്‍ തൈറോയിഡിസം' എന്ന അവസ്ഥയുടെ ഭാഗമായും ഇടവിട്ട് മൂത്രശങ്ക അനുഭവപ്പെടാം. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. അങ്ങനെയാണ് കൂടെക്കൂടെ മൂത്രം പുറത്തുപോകുന്ന അവസ്ഥയുണ്ടാകുന്നത്. 

നാല്...

പുരുഷന്മാരിലാണെങ്കില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുടെ ഭാഗമായും ഇടവിട്ട് മൂത്രശങ്കയുണ്ടാകാം. പ്രത്യേകിച്ച് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ഗൗരവതരമായ അവസ്ഥയാണെങ്കില്‍ ഇത് സമയത്തിന് കണ്ടെത്തപ്പെടുകയും ചികിത്സിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. 

അഞ്ച്...

പക്ഷാഘാതം വന്നവരില്‍ മൂത്രാശയത്തിന്റെ പ്രവര്‍ത്തനത്തിന് മുകളില്‍ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. അങ്ങനെ വരുമ്പോള്‍ അനിയന്ത്രിതമായി മൂത്രം പോകുന്ന സാഹചര്യമുണ്ടാകാം. 

ആറ്...

മൂത്രാശയത്തിലോ വൃക്കയിലോ കല്ലുകളുണ്ടെങ്കിലും കൂടെക്കൂടെ മൂത്രാശങ്കയുണ്ടാകാം. 

 

 

അസഹനീയമായ വേദനയും ഇതിനൊപ്പം അനുഭവപ്പെടാം. 

ഏഴ്...

ഉത്കണ്ഠയുള്ളവരിലും ഇടവിട്ട് മൂത്രശങ്കയുണ്ടാകാറുണ്ട്. ഉത്കണ്ഠ പേശികളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നുണ്ട്. അങ്ങനെ മൂത്രാശയ പേശികളില്‍ വരുന്ന വ്യതിയാനം മൂലമാണ് ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുന്നത്. 

എന്തായാലും ഈ പ്രശ്‌നം പതിവായി നേരിടുന്നുവെങ്കില്‍ തീര്‍ച്ചയായും വൈകിക്കാതെ ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങളും പരിശോധനകളും തേടേണ്ടതുണ്ട്. യഥാര്‍ത്ഥ കാരണം ഏതെന്ന് കണ്ടെത്തിയ ശേഷം വേണ്ട ചികിത്സയും എടുക്കുക.

Also Read:- യൂറിനറി ഇൻഫെക്ഷൻ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?