എങ്ങനെയാണ് 'സീരിയല്‍ കില്ലര്‍' രൂപപ്പെടുന്നത്? അത് സ്ത്രീ ആയാലോ?

By Web TeamFirst Published Oct 6, 2019, 10:03 PM IST
Highlights

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് കൂടത്തായിയിലെ കൂട്ടക്കൊലപാതകങ്ങള്‍. 14 വര്‍ഷങ്ങള്‍ കൊണ്ട് ഒരു കുടുംബത്തിലെ ആറ് പേരെ വകവരുത്തിയ സ്ത്രീ. ഞെട്ടലോടെയാണ് കേരളം ആ വാര്‍ത്ത കേട്ടത്. നിരവധി ചോദ്യങ്ങളും സംശയങ്ങളും ഈ കേസിനെ ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു. ഇത്രയും കൊലപാതകങ്ങള്‍ ഒരു സ്ത്രീയെക്കൊണ്ട് ചെയ്യാന്‍ കഴിയുമോ? എന്താണവരെ അതിന് പ്രാപ്തയാക്കിയത്?
 

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് കൂടത്തായിയിലെ കൂട്ടക്കൊലപാതകങ്ങള്‍. 14 വര്‍ഷങ്ങള്‍ കൊണ്ട് ഒരു കുടുംബത്തിലെ ആറ് പേരെ വകവരുത്തിയ സ്ത്രീ. ഞെട്ടലോടെയാണ് കേരളം ആ വാര്‍ത്ത കേട്ടത്. 

നിരവധി ചോദ്യങ്ങളും സംശയങ്ങളും ഈ കേസിനെ ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു. ഇത്രയും കൊലപാതകങ്ങള്‍ ഒരു സ്ത്രീയെക്കൊണ്ട് ചെയ്യാന്‍ കഴിയുമോ? എന്താണവരെ അതിന് പ്രാപ്തയാക്കിയത്? എങ്ങനെ ഇത്രകാലം അവരിത് വിദഗ്ധമായി മറച്ചുവച്ചു? അങ്ങനെ പല ചോദ്യങ്ങളുമാണ് കൂടത്തായിയിലെ കൂട്ടക്കൊലപാതകം നമ്മുടെ മനസില്‍ അവശേഷിപ്പിക്കുന്നത്. 

ഇതിനിടെ വീണ്ടും ചര്‍ച്ചയാവുന്ന ഒന്നുണ്ട് സീരിയല്‍ കില്ലിംഗ്. സിനിമകളിലൂടെയും നോവലുകളിലൂടെയും നമ്മെ ഏറെ ഭയപ്പെടുത്തിയ ക്രൈം ആണ് സീരിയല്‍ കില്ലിംഗ്. ഒരറപ്പും പേടിയും മടിയും കൂടാതെ മനുഷ്യരെ തുടര്‍ച്ചയായി കൊന്നുതള്ളുന്നതിനെയാണ് നമ്മള്‍ സീരിയല്‍ കില്ലിംഗ് എന്ന് വിളിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് ഒരാള്‍ 'സീരിയല്‍ കില്ലര്‍' ആയി പരിണമിക്കുന്നത്? എന്താണ് ഇതിന് പിന്നിലെ മനശാസ്ത്രം?

'സീരിയല്‍ കില്ലിംഗ്- അത് ഏത് തരത്തിലുള്ളതാണെങ്കിലും അതിനകത്ത് ചില മാനസികവൈകല്യങ്ങളുടെ ഘടകങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ചിലര്‍ കൊല ചെയ്യുമ്പോള്‍ത്തന്നെ അനുഭവിക്കുന്ന ആനന്ദത്തിന് വേണ്ടിയാണ് കൊല നടത്തുന്നത്. നമ്മള്‍ ഏറെ കേട്ടിട്ടുള്ള റിപ്പര്‍ എന്ന കൊലയാളിയെ ഒക്കെ അത്തരത്തില്‍ കണക്കാക്കാവുന്നതാണ്. എന്നാല്‍ മറ്റ് ചിലര്‍ പ്രത്യേകലക്ഷ്യത്തോടെയാണ് കൂട്ടക്കുരുതി നടത്തുന്നത്. ഇപ്പോള്‍ കൂടത്തായിയില്‍ നടന്ന കൊലപാതക പരമ്പര അങ്ങനെയുള്ളതാണെന്നാണ് പൊലീസ് നിഗമനങ്ങള്‍ സൂചിപ്പിക്കുന്നത്. പക്ഷേ ഈ രണ്ട് ഘട്ടത്തിലും പ്രതിയില്‍ മാനസികമായ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും..'- പ്രമുഖ മനശാസ്ത്ര വിദഗ്ധനായ സി ജെ ജോണ്‍ പറയുന്നു. 

ഒരു തവണ കൊല നടത്തി, അത് പിടിക്കപ്പെടുന്നില്ലെന്ന് കാണുമ്പോള്‍ ആ വ്യക്തിയില്‍ ആത്മവിശ്വാസമുണ്ടാകുന്നു. രണ്ടാമത്തെ കൊലയിലും പിടിക്കപ്പെടുന്നില്ല. അപ്പോള്‍ ആ ആ്തമവിശ്വാസം ഇരട്ടിയാകുന്നു. പിന്നീട് ഇതത്ര പ്രശ്‌നം പിടിച്ച പ്രവര്‍ത്തിയല്ലെന്ന് അവരുടെ മനസ് തന്നെ അവരോട് പറയുന്നു. ഇത്തരത്തിലാണ് ഒരു വ്യക്തി 'സീരിയല്‍ കില്ലിംഗി'ലേക്ക് തിരിയുന്നതെന്നും ഡോ. ജോണ്‍ ചൂണ്ടിക്കാണിക്കുന്നു. 

'ഒരു സ്ത്രീ എങ്ങനെയാണ് സീരിയല്‍ കില്ലറാകുന്നത്, അല്ലെങ്കില്‍ സ്ത്രീയെക്കൊണ്ട് ഇതെല്ലാം പറ്റുമോയെന്നെല്ലാം ചോദിക്കുന്നവരുണ്ട്. അതില്‍ കാര്യമില്ല. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീക്കും ഇത്തരം ക്രൈമുകളിലേര്‍പ്പെടാന്‍ സാധിക്കും. എന്നാല്‍ പുരുഷന്മാരുടെയത്ര വയലന്‍സ് അതവാ ക്രൂരത സ്ത്രീ നടത്തുന്ന കൊലപാതകങ്ങളില്‍ സാധാരണഗതിയില്‍ കാണാറില്ല. പക്ഷേ, കൊല ആസൂത്രണം ചെയ്യാനും അത് കൃത്യമായി നടപ്പിലാക്കാനും അത് മറച്ചുവയ്ക്കാനുമെല്ലാം സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കഴിവുണ്ട്. അതുപോലെ സ്ത്രീയാണ് ഇങ്ങനെയുള്ള കേസുകളില്‍ പ്രതിയെങ്കില്‍ അതിന് പിന്നില്‍ ഒരു പുരുഷന്റെ പിന്തുണയോ സാന്നിധ്യമോ ഉണ്ടാകാന്‍ സാധ്യതകളേറെയാണ്..'- ഡോ. ജോണ്‍ പറയുന്നു. 

ക്രൈം ഏത് തരത്തിലുള്ളതാണെങ്കിലും അതില്‍ പ്രതിയായി വരുന്നയാളെ ശിക്ഷിക്കുന്നതിനൊപ്പം തന്നെ ആ പ്രതിയുടെ മനശാസ്ത്രം തീര്‍ച്ചയായും നമ്മള്‍ പഠിക്കണം. കാരണം കുറ്റാന്വേഷണം എന്ന് പറയുന്നത് ഒരു ശാസ്ത്രശാഖ തന്നെയാണ്. ഒരിക്കലും കുറ്റം ചെയ്ത പ്രതിയെ ന്യായീകരിക്കുന്നതല്ല ഇതെന്നും മറിച്ച് ഭയപ്പെടുത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് മനുഷ്യരെത്തുന്ന വഴികളെക്കുറിച്ച് മനസിലാക്കുന്നതിലേക്കുള്ള പടികളാണിതെന്നും ഡോ. ജോണ്‍ വ്യക്തമാക്കുന്നു. 

കൃത്യമായ ലക്ഷ്യത്തോടെയാണ് കൊല നടത്തുന്നത് എങ്കില്‍ പോലും 'പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍' പോലുള്ള മാനസിക വൈകല്യങ്ങള്‍ പ്രതികളില്‍ കാണാറുണ്ട്. അതിനാല്‍ അത്തരത്തിലെല്ലാം ഓരോ കേസുകളെയും വിശദമായി പഠിക്കേണ്ടതിന്റെ ആവശ്യകത നമ്മളിനിയും മനസിലാക്കുന്നില്ലെന്നും ഡോ.ജോണ്‍ ചൂണ്ടിക്കാണിക്കുന്നു. 

കൂടത്തായി കൂട്ടക്കൊലക്കേസിനെ സംബന്ധിച്ച് പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പലരേയും ചോദ്യം ചെയ്യാനുണ്ടെന്നും കേസില്‍ ഇനിയും വഴിത്തിരിവുകളുണ്ടായേക്കാമെന്നുമാണ് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

click me!