സാനിറ്റൈസര്‍ കുടിച്ച് അന്നനാളം പൊള്ളിനശിച്ചു; സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് വിധേയരായി

By Web TeamFirst Published Oct 9, 2021, 1:46 PM IST
Highlights

ശ്വാസതടസം, ശബ്ദം പുറത്തുവരാതിരിക്കുന്ന അവസ്ഥ, വായിലും തൊണ്ടയിലും അസഹനീയമായ വേദന, ഉമിനീര്‍ പുറത്തേക്ക് ഒലിച്ചുകൊണ്ടിരിക്കുക, ഛര്‍ദ്ദി, വയറുവേദന എന്നിവയെല്ലാം ഇത്തരം സന്ദര്‍ഭങ്ങളില്‍ ലക്ഷണമായി വരാമത്രേ. എന്തായാലും ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധയുണ്ടാകണമെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നത്

സാനിറ്റൈസര്‍ ( Hand sanitiser ) കുടിച്ച് അന്നനാളം പൊള്ളി നശിച്ച രണ്ട് പേര്‍ക്ക് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. കര്‍ണാടക സ്വദേശിയായ 24കാരനും കശ്മീര്‍ സ്വദേശിയായ ഇരുപതുകാരിയുമാണ് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് അന്നനാളം ( Oesophagus ) തകര്‍ന്ന് മാസങ്ങളോളം വേദനയോട് മല്ലിട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. 

ഇരുവരും സ്വന്തം നാട്ടിലെ ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് കര്‍ണാടക സ്വദേശി അബദ്ധത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എടുത്ത് കുടിക്കുന്നത്. തുടര്‍ന്ന് അന്നനാളം പൊള്ളി നശിച്ചതോടെ വെള്ളം പോലും ഇറക്കാന്‍ കഴിയാത്ത സാഹചര്യമായി. കുടലിലേക്ക് ബന്ധപ്പെടുത്തി ഒരു പൈപ്പ് ഇട്ട ശേഷം അതിലൂടെ പാല്‍ മാത്രം നല്‍കിയാണ് ഡോക്ടര്‍മാര്‍ യുവാവിന്റെ ജീവന്‍ പിടിച്ചുനിര്‍ത്തിയിരുന്നത്. 

കശ്മീര്‍ സ്വദേശിനിയും അബദ്ധത്തില്‍ തന്നെയാണ് സാനിറ്റൈസര്‍ കുടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഉമിനീര്‍ ഇറക്കാന്‍ പോലുമാകാത്ത സാഹചര്യമായിരുന്നു. തുടര്‍ന്ന് മാസങ്ങളോളം ആശുപത്രിയില്‍ അതേ കിടപ്പിലായിരുന്നു. ശരീരഭാരം കുത്തനെ കുറയുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തിരുന്നു. 

ഇരുവരും ദിവസങ്ങള്‍ക്ക് മുമ്പാണ് ദില്ലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. ഇവിടെ വച്ചാണിപ്പോള്‍ അന്നനാളം പുതുക്കിയുണ്ടാക്കുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് ഇരുവരും വിധേയരായിരിക്കുന്നത്. 

 


യുവാവിന്റെ അന്നനാളം മാത്രമല്ല, കുടലിന്റെയും ആമാശയത്തിന്റെയും ചെറിയ ഭാഗങ്ങള്‍ കൂടി പൊള്ളി നശിച്ചിരുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. ചെറുകുടലിന്റെയും വന്‍കുടലിന്റെയും ഓരോ ഭാഗമെടുത്താണ് യുവാവിന് പുതിയ അന്നനാളമുണ്ടാക്കിയിരിക്കുന്നതത്രേ. അഞ്ച് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഇപ്പോള്‍ ഇദ്ദേഹം നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു. 

ഇതേ സംഘം തന്നെയാണ് കശ്മീര്‍ സ്വദേശിനിയുടെ ശസ്ത്രക്രിയയും നടത്തിയിരിക്കുന്നത്. തൊണ്ടയും അന്നനാളവുമെല്ലാം പൊള്ളിനശിച്ച യുവതിയുടെ ശസ്ത്രക്രിയയ്ക്ക് ആറ് മണിക്കൂറിലധികം സമയമാണ് എടുത്തത്. ആമാശയത്തിന്റെയും കുടലിന്റെയും ഭാഗമെടുത്താണ് ഇവര്‍ക്ക് പുതിയ അന്നനാളമുണ്ടാക്കിയിരിക്കുന്നത്. 

അബദ്ധവശാലോ അല്ലാതെയോ സാനിറ്റൈസര്‍ പോലുള്ള ദ്രാവകങ്ങള്‍ അകത്തുചെന്നാല്‍ തൊണ്ട, അന്നനാളം, കുടല്‍, ആമാശയം പോലുള്ള അവയവങ്ങളെല്ലാം തന്നെ പൊള്ളിനശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും ചെല സന്ദര്‍ഭങ്ങളില്‍ രോഗിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കണമെന്നില്ലെന്നും ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അറിയിക്കുന്നു. 

 


ശ്വാസതടസം, ശബ്ദം പുറത്തുവരാതിരിക്കുന്ന അവസ്ഥ, വായിലും തൊണ്ടയിലും അസഹനീയമായ വേദന, ഉമിനീര്‍ പുറത്തേക്ക് ഒലിച്ചുകൊണ്ടിരിക്കുക, ഛര്‍ദ്ദി, വയറുവേദന എന്നിവയെല്ലാം ഇത്തരം സന്ദര്‍ഭങ്ങളില്‍ ലക്ഷണമായി വരാമത്രേ. എന്തായാലും ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധയുണ്ടാകണമെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നത്. 

നേരത്തേ രാജ്യത്ത് പലയിടങ്ങളിലും സാനിറ്റൈസര്‍ കുടിച്ച് മരണം സംഭവിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കൊവിഡ് കാലത്ത് സുരക്ഷിതമായി ജീവന്‍ കാത്തുവയ്ക്കാന്‍ വേണ്ടിയാണ് സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത്. അവയെ കൈകാര്യം ചെയ്യുമ്പോഴും ഈ ജാഗ്രത പുലര്‍ത്തുക.

Also Read:- മദ്യത്തിന് പകരം ആല്‍ക്കഹോളടങ്ങിയ ഹോമിയോ മരുന്ന് അമിതമായി കഴിച്ചു; ഏഴ് മരണം

click me!