ഉറക്കം കുറവാണോ? എങ്കിൽ കരുതിയിരുന്നോളൂ...

By Web TeamFirst Published Mar 19, 2021, 12:31 PM IST
Highlights

ഇന്ന് ലോക ഉറക്ക ദിനം. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ന് ലോക ഉറക്ക ദിനം. ഉറക്കം എന്നത് മനുഷ്യന് അനിവാര്യമായ കാര്യമാണ്. എന്നിരുന്നാലും ഉറക്കമില്ല എന്നത് പലരുടേയും പ്രധാന പരാതിയാണ്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നഷ്ടപ്പെടാം. ഉറക്കമില്ലായ്മയും അല്ലെങ്കില്‍ വൈകി ഉറങ്ങുന്നതും  പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം. 

നിങ്ങളുടെ പ്രതിരോധശേഷിയെ പോലും അത് ബാധിക്കും. രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഉറക്കക്കുറവ് നമ്മുടെ രോഗപ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. ഇത്തരത്തില്‍ പ്രതിരോധശേഷി കുറഞ്ഞവരില്‍ എപ്പോഴും ജലദോഷവും പനിയും വരാം. 

രണ്ട്...

ഉറക്കമില്ലായ്മ കൊണ്ടുണ്ടാകുന്ന ഒരു പ്രധാനപ്രശ്‌നമാണ് ഓര്‍മക്കുറവ്. ശരിയായ ഉറക്കം ലഭിക്കാത്തത് കുട്ടികളില്‍ പഠനവൈകല്യത്തിനും കാരണമാകുന്നുണ്ട്.

മൂന്ന്...

ശരിയായ ഉറക്കം ലഭിക്കാത്തവരില്‍ അമിതഭാരം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു. ഉറക്കക്കുറവ് ഉള്ളവരില്‍ വിശപ്പ് കുറയ്ക്കുന്ന ഹോർമോണിന്‍റെ അളവ് കുറവായിരിക്കും. ഇത് പതിവിലും അളവില്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. തന്മൂലം വണ്ണം കൂടാനുമുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അമിതവണ്ണം ഭാവിയില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചുവരുത്താം. 

നാല്...

ഉറക്കം ഇല്ലെങ്കില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത രണ്ടിരട്ടിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തെ പോലും ഈ  ഉറക്കക്കുറവ് ബാധിക്കാം. രാത്രി ശരിയായി ഉറക്കം ലഭിക്കാത്തവരില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുളളതാണ്. 

അഞ്ച്...

ഏകാഗ്രതക്കുറവ് അഥവാ എന്തു കാര്യം ചെയ്യുമ്പോഴും അതില്‍ പൂര്‍ണമായി ശ്രദ്ധ ചെലുത്താന്‍ കഴിയാതെ വരുന്നതും ഉറക്കക്കുറവ് കൊണ്ടുതന്നെയാണ്. നന്നായി ഉറങ്ങിയാല്‍ മാത്രമേ ഉന്മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒപ്പം മാനസിക പിരിമുറുക്കവും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ആറ്... 

എട്ടുമണിക്കൂര്‍ ഉറക്കം ലഭിക്കാത്തവരില്‍ രക്തസമ്മര്‍ദം പതിന്മടങ്ങ് വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  എട്ട് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ചു നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരില്‍ ഹൃദ്രോഗസാധ്യതയും ഏറെയാണ് എന്നും ചില പഠനങ്ങള്‍ പറയുന്നു. 

ഏഴ്...

നല്ല ഉറക്കം ലഭിക്കാത്തവരില്‍ കടുത്ത ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചർമ്മത്തിന് തിളക്കമില്ലായ്മ, ത്വക്കില്‍ ചുളുവുകള്‍ വരുക..തുടങ്ങിയ  ലക്ഷണങ്ങൾ ഉറക്കക്കുറവ് മൂലം ആകാം.

Also Read: രാത്രി നന്നായി ഉറങ്ങാന്‍ ചെയ്യാം ഈ ഏഴ് കാര്യങ്ങള്‍...

click me!