
ചിലരുണ്ട്, ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു വലിയ പാക്കറ്റ് ബിസ്‌കറ്റോ ചിപ്‌സോ പോപ്‌കോണോ ഒക്കെ ഒറ്റയടിക്ക് അകത്താക്കും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഭക്ഷണം വലിയ അളവില്‍ കഴിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഒട്ടും ബോധവും കാണില്ല.
ഇതങ്ങനെ വെറുമൊരു ശീലമായി കാണാനാവില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതിനോടൊപ്പം മറ്റു ചില ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ കടുത്ത 'സ്‌ട്രെസ്' അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണമെന്നാണ് ഇവര്‍ പറയുന്നത്.
എന്തെല്ലാമാണ് 'സ്‌ട്രെസ്' ഉണ്ടാക്കുന്ന മറ്റ് ലക്ഷണങ്ങള്‍?
പല കാരണങ്ങള്‍ കൊണ്ടാകാം 'സ്‌ട്രെസ്' ഉണ്ടാകുന്നത്. ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് പുതിയകാലത്ത് ഇതിന് പ്രധാന കാരണമാകുന്നത്. ഇത് കൂടാതെ, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബാംന്തരീക്ഷത്തിലെ പ്രശ്‌നങ്ങള്‍- ഇവയെല്ലാം 'സ്‌ട്രെസ്' ഉണ്ടാക്കും. പല തരത്തിലുള്ള ശാരീരിക- മാനസിക പ്രയാസങ്ങള്‍ക്ക് ഈ 'സ്‌ട്രെസ്' കാരണമാവുകയും ചെയ്യും.
അതിനാല്‍ തന്നെ എത്രയും നേരത്തേ ഇത് തിരിച്ചറിയുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിന് വേണ്ടി 'സ്‌ട്രെസ്' സൂചിപ്പിക്കുന്ന മറ്റ് ലക്ഷണങ്ങള്‍ എന്തെല്ലാമാണ് എന്നറിയണം...
1. ഉയര്‍ന്ന തോതിലുള്ള ഹൃദയസ്പന്ദനം.
2. പ്രത്യേകിച്ച് കാരണങ്ങളില്ലാതെയോ, പ്രസക്തമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയോ ഉത്കണ്ഠപ്പെടുന്നത്.
3. പൊതുവേ എപ്പോഴും അസ്വസ്ഥത തോന്നുന്നത്.
4. ശരീരത്തിന് ഒരു വിറയല്‍ ബാധിക്കുന്നത്.
5. ദിവസങ്ങളോളം ഉറക്കമില്ലാതാകുന്നത്.
6. ഇടവിട്ട് കടുത്ത തലവേദന വരുന്നത്.
7. ദഹനമില്ലായ്മ പോലെ വയറിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍.
8. കഴുത്തുവേദനയോ നടുവേദനയോ വരുന്നത്.
മാനസിക സമ്മര്‍ദ്ദമുള്ളവരില്‍ പെട്ടെന്ന് വിഷാദരോഗവും ഉത്കണ്ഠയുമെല്ലാം പിടിപെടാന്‍ സാധ്യതയുണ്ട്. ഇത് ക്രമേണ ജോലിയേയോ കുടുംബജീവിതത്തെയോ ഒക്കെ ബാധിച്ചേക്കാം. അതിനാല്‍ തന്നെ കഴിവതും ആരോഗ്യകരമായ ജീവിതചര്യകളിലൂടെയും ഭക്ഷണത്തിലൂടെയുമെല്ലാം 'സ്‌ട്രെസി'നെ അകലത്തിലാക്കാന്‍ ശ്രമിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam