മഴക്കാല രോഗങ്ങൾ: ജാ​ഗ്രത വേണം, മുൻകരുതലുകളെടുക്കാം

By Web TeamFirst Published Jul 20, 2019, 10:52 AM IST
Highlights

ചൂടുവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ മാത്രം ഉപയോഗിക്കുക. പഴയതും തുറന്നുവച്ചതുമായ ഭക്ഷണം കഴിക്കരുത്. തോട്ടിലും അഴുക്കുവെള്ളത്തിലും കുളിക്കുന്നതും കാൽ കഴുകുന്നതും ഒഴിവാക്കുക. വെള്ളം ശേഖരിക്കുന്ന പത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം.

മഴക്കാലത്ത് പ്രധാനമായി പേടിക്കേണ്ടത് രോ​ഗങ്ങളെയാണ്. മഴക്കാല രോഗങ്ങൾ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. ഒന്ന്, വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ മറ്റൊന്ന്, കാറ്റിലൂടെ പകരുന്നവ. മഴക്കാലത്ത് മുഖ്യമായി പേടിക്കേണ്ട മൂന്ന് അസുഖങ്ങളാണ് വെെറൽപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എന്നിവ.

വെെറൽപ്പനി

മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍.

‌മഞ്ഞപ്പിത്തം ‌

ഈച്ച പരത്തുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധങ്ങളിലൂടെയും ഇത് പകരും. കടുത്ത പനി, തലവേദന, ശരീര വേദന, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. പെട്ടെന്ന് മരണത്തിനിടയാക്കുന്ന രോഗമാണിത്. നല്ല വിശ്രമവും പോഷകാഹാരവും നിർബന്ധമാണ്. എണ്ണയുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. 

ഡെങ്കിപ്പനി 

സാധാരണ പനിയിൽ നിന്നു വലിയ വ്യത്യാസമില്ലാത്തതിനാൽ തിരിച്ചറിയാൻ വൈകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് എന്ന കൊതുകാണ് ഇതു പകർത്തുന്നത്. കടുത്ത പനി, തലവേദന, ശരീരവേദന, കണ്ണിന് പിന്നിൽ വേദന, പേശികൾക്കും സന്ധികൾക്കും വേദന, രുചിയില്ലായ്മ, വിശപ്പില്ലായ്മ, ഛർദിയും ക്ഷീണവും ഇവയാണ് പ്രധാന ലക്ഷണങ്ങൾ. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

 കുട, റെയ്ൻ കോട്ട്, ഷൂ എന്നിവ നിർബന്ധമാക്കുക. 

ചൂടുവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ മാത്രം ഉപയോഗിക്കുക.

 ശരീരം, വസ്ത്രം, ഭക്ഷണം, വീട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുക. 

പോഷകാഹാരങ്ങൾ കഴിക്കുക. രോഗിയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.

വെള്ളം കെട്ടി നിൽക്കുന്നത് നശിപ്പിക്കുക. അതിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. അതിൽ മീൻ വളർത്തിയാൽ അവ ആ മുട്ടകൾ തിന്നുകൊള്ളും. ദൂരയാത്രകൾ ഒഴിവാക്കുക. 

പഴയതും തുറന്നുവച്ചതുമായ ഭക്ഷണം കഴിക്കരുത്. തോട്ടിലും അഴുക്കുവെള്ളത്തിലും കുളിക്കുന്നതും കാൽ കഴുകുന്നതും ഒഴിവാക്കുക. ചെരിപ്പിടാതെ നടക്കരുത്.

വെള്ളം ശേഖരിക്കുന്ന പത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. കൊതുക് കടക്കാത്ത വിധം ഇവ അടച്ചു വയ്ക്കുക. വീടിന്റെ ടെറസും സൺഷേഡും വെള്ളം കെട്ടിനിൽക്കാത്ത വിധം പണിയുക. കെട്ടിനിൽക്കുന്നുണ്ടെങ്കിൽ ആഴ്ചയിലൊരിക്കൽ അത് ഒഴുക്കിക്കളയുക.

ഭക്ഷണം കഴിക്കുന്നതിന് മുമ്പും പുറത്തുപോയി വരുമ്പോഴും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. 


 

click me!