മുടിയുടെ അഴകിനും ആരോഗ്യത്തിനും വെളുത്തുള്ളി...

By Web TeamFirst Published Sep 22, 2019, 10:59 PM IST
Highlights

മുടിയുടെ അഴകിനും ആരോഗ്യത്തിനുമായി വെളുത്തുള്ളിക്ക് പലതും ചെയ്യാനാകും. മുടി കൊഴിച്ചിലുള്ളവര്‍ക്കാണെങ്കില്‍ പ്രത്യേകിച്ചും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'മൈക്രോബിയല്‍' പദാര്‍ത്ഥങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാക്കുന്ന ബാക്ടീരിയ പോലുള്ള ചെറുകീടങ്ങളെ നശിപ്പിക്കും

വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, എണ്ണമറ്റതാണെന്ന് തന്നെ പറയേണ്ടി വരും. ഉദരസംബന്ധമായ രോഗങ്ങള്‍, പ്രമേഹം- എന്നുതുടങ്ങി സൗന്ദര്യ സംരക്ഷണത്തിന് വരെ ഉപകരിക്കുന്ന ഒന്നാണ് വെളുത്തുള്ളി. സൗന്ദര്യസംരക്ഷണം എന്നുപറയുമ്പോള്‍ മുടിയുടെ കാര്യം തന്നെയാണ് പ്രധാനം. 

മുടിയുടെ അഴകിനും ആരോഗ്യത്തിനുമായി വെളുത്തുള്ളിക്ക് പലതും ചെയ്യാനാകും. മുടി കൊഴിച്ചിലുള്ളവര്‍ക്കാണെങ്കില്‍ പ്രത്യേകിച്ചും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'മൈക്രോബിയല്‍' പദാര്‍ത്ഥങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാക്കുന്ന ബാക്ടീരിയ പോലുള്ള ചെറുകീടങ്ങളെ നശിപ്പിക്കും. അതുപോലെ മുടി തഴച്ചുവളരാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍- സി. വെളുത്തിയില്‍ ഇത് ധാരാളമായി അടങ്ങിയിട്ടുണ്ട്. നല്ല തോതില്‍ മുടി വളരാന്‍ നല്ലരീതിയിലുള്ള രക്തയോട്ടം വേണം. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന സെലീനിയം എന്ന പദാര്‍ത്ഥം ഇതിന് സഹായിക്കും. 

ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടും വെളുത്തുള്ളി മുടിയുടെ അഴകിനും ആരോഗ്യത്തിനും വളരെയധികം ഉപകാരപ്രദമാണെന്ന് മനസിലാക്കിയല്ലോ. ഇനി എങ്ങനെയെല്ലാമാണ് വെളുത്തുള്ളി മുടിയില്‍ പ്രയോഗിക്കേണ്ടത് എന്നതിന് ചില ഉദാഹരണങ്ങള്‍ നോക്കാം. 

വെളുത്തുള്ളി ചതച്ചതും തേനും നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. മുപ്പത് മിനുറ്റ് കഴിഞ്ഞാല്‍ വെള്ളമുപയോഗിച്ച് കഴുകിക്കളയാം. അതുപോലെ തേനിന് പകരം ഇളം ചൂടുള്ള (അധികം ചൂടാക്കരുത്) വെളിച്ചണ്ണയും ആകാം. ഒരിക്കലും വെളുത്തുള്ളി നേരിട്ട് അരച്ച് തേക്കരുത്. കാരണം, വെളുത്തുള്ളി വളരെ ശക്തിയുള്ളതിനാല്‍ അത് താങ്ങാന്‍ നമ്മുടെ തലയോട്ടിക്കോ മുടിക്കോ കഴിയണമെന്നില്ല. അതിനാല്‍ തേനോ വെളിച്ചെണ്ണയോ ഒക്കെ ചേര്‍ത്തുതന്നെ വെളുത്തുള്ളി ഉപയോഗിക്കാം. 

ഗാര്‍ലിക് ഓയില്‍ തലയില്‍ ഉപയോഗിക്കുന്നതും ഉത്തമമാണ്. ഇത് ഒന്നുകില്‍ വിപണിയില്‍ നിന്ന് വാങ്ങിക്കാം. അല്ലെങ്കില്‍ വീട്ടിലുണ്ടാക്കാവുന്നതുമാണ്. വെളിച്ചെണ്ണയിലോ ഒലിവ് ഓയിലിലോ വെളുത്തുള്ളി ചെറുതായി അരിഞ്ഞോ ചതച്ചോ ചേര്‍ക്കുക. ഇനിയിത് ചില്ലിന്റെ അടച്ചുറപ്പുള്ള കുപ്പിയിലോ കണ്ടെയ്‌നറിലേ മാറ്റിവയ്ക്കുക. അധികം നനവോ ചൂടോ എത്താത്ത, ഉണങ്ങിയ സ്ഥലത്ത് ഇത് ഒരാഴ്ച സൂക്ഷിക്കുക. ഇതിന് ശേഷം ഓയില്‍ ഉപയോഗിക്കാവുന്നതാണ്.

click me!