കൊവിഡ് 19; ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?

By Web TeamFirst Published Apr 9, 2020, 5:29 PM IST
Highlights

കൊവിഡ് 19 സാധാരണക്കാരില്‍ പോലും ഉത്കണ്ഠകള്‍ സൃഷ്ടിക്കുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ ജാഗ്രതയെടുക്കാന്‍ പറയുന്നവര്‍ അതിലധികം ഉത്കണ്ഠയോ സമ്മര്‍ദ്ദമോ നേരിട്ടേക്കാം. എന്നാല്‍ അതിന്റെ ആവശ്യമില്ല. നമ്മള്‍ സ്വയം എത്രത്തോളും കരുതുന്നോ അത്രത്തോളം നമ്മള്‍ സുരക്ഷിതരായിരിക്കും. അക്കാര്യത്തില്‍ പേടിയേ വേണ്ട. ഹൃദ്രോഗമുള്ളവര്‍ പ്രത്യേകിച്ചും മാനസിക സമ്മര്‍ദ്ദങ്ങളെടുക്കാതിരിക്കുക

ലോകരാജ്യങ്ങളെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസിന്റെ വ്യാപനം തുടരുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പൊതുവേ കൊവിഡ് 19 എളുപ്പത്തില്‍ പിടിപെടുന്നത്. എന്നാല്‍ ആരോഗ്യസ്ഥിതി എത്തരത്തിലുള്ളവരാണെങ്കിലും ഈ വൈറസിനെ ഒന്ന് ഭയന്നേ പറ്റൂ. 

അതേസമയം ചില അസുഖങ്ങളുള്ളവരെ സംബന്ധിച്ച് കൊവിഡ് 19 കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നുണ്ട്. അവരില്‍ പ്രധാനപ്പെട്ട വിഭാഗമാണ് ഹൃദ്രോഗമുള്ളവര്‍. ഈ ഘട്ടത്തില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ഭയപ്പെടുന്നതിന് വേണ്ടിയല്ല ഇക്കാര്യം ഊന്നിപ്പറയുന്നതെന്നും മറിച്ച് സാധാരണക്കാരെ അപേക്ഷിച്ച് കുറെക്കൂടി ജാഗ്രത ഇവര്‍ പാലിക്കാന്‍ വേണ്ടിയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഹൃദയസംബന്ധമായ പ്രശ്‌നമുള്ളവര്‍ കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. 

എന്തുകൊണ്ട് ഹൃദ്രോഗമുള്ളവര്‍ക്ക് കൂടുതല്‍ ഭീഷണി?

പ്രധാനമായും ഹൃദയധമനികളില്‍ ബ്ലോക്കുള്ളവരും ആന്‍ജിയോപ്ലാസ്റ്റിയോ ബൈപാസ് സര്‍ജറിയോ കഴിഞ്ഞവരുമാണ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. എന്തെന്നാല്‍, കൊവിഡ് 19 വൈറസ് ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇവരുടെ ധമനികളിലുള്ള ബ്ലോക്ക് ശക്തമായേക്കാം. 

 

 

ഇതിന് പുറമെ ഹൃദയത്തിലെ മാംസപേശികളെ അപായപ്പെടുത്താനും വൈറസ് ബാധ കാരണമാകും. ഇത് വൈറല്‍ അണുബാധകളിലെല്ലാം സംഭവിക്കുന്നതാണ്. അതുപോലെ ഹൃദ്രോഗമില്ലാത്തവരിലും സംഭവിക്കാം. എന്നാല്‍ ഹൃദ്രോഗമുള്ളവരെ സംബന്ധിച്ച് ഇത് കൂടുതല്‍ ഭീഷണിയാകുന്നുവെന്ന് മാത്രം. 

ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍...

വീടിന് പുറത്തിറങ്ങാതിരിക്കുക, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക എന്നത് തന്നെയാണ് പ്രധാനമായും ഈ ഘട്ടത്തില്‍ ഹൃദ്രോഗമുള്ളവര്‍ ചെയ്യേണ്ടത്. വീട്ടിലുള്ളവരാണെങ്കില്‍ കൂടി, അവര്‍ പുറത്ത് പോകുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധിക്കുക. കാരണം, രോഗം ബാധിച്ചില്ലെങ്കില്‍പ്പോലും രോഗവാഹകരാകാന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കും. ഇതിന് ഉത്തമ ഉദാഹരണമാണ് കുട്ടികള്‍. 

കുട്ടികളില്‍ എളുപ്പത്തില്‍ കൊവിഡ് 19 പിടിപെടുന്നില്ല. എന്നാല്‍ അവര്‍ക്ക് വൈറസിന്റെ വാഹകരാകാം. അവരിലൂടെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലേക്കും പ്രായമായവരിലേക്കും വൈറസ് എത്തിയേക്കാം. പക്ഷേ, കുട്ടികളെപ്പോലെ രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുതിര്‍ന്നവര്‍ക്കോ ആരോഗ്യം കുറഞ്ഞവര്‍ക്കോ സാധിക്കണമെന്നില്ല.

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ്, ജീവിതശൈലി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ പ്രത്യേകം ഡയറ്റും വ്യായാമവും നിര്‍ദേശിക്കാറുണ്ട്. ഇത് കൃത്യമായി പാലിക്കാന്‍ ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കണം. കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണ് അധികവും കഴിക്കേണ്ടത്. എന്നാല്‍ ആവശ്യത്തിന് പ്രോട്ടീന്‍ ഉറപ്പുവരുത്തുകയും വേണം. 

 

 

വ്യായാമമായി മിക്കവാറും നടക്കാനാണ് ഹൃദയവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഉള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍ ഈ ഘട്ടത്തില്‍ പുറത്ത് നടക്കാന്‍ പോകാതിരിക്കുക. വീടിന്റെ തൊട്ടടുത്തുള്ള വഴിയല്ലേ, സുരക്ഷിതമല്ലേ എന്നൊന്നും ചിന്തിച്ച് പുറത്തേക്കിറങ്ങേണ്ട. കുറച്ച് ദിവസങ്ങള്‍ വീടിന്റെ ചുറ്റുപാടുമുള്ള സ്ഥലത്തോ ടെറസിലോ ഒക്കെത്തന്നെ നടത്തം തുടരുക.

വെള്ളം കുടിക്കുന്ന കാര്യത്തില്‍പ്പോലും പലപ്പോഴും ഹൃദ്രോഗികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ ഡോക്ടര്‍മാര്‍ നല്‍കാറുണ്ട്. ഇതും കൃത്യമായി പാലിക്കുക. 

എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിട്ട് പോലും കൊവിഡ് 19 ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കരുത്. ഒരുപക്ഷേ സാധാരണഗതിയിലുള്ള ജലദോഷമോ തൊണ്ടവേദനയോ ഒക്കെ ആകാമിത്. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ നമുക്കാവില്ലല്ലോ. ശ്വാസതടസം, അസാധാരണമായ ക്ഷീണം, മേലുവേദന, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ തീര്‍ച്ചയായും കരുതലെടുക്കുക. 

സന്തോഷമായിരിക്കാം, പ്രതീക്ഷ മുറുകെപ്പിടിക്കാം...

കൊവിഡ് 19 സാധാരണക്കാരില്‍ പോലും ഉത്കണ്ഠകള്‍ സൃഷ്ടിക്കുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ ജാഗ്രതയെടുക്കാന്‍ പറയുന്നവര്‍ അതിലധികം ഉത്കണ്ഠയോ സമ്മര്‍ദ്ദമോ നേരിട്ടേക്കാം. എന്നാല്‍ അതിന്റെ ആവശ്യമില്ല. നമ്മള്‍ സ്വയം എത്രത്തോളും കരുതുന്നോ അത്രത്തോളം നമ്മള്‍ സുരക്ഷിതരായിരിക്കും. അക്കാര്യത്തില്‍ പേടിയേ വേണ്ട. ഹൃദ്രോഗമുള്ളവര്‍ പ്രത്യേകിച്ചും മാനസിക സമ്മര്‍ദ്ദങ്ങളെടുക്കാതിരിക്കുക. സന്തോഷത്തോടെയും പ്രതീക്ഷയോടെയും ക്ഷമയോടെയും ഈ മഹാമാരിയുടെ ഭീഷണി അവസാനിക്കും വരെ തുടരാം. 

click me!