Pain Killers : പതിവായി പെയിന്‍ കില്ലേഴ്‌സ് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

Web Desk   | others
Published : Mar 11, 2022, 11:55 AM IST
Pain Killers : പതിവായി പെയിന്‍ കില്ലേഴ്‌സ് കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

Synopsis

ഡോക്ടറുടെ നിര്‍ദേശമില്ലാതെ പെയിന്‍ കില്ലേഴ്‌സ് കഴിക്കുന്നത് ചെറുതും വലുതുമായ പല പാര്‍ശ്വഫലങ്ങളിലേക്കും നമ്മെയെത്തിക്കാം. അത്തരമൊരു നിഗമനം പങ്കുവയ്ക്കുകയാണ് ഗുരുഗ്രാമില്‍ നിന്നുള്ള നെഫ്രോളജി വിദഗ്ധന്‍ ഡോ. മഞ്ജു അഗര്‍വാള്‍

ആരോഗ്യം സംബന്ധിച്ച എന്തിനും ഏതിനും ( Health Related ) പരിഹാരമായി 'പെയിന്‍ കില്ലേഴ്‌സ്' ( Pain Killers ) വാങ്ങിക്കഴിക്കുന്ന ധാരാളം പേരുണ്ട്. തലവേദനയോ ശരീരവേദനയോ പോലുള്ള എന്ത് അസുഖവുമാകട്ടെ, നേരെ മെഡിക്കല്‍ സ്‌റ്റോറില്‍ ചെന്ന് കിട്ടാവുന്ന പെയിന്‍ കില്ലര്‍ വാങ്ങി കഴിക്കും. അല്ലെങ്കില്‍ വീട്ടില്‍ വാങ്ങി 'സ്‌റ്റോക്ക്' ചെയ്ത് വച്ചതില്‍ നിന്ന് എടുത്ത് കഴിക്കും.

ഇത് ഒരിക്കലും നല്ലയൊരു പ്രവണതയായി കണക്കാക്കാനാവില്ല. ഡോക്ടറുടെ നിര്‍ദേശമില്ലാതെ പെയിന്‍ കില്ലേഴ്‌സ് കഴിക്കുന്നത് ചെറുതും വലുതുമായ പല പാര്‍ശ്വഫലങ്ങളിലേക്കും നമ്മെയെത്തിക്കാം. അത്തരമൊരു നിഗമനം പങ്കുവയ്ക്കുകയാണ് ഗുരുഗ്രാമില്‍ നിന്നുള്ള നെഫ്രോളജി വിദഗ്ധന്‍ ഡോ. മഞ്ജു അഗര്‍വാള്‍.

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ പതിവായി പെയിന്‍ കില്ലേഴ്‌സ് കഴിക്കുന്നവരില്‍ ക്രമേണ വൃക്കയുടെ പ്രവര്‍ത്തനം പ്രശ്‌നത്തിലാകാമെന്നാണ് ഡോ മഞ്ജു അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നത്. വല്ലപ്പോഴും എന്ന നിലയിലാണ് കഴിക്കുന്നതെങ്കില്‍ പൂര്‍ണ്ണ ആരോഗ്യവാനായ/ ആരോഗ്യവതിയായ ഒരാളെ പെയിന്‍ കില്ലേഴ്‌സ് അത്ര മോശമായി ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. 

'ദീര്‍ഘകാലത്തേക്ക് പതിവായി പെയിന്‍ കില്ലേഴ്‌സ് കഴിക്കുന്നുണ്ടെങ്കില്‍, വിശേഷിച്ചും മറ്റ് പല മരുന്നുകളുടെയും കോംബിനേഷനായി കഴിക്കുന്നുണ്ടെങ്കില്‍ അത് ഗുരുതരമായ രീതിയില്‍ വൃക്കയെ ബാധിക്കാം. പ്രായമായവര്‍, പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ എന്നിവര്‍ സാധാരണനിലയില്‍ നിന്നും അധികമായി ഇതിന്റെ വെല്ലുവിളികള്‍ നേരിടുകയും ചെയ്‌തേക്കാം. അവരില്‍ പിന്നീട് വൃക്കയുടെ പ്രവര്‍ത്തനം ഇതുമൂലം നിലച്ചുപോകാനുള്ള സാധ്യത വരെ കാണുന്നു..'- ഡോ. മഞ്ജു അഗര്‍വാള്‍ വ്യക്തമാക്കുന്നു. 

പെയിന്‍ കില്ലേഴ്‌സ് വിഭാഗത്തില്‍ പെടുന്ന പല മരുന്നുകളും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ തന്നെയാണ് സ്റ്റോറുകളില്‍ വില്‍ക്കപ്പെടുന്നത്. 'ഐബുപ്രോഫന്‍', 'ഡൈക്ലോഫെനാക്', 'നാപ്രോക്‌സെന്‍', 'ആസ്പിരിന്‍', 'അസെറ്റാമിനെഫെന്‍', 'കഫേന്‍' എന്നിങ്ങനെയുള്ള മരുന്നുകളാണ് അധികവും ഇത്തരത്തില്‍ സ്റ്റോറുകളില്‍ നിന്ന് വിറ്റഴിക്കപ്പെടുന്നത്. തലവേദന, നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കാണ് ആളുകള്‍ ഇത് കഴിക്കാറ്. 

ഈ മരുന്നുകള്‍ വൃക്കയെ ബാധിച്ചുതുടങ്ങുമ്പോള്‍ ക്രിയാറ്റിനിന്‍ അളവ് കൂടുതലായി വരുന്നു. നേരത്തേ വൃക്കരോഗമുള്ളവരാണെങ്കില്‍ അവരില്‍ ഇതോടെ പ്രശ്‌നം അധികരിക്കാനുള്ള സാധ്യതകളും ഏറെയാണ്. ശരീരത്തില്‍ പൊട്ടാസ്യം അളവ് വര്‍ധിപ്പിക്കുന്നതിനും പെയിന്‍ കില്ലേഴ്‌സ് കാരണമാകാറുണ്ട്. 

ഇത്തരത്തില്‍ വൃക്കയെ മരുന്നുകള്‍ ബാധിച്ചുവെന്നതിന് ആദ്യഘട്ടത്തില്‍ ശരീരം കാര്യമായ സൂചനകള്‍ നല്‍കാതെയിരിക്കാം. മിക്കപ്പോഴും മറ്റെന്തെങ്കിലും കാരണങ്ങള്‍ക്കായി പരിശോധന നടത്തുമ്പോഴാണ് ഇക്കാര്യം വ്യക്തമാവുക. എന്നാല്‍ പിന്നീട് ശ്വാസതടസം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, ശരീരത്തില്‍ പലയിടങ്ങളിലായി നീര് എന്നിവയെല്ലാം ഇതിന്റെ ലക്ഷണമായി വരാം. 

ഇങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കുന്നതിനായി പെയിന്‍ കില്ലേഴ്‌സ് പതിവായി ഉപയോഗിക്കാതിരിക്കുക. എന്തെങ്കിലും തരത്തിലുള്ള ആവശ്യങ്ങളുണ്ടെങ്കില്‍ അത് ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രം ആവാം. പ്രായമായവരും പ്രമേഹവും ബിപിയും പോലുള്ള അസുഖങ്ങളുള്ളവരും പെയിന്‍ കില്ലേഴ്‌സ് പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഉചിതം.

Also Read:- മൂത്രത്തില്‍ കല്ലിന് സാധ്യത കൂടുതലും ആര്‍ക്ക്? ലക്ഷണങ്ങളും അറിയാം...

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്