കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച് യുവാവ്; ഉടന്‍ നടപടിയെടുത്ത് ആരോഗ്യമന്ത്രി

By Web TeamFirst Published May 8, 2019, 11:41 PM IST
Highlights

'ടീച്ചറേ... എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് ഡോക്ടർ പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു'- ഇതായിരുന്നു കമന്റ്‌. വൈകാതെ മന്ത്രിയുടെ മറുപടിയും വന്നു

തിരുവനന്തപുരം: സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനാണ് സമൂഹമാധ്യമത്തിലൂടെ യുവാവറിയിച്ച കമന്റിനെ തുടര്‍ന്ന് മന്ത്രി ചികിത്സ ഉറപ്പിച്ചിരിക്കുന്നത്. 

രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റ്.

'ടീച്ചറേ... വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങള്‍ dr നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു.മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു. ടീച്ചറേ... എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് dr പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു' - എന്നായിരുന്നു കമന്റ്. 

കമന്റ് വന്ന് വൈകാതെ തന്നെ മന്ത്രിയുടെ മറുപടിയും വന്നു. 

'താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും'- ഇതായിരുന്നു മന്ത്രിയുടെ മറുപടി. 

സമൂഹമാധ്യമങ്ങളില്‍ ജനനേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും വരുന്ന നൂറുകണക്കിന് കമന്റുകള്‍ക്കിടയില്‍ നിന്ന് ഇത്തരത്തില്‍ സഹായമഭ്യര്‍ത്ഥിച്ച ഒരാളെ കണ്ടെത്തുകയും അയാള്‍ക്ക് ആവശ്യപ്പെട്ട സഹായം ഉറപ്പിക്കുകയും ചെയ്യുകയെന്നത് അപൂര്‍വ്വമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രിക്ക് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍.

click me!