Bloating Reasons : എപ്പോഴും വയറിന് പ്രശ്‌നമാണോ? അറിയേണ്ട കാര്യങ്ങള്‍...

By Web TeamFirst Published Feb 26, 2022, 8:55 PM IST
Highlights

'ഐബിഎസ്' ( ഇറിറ്റബള്‍ ബവല്‍ സിന്‍ഡ്രോം), 'ഐബിഡി' ( ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്) എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍, ഏതെങ്കിലും ഭക്ഷണം നമുക്ക് പിടിക്കാതെ വരിക - എന്നീ സന്ദര്‍ഭങ്ങളിലെല്ലാം വയര്‍ വീര്‍ത്തുവരുന്ന അവസ്ഥയുണ്ടായിരിക്കും. എന്നാലിവയ്ക്ക് പുറമെ വേറെയും ചില കാരണങ്ങള്‍ കൂടി വയര്‍ വീര്‍ത്തിരിക്കാന്‍ ഇടയാക്കാം
 

നിത്യജീവിതത്തില്‍ ( Daily Life ) നാം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ( Health Issues ) നേരിടാം. അക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്നൊരു പ്രശ്‌നമാണ് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍. ഒന്നുകില്‍ ഗ്യാസ്, അല്ലെങ്കില്‍ അസിഡിറ്റി ( Gas and Acidity ) , വേദന എന്നിങ്ങനെ പോകും ഈ പരാതികള്‍. 

ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ? എപ്പോഴും വയര്‍ വീര്‍ത്തിരിക്കുന്നു എന്ന്. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലുമെല്ലാം വയര്‍ വീര്‍ത്തിരിക്കും. ഇത് അസ്വസ്ഥതകള്‍ക്കും കാരണമാകും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? 

'ഐബിഎസ്' ( ഇറിറ്റബള്‍ ബവല്‍ സിന്‍ഡ്രോം), 'ഐബിഡി' ( ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്) എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍, ഏതെങ്കിലും ഭക്ഷണം നമുക്ക് പിടിക്കാതെ വരിക - എന്നീ സന്ദര്‍ഭങ്ങളിലെല്ലാം വയര്‍ വീര്‍ത്തുവരുന്ന അവസ്ഥയുണ്ടായിരിക്കും. എന്നാലിവയ്ക്ക് പുറമെ വേറെയും ചില കാരണങ്ങള്‍ കൂടി വയര്‍ വീര്‍ത്തിരിക്കാന്‍ ഇടയാക്കാറുണ്ടെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര പറയുന്നത്. ആ കാരണങ്ങള്‍ കൂടി അറിയൂ...

ഒന്ന്...

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് അധികമായാല്‍ ഇങ്ങനെ സംഭവിക്കാം.

അതിനാല്‍ ഇനി തൊട്ട് ഭക്ഷണം കഴിക്കാന്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിലെ ഉപ്പിന്റെ അളവ് കൂടി നിജപ്പെടുത്തുക. 

രണ്ട്...

ഒറ്റയടിക്ക് ഒരുപാട് ഭക്ഷണം കഴിക്കുന്നത്, അതുപോലെ വേഗത്തില്‍ ഒരുപാട് ഭക്ഷണം കഴിക്കുന്നതെല്ലാം വയര്‍ വീര്‍ത്തുവരാന്‍ കാരണമാകും. 

മൂന്ന്...

കാര്‍ബണേറ്റഡ് ഡ്രിംഗ്‌സ് കഴിക്കാന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. പൊതുവേ ഇവ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഭക്ഷണം കഴിക്കുന്നതിന് ഇടയ്ക്ക് തന്നെ ഇത്തരം പാനീയങ്ങള്‍ കഴിക്കുകാണെങ്കില്‍ വയര്‍ വീര്‍ത്തുവരാനുള്ള സാധ്യതയുണ്ട്. 

നാല്...

ഉറക്കക്രമം ശരിയല്ലെങ്കിലും ചിലരില്‍ വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥയുണ്ടാകാം. അതിനാല്‍ ഉറക്കം കൃത്യമായി ഉറപ്പാക്കുക. വയറിനെ മാത്രമല്ല, ഉറക്കം ശരിയല്ലെങ്കില്‍ അത് ആകെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.

അഞ്ച്...

ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവയും വയര്‍ വീര്‍ക്കുന്നതിന് കാരണമാകാറുണ്ട്. ഈ പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിക്കുന്ന ഘടകങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞ്, അവയെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഉദരസംബന്ധമായ വിഷമതകള്‍ കൂടുകയേ ഉള്ളൂ.

ആറ്...

മലബന്ധവും വയര്‍ വീര്‍ത്തിരിക്കാന്‍ കാരണമാകാം. ചിലര്‍ക്ക് ഇടവിട്ട് മലബന്ധം അനുഭവപ്പെടാറുണ്ട്.

മറ്റ് ചിലര്‍ക്കാണെങ്കില്‍ ഡയറ്റ്- ലൈഫ്‌സ്റ്റൈല്‍ മാറ്റത്തിന് അനുസരിച്ചും മലബന്ധം ഉണ്ടാകാം. 

ഏഴ്...

തുടര്‍ച്ചയായി ബബിള്‍ ഗം, അല്ലെങ്കില്‍ ഏലയ്ക്ക ഒക്കെ വായിലിട്ട് ചവയ്ക്കുന്ന ശീലമുള്ളവരിലും വയര്‍ വീര്‍ത്തുവരാം. അതിനാൽ ഈ ശീലമുണ്ടെങ്കിൽ നി‍ബന്ധമായും അത് ഒഴിവാക്കുക

എട്ട്...

കാര്യമായ വ്യായാമമൊന്നുമില്ലാതെ തുടരുന്നവരിലും എപ്പോഴും വയര്‍ വീര്‍ത്തുകെട്ടാം. കഴിക്കുന്ന ഭക്ഷണത്തിനും, പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ച് നിര്‍ബന്ധമായും കായികമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ എപ്പോഴും ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പല രോഗങ്ങളും നമ്മെ കീഴ്‌പ്പെടുത്താം. 

Also Read:- ഗ്രീന്‍ ടീ കുടിച്ചാൽ ഇത്രയും ​ഗുണങ്ങളോ...!

click me!