
നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്, അല്ലേ? ഇവയെ എല്ലാം പക്ഷേ നിസാരമായി അങ്ങനെ തള്ളിക്കളയാൻ സാധിക്കില്ല. കാരണം പല ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമുള്ള സൂചനകളോ ആദ്യപടിയോ ആവാം ഇവ.
ദൈനംദിനജീവിതത്തില്‍ ഏറെ പേരും നേരിടാറുള്ളൊരു പ്രശ്നം ഗ്യാസ്ട്രബിള്‍ ആണെന്ന് പറയാം. ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, ഓക്കാനം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെല്ലാം ദഹനപ്രശ്നങ്ങളാണ്. ഇതിന് പരിഹാരമായി ചില ഹെല്‍ത്തിയായ പാനീയങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തി നോക്കാവുന്നതാണ്. അവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ദഹനപ്രശ്നങ്ങളെ പരിഹരിക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ചേരുവയായ ഇഞ്ചി ചേര്‍ത്ത ഇഞ്ചിച്ചായ ആണ് ഗ്യാസിനെ നേരിടാൻ ആദ്യം പരീക്ഷിക്കേണ്ട പാനീയം. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
രണ്ട്...
പുതിനച്ചായയാണ് അടുത്തതായി ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്നതില്‍ നിന്ന് ആശ്വാസം കണ്ടെത്താൻ കഴിക്കാവുന്ന മറ്റൊരു പാനീയം. ഇതും ദഹനപ്രശ്നങ്ങളും ഗ്യാസും പരിഹരിക്കുന്നതിന് ഒരുപാട് സഹായിക്കും,
മൂന്ന്...
'ലെമണ്‍ വാട്ടര്‍'ഉം ഇത്തരത്തില്‍ ഗ്യാസിനെ പ്രതിരോധിക്കാൻ കഴിവുള്ള മറ്റൊരു പാനീയമാണ്. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ അരമുറി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചാല്‍ 'ലെമണ്‍ വാട്ടര്‍' ആയി.
നാല്...
പെരുഞ്ചീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസിന് ആശ്വാസം പകരും. കാരണം പെരുഞ്ചീരകത്തിനും ഇതുപോലെ ദഹനപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സവിശേഷമായ കഴിവുണ്ട്.
അഞ്ച്...
ദഹനത്തെ എളുപ്പമാക്കാൻ സഹായിക്കുന്നൊരു ഭക്ഷണമാണ് പൈനാപ്പിള്‍. ഇതും ഇഞ്ചിയും ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളകറ്റാൻ കഴിക്കാവുന്നതാണ്. പൈനാപ്പിളും ഇഞ്ചിയുമല്ലാതെ മറ്റ് ചേരുവകളൊന്നും തന്നെ ഇതില്‍ ചേര്‍ക്കേണ്ടതില്ല. ആവശ്യമെങ്കില്‍ അല്‍പം തേൻ കൂടി ചേര്‍ക്കാവുന്നതാണ്.
Also Read:- 'ഇന്ത്യക്കാരുടെ ഭക്ഷണരീതി മാറുന്നു'; ഇത് നല്ല മാറ്റമോ അതോ മോശം മാറ്റമോ!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam