
സ്ത്രീകളിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദ്രോഗം. പുരുഷന്മാരിൽ നിന്ന് ഇതിന്റെ ലക്ഷണങ്ങളും അപകടസാധ്യതകളും വ്യത്യസ്തമായതുകൊണ്ട് തന്നെ രോഗനിർണയം പലപ്പോഴും വൈകുന്നു. ഇക്കാര്യങ്ങൾ സ്ത്രീകൾ പ്രധാനമായും അറിഞ്ഞിരിക്കണം.
പുരുഷന്മാരെപ്പോലെ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം, കുടുംബപാരമ്പര്യം എന്നിവയെല്ലാം സ്ത്രീകളിലും ഹൃദ്രോഗ സാധ്യത കൂട്ടുന്നുണ്ട്. എന്നാൽ പിസിഒഎസ്, ലൂപ്പസ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഹൃദയത്തിനും രക്തക്കുഴലുകൾക്കും ദോഷം ചെയ്യും.
ഈസ്ട്രജൻ എന്ന ഹോർമോൺ ഹൃദയത്തിനും രക്തക്കുഴലുകൾക്കും സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ രക്തസമ്മർദ്ദവും കൊളസ്ട്രോളും കൂടാൻ തുടങ്ങും. രക്തക്കുഴലുകൾ കട്ടിയുള്ളതാകാനും സാധ്യതയുണ്ട്. അതിനാൽ ഈ സമയത്ത് ഹൃദയാരോഗ്യ പരിശോധനകൾ സ്ത്രീകൾക്ക് വളരെ പ്രധാനമാണ്.
ഹൃദയാഘാത ലക്ഷണങ്ങൾ
സ്ത്രീകളിൽ ഹൃദയാഘാതം എപ്പോഴും കടുത്ത നെഞ്ചുവേദനയോടെ ആകണമെന്നില്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, തലകറക്കം, താടിയെല്ലിന് വേദന, പുറത്തിന്റെ മുകൾ ഭാഗത്ത് വേദന, അമിതമായി വിയർക്കുക, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് സ്ത്രീകളിൽ കാണുന്നത്.
രക്തക്കുഴലിലെ ബ്ലോക്ക്
പുരുഷന്മാരിൽ സാധാരണയായി വലിയ രക്തക്കുഴലുകളിലെ ബ്ലോക്ക് മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. എന്നാൽ സ്ത്രീകളിൽ ഇത് ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന മൈക്രോവാസ്കുലർ ഡിസീസ്, രക്തക്കുഴലുകളിലെ പെട്ടെന്നുള്ള സങ്കോചം, പ്രസവത്തിന് ശേഷം സംഭവിക്കാവുന്ന സ്പൊണ്ടേനിയസ് ആർട്ടറി ഡിസെക്ഷൻ (SCAD), അല്ലെങ്കിൽ ബ്രോക്കൺ ഹാർട്ട് സിൻഡ്രോം എന്നിവയും ഹൃദയാഘാതത്തിന് കാരണമാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam