അരിയുടെ തവിടിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയാണ് തവിടെണ്ണ. അരി മുഖ്യഭക്ഷണമായ ഇന്ത്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ തവിടെണ്ണയും ഒരു പ്രധാന ഭക്ഷ്യ എണ്ണയാണ്. ഉയർന്ന താപനിലയിൽ പാചകം ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളിൽ ഏറ്റവും മികച്ച എണ്ണകളിലൊന്നാണ് തവിടെണ്ണ. തവിടെണ്ണയിലെ മായം ചേർക്കൽ പൊതുവേ മറ്റ് എണ്ണകളിലേതുപോലെയാണെങ്കിലും മായം കണ്ടെത്താൻ ലാബ് പരിശോധന തന്നെ വേണ്ടി വരും എന്ന് ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ പറയുന്നു. മറ്റു പല ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും പ്രാഥമികമായി ആശ്രയിക്കാവുന്ന മായം കണ്ടെത്താനുള്ള വീട്ടുപ്രയോഗങ്ങൾ തവിടെണ്ണയിൽ അത്ര ഫലപ്രദമല്ല എന്നതാണ് ഇതിനു കാരണം.
തവിടിലെ ഗുണങ്ങൾ
ഹൃദയാരോഗ്യത്തിന് ഗുണകരമായ എണ്ണകളിലൊന്നാണ് തവിടെണ്ണ. 38% മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും 37% പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും 25% സാച്ചുറേറ്റഡ് ഫാറ്റി ആസിഡുമാണ് തവിടെണ്ണയിലുള്ളത്. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നവയാണ്. പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാകട്ടെ ചീത്ത കൊളസ്ട്രോൾ കുറക്കുന്നവയും. ഇവ രണ്ടുമാണ് തവിടെണ്ണയിലെ മുക്കാൽ ഭാഗവും എന്നതിനാൽ ഹൃദയരോഗങ്ങളും രക്തസമ്മർദ്ദവും മറ്റും മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്രയിക്കാവുന്ന എണ്ണയാക്കി തവിടെണ്ണയെ മാറ്റുന്നു.
മായം വരുന്ന വഴികൾ
തവിടിൽ നിന്നും പരമാവധി എണ്ണ ഊറ്റിയെടുക്കാനും എള്ളയുടെ അളവ് വർദ്ധിപ്പിക്കാനും ചേർക്കുന്ന മനുഷ്യശരീരത്തിന് ഹാനികരമായ രാസപദാർത്ഥങ്ങളാണ് പ്രധാന പ്രശനം. കേടായതും പഴകിയതും ഗുണം കുറഞ്ഞതുമായ എണ്ണയെ നല്ല തവിടെണ്ണയെന്നു തോന്നിപ്പിക്കുന്ന രീതിയിലേക്ക് മാറ്റാൻ നടത്തുന്ന രാസപ്രക്രിയകളാണ് മറ്റൊരു അപകടം. സ്വാഭാവിക ഗുണങ്ങളെല്ലാം നഷ്ടപ്പെട്ട് എണ്ണയുടെ രൂപവും ഭാവവും മാത്രമുള്ള ഒരു പദാർത്ഥമായിയാണ് ഇത്തരം തവിടെണ്ണകൾ നമുക്കു മുന്നിലെത്തുന്നതെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. ഗുണമേന്മയേറിയ അരിയുടെ തവിടിൽ നിന്നാണ് ഏറ്റവും നല്ല തവിടെണ്ണ കിട്ടുന്നത്. മികച്ച അരിയുടെ തവിടിനൊപ്പം മോശം അരിയുടെ തവിടും കറുത്ത് ചീത്തയായ അരിയുടെ തവിടും ഒക്കെ ചേർത്ത് എണ്ണയാക്കി വിൽപ്പനക്കെത്തിക്കുന്നതും കുറവല്ല.
ഗുണത്തിനു പകരം ദോഷം
എന്തെല്ലാം ഗുണങ്ങൾക്കായി തവിടെണ്ണയെ ആശ്രയിക്കാമോ അതിനെയെല്ലാം തകിടം മറിച്ച് നേരെ വിപരീത ഫലം ചെയ്യുന്നവയാണ് തവിടെണ്ണയിൽ കലർത്തുന്ന മായങ്ങൾ. ഹൃദയാരോഗ്യത്തിന് ഭീഷണിയും ഉയന്ന രക്തസമ്മർദ്ദവും മായം കലർന്ന എണ്ണ സൃഷ്ടിക്കും. എണ്ണയുടെ അളവു വർദ്ധിപ്പിക്കാനും ചീത്ത എണ്ണയെ നല്ലതെന്നു തോന്നിപ്പിക്കാനും ചേർക്കുന്ന രാസപദാർത്ഥങ്ങൾ ആരോഗ്യത്തെ ബാധിക്കുകയും രോഗങ്ങൾക്കു കാരണമാകുകയും ചെയ്യും.
പരിശോധിച്ചറിയാം മായം
തവിടെണ്ണയുടെ ഗുണനിലവാരം നിർണ്ണയിക്കുന്നതിന് ഏറെ ഫലപ്രദമായ മാർഗ്ഗമാണ് ഗ്യാസ് ലിക്വിഡ് ക്രൊമാറ്റോഗ്രാഫി ടെസ്റ്റ്. എണ്ണയിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകളുടേയും രാസപദാർത്ഥങ്ങളുടെയും അളവ് കൃത്യമായി നിർണ്ണയിക്കാൻ ഇതുവഴി സാധിക്കുമെന്നതിനാൽ എന്തെങ്കിലും കലർപ്പുകൾ ഉണ്ടെങ്കിലും മനസിലാക്കാൻ ആകും. എന്നാൽ തവിടെണ്ണയിലെ മായം കൃത്യമായി കണ്ടെത്തുന്നതിന് ലാബ് പരിശോധനകൾ തന്നെ വേണ്ടി വരും. ശാസ്ത്രീയ പരിശോധനകളിൽ ഫ്രീ ഫാറ്റി ആസിഡ് കണ്ടൻ്റ്, അയഡിൻ വാല്യു, നിറം മാറ്റം തുടങ്ങിയ മാനദണ്ഡങ്ങളിലൂടെ ഗുണനിലവാരം കണ്ടെത്താം. മറ്റ് എണ്ണകളുടെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള അസോ ഡൈ ടെസ്റ്റ്, നിരോധിതമായ നിറമോ രാസപദാർത്ഥങ്ങളോ ചേർത്തിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകൾ, കറുത്തതോ മോശപ്പെട്ടതോ ആയ അരിയോ അത്തരം അരിയുടെ തവിടോ കലർന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന എന്നിവയെല്ലാം തവിടെണ്ണ ശുദ്ധമായതാണോ എന്നറിയാൻ ആവശ്യമാണ്.