
എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. പാരമ്പര്യം, ഹോർമോണ്‍ വ്യതിയാനം, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകുന്നതായി യുഎസിലുള്ള മേയോ ക്ലിനിക്കിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഹോർമോണ്‍ വ്യതിയാനം താത്കാലികമായ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. ഗർഭധാരണം, പ്രസവം, ആർത്തവവിരാമം എന്നിവയെല്ലാം ശരീരത്തിലെ വിവിധ ഹോർമോണുകളുടെ അളവിൽ കുറവുണ്ടാക്കുന്നു. ഹോർമോണുകളെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥിക്കു പങ്കുള്ളതിനാൽ തൈറോയ്ഡ് പ്രശ്നങ്ങളും മുടികൊഴിച്ചിലിനു കാരണമാകുന്നു.
ക്യാൻസർ ചികിത്സയായ കീമോ തെറാപ്പിയിൽ ഉപയോഗിക്കുന്ന ചിലതരം മരുന്നുകൾ, സന്ധിവാതം, ഡിപ്രഷൻ എന്നിവയ്ക്കുള്ള ചിലതരം മരുന്നുകൾ, രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകൾ, ചിലതരം ആൻറിബയോട്ടിക്, ആൻറിഫംഗൽ മരുന്നുകൾ എന്നിവയും മുടികൊഴിച്ചിലിനു കാരണമാകുന്നു. എന്നാൽ ഡോക്ടറുടെ നിർദേശം കൂടാതെ ഇത്തരം മരുന്നുകൾ ഇടയ്ക്കുവച്ചു നിർത്തുകയോ ഡോസിൽ കുറവു വരുത്തുകയോ ചെയ്യരുത്. വിറ്റാമിൻ എ അമിതമാകുന്നതും മുടികൊഴിച്ചിലിനു കാരണമാകുന്നതായി പഠനങ്ങളുണ്ട്.
മുടിയുടെ സൗന്ദര്യവും സ്റ്റൈലും മെച്ചപ്പെടുത്തുന്നതിനു വേണ്ടി ചെയ്യുന്ന ചിലതരം ഹെയർ സ്റ്റൈലുകളും ചികിത്സകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. അനാവശ്യമായി രാസപദാർഥങ്ങൾ മുടിയിൽ ഉപയോഗിക്കുന്ന ശീലവും അപകടം. കെമിക്കലുകൾ മുടിയുടെ ബലം കുറയ്ക്കുന്നു. മുടി പൊട്ടിപ്പോകുന്നതിനും കൊഴിയുന്നതിനും ഇടയാക്കുന്നു. മുടിയിൽ ഉപയോഗിക്കുന്ന ലോഷനുകളും നിറം നല്കുന്ന പദാർഥങ്ങളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam