World Antibiotic Awareness Week| സമ്പൂര്‍ണ ആന്‍റിബയോട്ടിക് സാക്ഷരത ആദ്യ ദൗത്യം ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

By Web TeamFirst Published Nov 19, 2021, 5:52 PM IST
Highlights

ലോക ആന്‍റിബയോട്ടിക് അവബോധ വാരാചരണം നവംബര്‍ 18 മുതല്‍ 24 വരെ. ലോക ആന്‍റിബയോട്ടിക് അവബോധ വാരാചരണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് നടന്നു വരുന്നത്. 

തിരുവനന്തപുരം: സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്‍റി മൈക്രോബിയല്‍ (Antimicrobial) റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്‍റെ ഭാഗമായി സമ്പൂര്‍ണ ആന്‍റിബയോട്ടിക് (Antibiotic) സാക്ഷരതയിലെത്തിക്കാനുള്ള ആദ്യ ദൗത്യം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (veena george). രണ്ട് വര്‍ഷത്തിനുള്ളില്‍ ആന്‍റിബയോട്ടിക് സാക്ഷരത ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ലോക ആന്‍റിബയോട്ടിക് അവബോധ വാരാചരണത്തിന്റെ (World Antibiotic Awareness Week) ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് നടന്നു വരുന്നത്.

ജനങ്ങള്‍ക്കിടയിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ആന്‍റിബയോട്ടിക് പ്രതിരോധത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിന് വേണ്ട നടപടികള്‍ ഈ ആഴ്ച ആരംഭിക്കുന്നതാണ്. ഇതോടൊപ്പം ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഒരു വെബിനാര്‍ പരമ്പര ആരംഭിച്ചു. ഈ വെബിനാറില്‍ പങ്കെടുക്കുന്ന നാനാതുറയിലുള്ള വിദഗ്ധരുടെ ആശയങ്ങള്‍ ഉപയോഗിച്ച് വിപുലമായ മാര്‍ഗരേഖ ഉണ്ടാക്കുന്നതായിരിക്കും. സംസ്ഥാനത്തെ ആന്റിബയോട്ടിക് സാക്ഷരത നേടാനുള്ള ലക്ഷ്യങ്ങള്‍ക്ക് ഇത് ആക്കം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വര്‍ഷവും നവംബര്‍ 18 മുതല്‍ 24വരെ ലോക ആന്‍റിബയോട്ടിക് അവബോധ വാരാചരണമായി ആചരിച്ചുവരുന്നു. ആന്‍റിബയോട്ടിക്കിനെപ്പറ്റിയുള്ള അവബോധം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാഷണ പരമ്പരകള്‍ ആരംഭിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍, വിവിധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നു. വാരാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ആശുപത്രികളിലല്‍ നിന്നും ആന്റിബയോട്ടിക് പ്രതിരോധത്തെപ്പറ്റി അവബോധം നല്‍കുന്നതാണ്.

ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടിവരുന്നതിനേയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്ന് പറയുന്നത്. ഇതൊരു ആഗോള പ്രശ്‌നമാണ്. ഒരു വര്‍ഷം ലോകത്ത് 7 ലക്ഷം പേരോളം ആന്റിബയോട്ടിക് പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ അണുബാധ കാരണം മരണമടയുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിപ്പോഴേ പ്രതിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലുതാകുമെന്നാണ് കണക്കാക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആന്റിബയോട്ടിക് പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്.

കേരളത്തിലെ ഓരോ പൗരനും ആന്റിബയോട്ടിക്കിനെപ്പറ്റിയും കൃത്യമായ ഉപയോഗത്തെപ്പറ്റിയുമുള്ള വിവരം നല്‍കുക എന്നതാണ് ആന്റിബയോട്ടിക് സാക്ഷരതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ആന്റിബയോട്ടിക് കഴിക്കാന്‍ പാടുള്ളൂ, ഡോക്ടര്‍ പറഞ്ഞ കാലയളവ് മാത്രമേ കഴിക്കാവൂ, കഴിച്ച ആന്റിബയോട്ടിക് മറ്റാരുമായും പങ്കുവയ്ക്കരുത്, ഉപയോഗിച്ച ആന്റിബയോട്ടിക് പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത് തുടങ്ങിയവ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

 

Also Read: എന്തിനും ഏതിനും ഗുളിക വാങ്ങിക്കഴിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക...

click me!