
തിരുവനന്തപുരം: ജൂലൈ 11 -നാണ് ലോക ജനസംഖ്യാദിനം ആചരിക്കുന്നത്. 'സന്തോഷത്തിനും സമൃദ്ധിക്കുമായി കുടുംബാസൂത്രണം സ്വീകരിക്കുമെന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ലോക ജനസംഖ്യാദിനം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 11 -ന് തിരുവനന്തപുരം ഗവ. ലോ. കോളേജില്‍ വച്ച് നടക്കും.
കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കുന്നു. എപ്പോള്‍ ഗര്‍ഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. മാത്രമല്ല കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ നന്നായി വളര്‍ത്തുവാനും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും സാധിക്കുന്നു. അതിലൂടെ ഭാവിയില്‍ ആ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റേയും രാജ്യത്തിന്റേയും പുരോഗതിയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷങ്ങളുടെ ഇടവേള വേണം. താല്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളായ കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, പി.എച്ച്.സികള്‍, എഫ്.എച്ച്.സികള്‍, സി.എച്ച്.സികള്‍, മറ്റ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. കോപ്പര്‍ടി നിക്ഷേപിക്കുവാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മുകളിലേക്കുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.
ഭാവിയില്‍ ഇനി കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്തവര്‍ക്ക് സ്ഥിരമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഇതിനായി ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വാസക്ടമിയുമാണ് നിലവിലുള്ളത്. പുരുഷന്‍മാരില്‍ നടത്തുന്ന നോസ്‌കാല്‍പല്‍ വാസക്ടമി വളരെ ലളിതവും വേദനരഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണ്. ഈ ശസ്ത്രക്രിയകള്‍ താലൂക്ക്, ജില്ലാ ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. സംശയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam