കൊവിഡിനെതിരെ മരുന്ന് അല്ലെങ്കിൽ വാക്സിൻ ഇതുവരെ കണ്ടുപിടിക്കാനാവാത്തതെന്ത് ?

By Web TeamFirst Published Apr 9, 2020, 3:17 PM IST
Highlights

ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും, മഹാമാരി വിതയ്ക്കുന്ന വൈറസിനെതിരെ ഒരു മരുന്ന് അല്ലെങ്കിൽ വാക്സിൻ ഇതുവരെ കണ്ടുപിടിക്കാനാവാത്തതെന്ത്? ന്യായമായ ഈ ചോദ്യത്തിന് ഇൻഫോക്ലിനിക്കിന്‍റെ പേജിലൂടെ മറുപടി പറയുകയാണ് ഡോ. ദീപു സദാശിവൻ, ഡോ. നവ്യ തൈക്കാട്ടിൽ എന്നിവര്‍. 

ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും, മഹാമാരി വിതയ്ക്കുന്ന വൈറസിനെതിരെ ഒരു മരുന്ന് അല്ലെങ്കിൽ വാക്സിൻ ഇതുവരെ കണ്ടുപിടിക്കാനാവാത്തതെന്ത്? ന്യായമായ ഈ ചോദ്യത്തിന് ഇൻഫോക്ലിനിക്കിന്‍റെ പേജിലൂടെ മറുപടി പറയുകയാണ് ഡോ. ദീപു സദാശിവൻ, ഡോ. നവ്യ തൈക്കാട്ടിൽ എന്നിവര്‍. 

ലോകത്തെ പിടിച്ചു കുലുക്കിയ പല മഹാമാരികളെയും ശാസ്ത്രം പിടിച്ചു കെട്ടിയിട്ടുണ്ട്. വസൂരിയെ ഉന്മൂലനം ചെയ്തു, ഫലപ്രദമായ ആന്റി ബയോട്ടിക്കുകളുടെ ആവിർഭാവവും രോഗപ്പകർച്ചയെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവും ഒക്കെ കൊണ്ട് പണ്ടത്തെ വില്ലന്മാരായ പ്ളേഗും, കോളറയുമൊക്കെ നിലവിൽ ഭീഷണിയല്ല.

എന്നാൽ ശാസ്ത്രത്തെ വെല്ലുന്ന മിടുക്കന്മാരാണ് വൈറസുകൾ. അതിലെ ഒടുവിലത്തെ അവതാരമായ കോവിഡ് 19 ഉണ്ടാക്കുന്ന Sars-CoV-2 കൊറോണ വൈറസിനെ തളയ്ക്കാനുള്ള, നിതാന്തപരിശ്രമത്തിലാണ് ശാസ്ത്രലോകമെന്ന് നാം അറിയണം.

 ഡിസംബർ 2019 ൽ ഈ രോഗം ആവിർഭവിച്ചപ്പോൾ തൊട്ട് ശാസ്ത്രം എന്തൊക്കെ ചെയ്തു എന്ന് നോക്കാം. ഇന്ന് നമ്മൾക്ക് കൊറോണയെക്കുറിച്ചുള്ള അറിവുകൾ പോലും, ശാസ്ത്രീയ നിരീക്ഷണ ഗവേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് ഓർക്കുക.

രോഗം സ്ഥിരീകരിച്ച ആദ്യ ആഴ്ച്ചകളിൽ തന്നെ, കോവിഡ്19 ഉണ്ടാക്കുന്ന വൈറസിന്റെ ജനിതക ഘടന മുഴുവനായും ചൈന കണ്ടെത്തുകയും, ലോകത്തിന് നൽകുകയും ചെയ്തിരുന്നു. ഇത് തുടർ ഗവേഷണങ്ങൾക്ക് വലിയ ഗുണകരമായി.

രോഗപ്പകർച്ച എങ്ങനെ നടക്കുന്നു/ നടക്കുന്നില്ല എന്നൊക്കെയുള്ള അറിവ് ഈ മഹാമാരിയെ നേരിടുന്നതിൽ നമ്മെ സഹായിച്ചു. ആഡംബര കപ്പലുകളിൽ നടന്ന രോഗബാധയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ തുടക്കത്തിൽ ഗുണകരമായി.

പ്രാഥമിക പഠനങ്ങളിൽ നിന്ന് നമ്മുക്ക് രോഗത്തിൻ്റെ ഇൻക്യുബേഷൻ കാലയളവ് അറിയാനും, അതിൽ നിന്ന് ഐസൊലേഷൻ / ക്വാറൻ്റയിൻ എത്ര നാൾ എന്ന് നിശ്ചയിക്കാനും കഴിഞ്ഞു. ഡ്രോപ്പ്ലെറ്റ് ഇൻഫെക്ഷൻ മൂലമുള്ള പകർച്ച എന്ന അറിവ് സോഷ്യൽ സിസ്റ്റൻസിങ്ങ് എന്ന തന്ത്രം (2 മീറ്റർ ശാരീരിക അകലം) രൂപീകരിക്കാൻ സഹായിച്ചു. മാസ്കിൻ്റെ ശരിയായ ഉപയോഗത്തിൻ്റെ പ്രാധാന്യം ജനങ്ങളിൽ പ്രചരിപ്പിക്കാൻ സാധിച്ചു.

ഫോമൈറ്റ് ട്രാൻസ്മിഷൻ (സ്പർശനത്തിലൂടെ, കൈകൾ മുഖേനയുള്ള പകർച്ച) കണ്ടെത്തിയത് പ്രകാരം കൈകളുടെ ശുചിത്വം എത്ര പ്രധാനം എങ്ങനെ എന്നൊക്കെ പ്രചരിപ്പിക്കാൻ സാധിച്ചു. വൈറസിനെ കണ്ടെത്തി ജനിതക പഠനങ്ങൾ നടത്താനായത് കൊണ്ട്, രോഗ നിർണ്ണ ടെസ്റ്റുകൾ കണ്ടെത്താനായി. രണ്ടിലധികം തരം മേജർ ടെസ്റ്റുകൾ കണ്ടെത്തി അതിൻ്റെ സംവിധാനങ്ങൾ ഉണ്ടാക്കിയത്, നേരത്തേ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രണത്തിൽ വരുത്തുന്നതിൽ പ്രധാന കാൽ വെയ്പ്പായിരുന്നു.

രോഗം ഗുരുതരമാവുന്നവർക്ക് വേണ്ട ചികിത്സാവിധികൾ, ഓക്സിജനും, വെൻ്റിലേറ്ററും ഉൾപ്പെടെയുള്ള ലൈഫ് സപ്പോർട്ട് ഇത്യാദി മുൻപേ ശാസ്ത്രം പ്രദാനം ചെയ്തിരിക്കുന്നത് കൊണ്ടാണ് രോഗം വന്ന 90 വയസ്സ് കഴിഞ്ഞവരെ പോലും നമ്മുക്ക് രക്ഷിക്കാൻ കഴിഞ്ഞത്, മരണനിരക്ക് 5 %ലും താഴെയാക്കി നിർത്താൻ കഴിയുന്നത്.

കൊവിഡിനെതിരെ ചികിത്സാ വിധികൾ 

ശാസ്ത്ര ലോകം എന്തൊക്കെ ആയുധങ്ങളാണ് വാർത്തെടുക്കാൻ ശ്രമിക്കുന്നത്? 

യജ്ഞം തുടങ്ങിയിട്ടേയുള്ളൂ, വൈറസിനെ / രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനും, രോഗ നിർണ്ണയ ഉപാധികളും, മരുന്നും, വാക്സിനും നിർമ്മിക്കാനുമുള്ള ഗവേഷണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ലോകമെമ്പാടും നടക്കുന്നു.

വാക്സിൻ ഗവേഷണങ്ങൾ

സർക്കാർ & സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളടക്കം ലോകമെമ്പാടുമുള്ള 35 ലേറെ പ്രമുഖ സ്ഥാപനങ്ങളാണ് ഒരു വാക്സിന് വേണ്ടി അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് പ്രധാന സംഭവഗതികൾ.

  • ഇപ്പോൾതന്നെ നാല് സാധ്യതാവാക്സിനുകൾ (Candidate vaccine), മൃഗങ്ങളിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലേക്ക് വികസിപ്പിച്ചിട്ടുണ്ട്.
  • മോഡേണ' എന്ന അമേരിക്കൻ കമ്പനി, ചൈനയിൽ നിന്ന് വൈറസിൻ്റെ ജനിതക ഘടന വിവരങ്ങൾ പുറത്ത് വന്ന് 42 ദിവസങ്ങൾ കൊണ്ട് പരീക്ഷണ വാക്സിൻ വികസിപ്പിച്ചെടുത്തു. മെർസ് രോഗത്തിന് വേണ്ടി വാക്‌സിൻ പഠനങ്ങൾ മുൻപ് നടത്തിയിട്ടുള്ള ഈ സ്ഥാപനത്തിന്, അതേ കൊറോണ ഗ്രൂപ്പിലുള്ള ഈ പുതിയവൈറസിനെതിരെയും കാലതാമസമില്ലാതെ, ഒരു സാധ്യതാ വാക്സിൻ കണ്ടെത്താനായി. മനുഷ്യരിൽ ഈ വാക്സിൻ പരീക്ഷിച്ചു തുടങ്ങി.
  • അതുപോലെ 'നോവാവാക്സ്' എന്ന കമ്പനിയ്ക്ക്, ഉടനടി പരീക്ഷണങ്ങൾ തുടങ്ങാവുന്ന ഘട്ടത്തിലുള്ള ഒന്നിലധികം സാധ്യതാ വാക്സിനുകളുമുണ്ട്. ഇവർ മുൻപ് സാർസ് രോഗത്തിനെതിരെയുള്ള വാക്സിൻ പഠനങ്ങൾ നടത്തിയിരുന്നു. സാർസ് വൈറസും ഇപ്പോഴത്തെ കോവിഡ് വൈറസും 80 മുതൽ 90% വരെ സാമ്യമുള്ളവയാണ്.
  • Altimmune എന്ന US കമ്പിനി മൂക്കിലൂടെ സ്പ്രേ ആയി പ്രയോഗിക്കുന്ന ഒരു വാക്സിൻ്റെ ആദ്യ പരീക്ഷണഘട്ടങ്ങളിലാണ്.
  • Inovio എന്ന കമ്പിനി വികസിപ്പിക്കുന്ന ചൈനയിൽ നിന്നുള്ള ആദ്യ കോവിഡ് - 19 വാക്സിൻ, ഏപ്രിൽ മുതൽ മനുഷ്യരിൽ പരീക്ഷിക്കപ്പെടും എന്നു കരുതുന്നു.

 

സാധാരണയായി ഒരു പുതിയ വാക്സീൻ പല ഘട്ടങ്ങളിലായി വികസിപ്പിച്ചെടുക്കുവാൻ ചുരുക്കം ഒരു വർഷമെങ്കിലും വേണം. എന്നാൽ, മേൽപറഞ്ഞവയിൽ ഏതെങ്കിലും ഒന്ന് ഫലപ്രദമാണെന്ന് വന്നാൽ, സാധാരണ ഉണ്ടാവുന്നത്ര കാലതാമസമില്ലാതെ തന്നെ കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുവാൻ സാധിച്ചേക്കും.

എഴുതിയത്: ഡോ. ദീപു സദാശിവൻ, ഡോ. നവ്യ തൈക്കാട്ടിൽ

click me!