
കുളിക്കുമ്പോൾ തലമുടി കുറച്ച് കൊഴിയുകയോ തലയിണയിൽ കുറച്ച് മുടിയിഴകൾ കാണുകയോ ചെയ്യുന്നത് തികച്ചും സാധാരണമാണ്. എന്നാല്‍ അമിതമായി തലമുടി കൊഴിച്ചിലും, മുടിയുടെ കനം കുറയുന്നതും നിസാരമായി കാണേണ്ട. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. അതില്‍ ചിലത് എന്തൊക്കെയാണെന്ന് നോക്കാം.
1. തൈറോയ്ഡ് പ്രശ്നങ്ങൾ
നിങ്ങളുടെ മുടി കൊഴിയുകയും എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും, കാരണമില്ലാതെ ശരീരഭാരം കൂടുകയും ചെയ്യുന്നുണ്ടെങ്കില്‍, അത് തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചനയാകാം.
2. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ തകരാറാണ്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവാ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. അണ്ഡാശയങ്ങൾ ചെറുകുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്ന പേര് ഉണ്ടായത്. ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഎസ്സിന്റെ പ്രധാനപ്പെട്ട ലക്ഷണം. എന്നാല്‍ ഇതിനൊപ്പം അമിത വണ്ണം, മുഖക്കുരു പ്രശ്നങ്ങള്‍, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയും ഉണ്ടാകാം.
3. ഇരുമ്പിന്‍റെ കുറവ് മൂലമുള്ള വിളർച്ച
ഇരുമ്പിന്‍റെ കുറവ് മൂലമുള്ള വിളർച്ച കൊണ്ട് തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഇതിനെ പരിഹരിക്കാന്‍ ചീര, പയറുവര്‍ഗങ്ങള്‍, ചുവന്ന മാംസം എന്നിവ കഴിക്കാം.
4. വിറ്റാമിൻ ഡിയുടെ കുറവ്
വിറ്റാമിൻ ഡിയുടെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. പേശി ബലഹീനത, വരണ്ട ചര്‍മ്മം, ചര്‍മ്മത്തില്‍ തുടര്‍ച്ചയായ ചൊറിച്ചില്‍, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ് മൂലമുണ്ടാകാം.
5. ലൂപസ്
ല്യൂപസ് പോലുള്ള ഓട്ടോഇമ്മ്യൂൺ രോഗങ്ങളിൽ മുടി കൊഴിച്ചിൽ ലക്ഷണമായി കാണപ്പെടാം. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ രോഗത്തിന്‍റെ ചുരുക്കപ്പേരാണ് ലൂപസ്. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് വരുന്ന തകരാറാണ് ലൂപസ് വരാനുള്ള കാരണം. ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍, സന്ധി വേദന, നീര്‍ക്കെട്ട്, ക്ഷീണം, വായിലെ അൾസർ, മുടി കൊഴിച്ചിൽ എന്നിവ രോഗ ലക്ഷണങ്ങളാണ്.
6. പ്രമേഹം
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ തലമുടിയുടെ ആരോഗ്യത്തെയും ബാധിക്കാം. മുടി കനം കുറയുക, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ ഇതുമൂലം ഉണ്ടാകാം. എപ്പോഴുമുള്ള ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മങ്ങിയ കാഴ്ച, ക്ഷീണം തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ സൂചനകളാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam