
ദില്ലി: കൊവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് അടച്ചിട്ട ജിമ്മുകളും യോഗ സെന്ററുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഓഗസ്റ്റ് അഞ്ച് മുതൽ യോഗ സെന്ററുകളും ജിമ്മുകളും തുറന്ന് പ്രവർത്തിക്കും. ഇതിന് മുന്നോടിയായി വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു.
കണ്ടെയ്ന്‍മെന്റ് സോണില്‍ സ്ഥിതി ചെയ്യുന്ന യോഗ സ്ഥാപനങ്ങളും ജിംനേഷ്യങ്ങളും തുറക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട മാർഗ നിർദേശത്തിൽ പറയുന്നു. 65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയിലുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ അടച്ച് പൂട്ടിയ സ്ഥലങ്ങളിൽ ജിംനേഷ്യം അല്ലെങ്കിൽ യോഗ സെന്ററുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ആളുകള്‍ തമ്മിൽ ചുരുങ്ങിയത് ആറടി അകലം പാലിക്കുക. മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. നഗരങ്ങളിലെ ജിമ്മുകള്‍ സ്വന്തം നിലയില്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഫിറ്റ്‌നെസ് സെന്ററുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ബാച്ചുകളായി നിശ്ചിത സമയം അനുവദിക്കണം.
ഓരോ ബാച്ചിനും 15-30 മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം. തിരക്ക് ഒഴിവാക്കല്‍, ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്കാണ് ഇടവേളയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സാനിറ്റെെസർ ഉപയോഗിച്ച് കൈ കഴുക്കേണ്ടത് നിർബന്ധം ആക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു കർച്ചീഫ് ഉപയോഗിച്ച് വായയും മൂക്കും മൂടുക.
ജിം കേന്ദ്രങ്ങള്‍ക്കും യോഗ സെന്ററുകള്‍ക്കും നല്‍കിയിരിക്കുന്ന പ്രധാനപ്പെട്ട മറ്റ് നിര്‍ദ്ദേശങ്ങള്‍ താഴേ ചേർക്കുന്നു...
1. ഫിറ്റ്‌നെസ് സെന്ററുകളിലെ ഉപകരണങ്ങള്‍ ആറടി അകലങ്ങളിലായിരിക്കണം സ്ഥാപിച്ചിരിക്കേണ്ടത്. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കൃത്യസമയങ്ങളില്‍ അണുവിമുക്ത പ്രക്രിയകള്‍ നടത്തണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
2. രോഗലക്ഷണങ്ങളില്ലാത്ത ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവൂ. ജിമ്മിലേക്ക് എത്തുന്ന എല്ലാവര്‍ക്കും പനിയുണ്ടോയെന്ന പരിശോധന നടത്തേണ്ടത് നിർബന്ധമാണ്.
3. വന്നതും പോയതുമായ സമയം, പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാനും ശുപാര്‍ശ ചെയ്യുന്നു.
4. ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കണം.
5. ജിംനേഷ്യങ്ങൾ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവരെ മാത്രമേ അനുവദിക്കൂ.
6. സാനിറ്റെെസർ/ഡെറ്റോൾ എന്നിവ ജിമ്മിന്റെ എല്ലാ കോണിലും സൂക്ഷിക്കുകയും അംഗങ്ങൾക്ക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് അവ ശുചീകരിക്കുവാൻ സൗകര്യപ്പെടുത്തേണ്ടതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam