
കൊവിഡ് 19 മഹാമാരിയുമായുള്ള ദീര്‍ഘമായ പോരാട്ടത്തിനൊടുവിലാണ് വാക്‌സിന്‍ എന്ന ആശ്വാസം നമ്മെ തേടിയെത്തിയത്. രൂക്ഷമായ കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് മൂന്നാം തരംഗത്തിന്റെ ഭീഷണിയിലേക്ക് കടക്കുമ്പോള്‍ വാക്‌സിന്‍ തന്നെയാണ് വലിയ തോതില്‍ ആശങ്കകള്‍ അകറ്റുന്നത്. എന്നാല്‍ വാക്‌സിനേഷന്‍ ആരംഭിച്ച സമയം മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
ഇവയില്‍ പ്രധാനമാണ് വാക്‌സിന്‍ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്നത്. അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാര്‍, ആര്‍ത്തവത്തിലിരിക്കുന്ന സ്ത്രീകള്‍ എന്നിവരും വാക്‌സിന്‍ സ്വീകരിക്കരുതെന്ന തരത്തിലുള്ള പ്രചാരണങ്ങളും വന്നിരുന്നു.
ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ നേരത്തെ തന്നെ ശാസ്ത്രലോകം ശക്തമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ ഈ വിഷയങ്ങളില്‍ വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കുകയാണ്. വളരെ സൂക്ഷ്മമായ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് കൊവിഡ് വാക്‌സിനുകള്‍ പ്രാബല്യത്തിലായിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഇത് ഭാവിയില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നുമാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി വിശദീകരിക്കുന്നത്.
'ശാസ്ത്രീയമായ പല പരീക്ഷണങ്ങളും പല ഘട്ടങ്ങളിലായി നടത്തിയ ശേഷമാണ് വാക്‌സിന്‍ അംഗീകരിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് വന്ധ്യതയ്ക്ക് കാരണമാകുമെന്നും മുലയൂട്ടുന്ന അമ്മമാരെയോ കുഞ്ഞുങ്ങളെയോ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. കൊവിഡിനെതിരെ ഫലപ്രദമായി പോരാടാന്‍ സഹായിക്കുന്നതും സുരക്ഷിതമായി തുടരാന്‍ നമുക്ക് വഴിയൊരുക്കുന്നതും വാക്‌സിന്‍ തന്നെയാണ്...'- ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.
കൊവിഡ് വാക്‌സിന്‍ മാത്രമല്ല, ഏത് തരം വാക്‌സിനുകളാണെങ്കിലും അവ മൃഗങ്ങളില്‍ വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തപ്പെട്ട ശേഷമാണ് മനുഷ്യരിലേക്കെത്തുന്നതെന്നും വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ വിദഗ്ധ സമിതി (NEGVAC) ചൂണ്ടിക്കാട്ടുന്നു.
പോളിയോ വാക്‌സിന്‍ സമയത്തും ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഭയവും ആശങ്കയും നിലനിനിന്നിരുന്നുവെന്ന് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധന്‍ ഡോ. എന്‍ കെ അറോറയും പറയുന്നു. ഇന്ത്യയില്‍ മാത്രമല്ല, ചില വിദേശരാജ്യങ്ങളിലും കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടന്നിരുന്നതായി അദ്ദേഹം ഓര്‍മ്മിക്കുന്നു. വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചും ഇങ്ങനെയുള്ള അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അവയെ എല്ലാം തള്ളിക്കളയേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam