ഇന്ന് ക്യാൻസർ സ്ഥിരീകരിക്കുന്ന ദിവസം മുതൽ ഒരാളെ നമ്മൾ 'അതിജീവൻ' അഥവാ 'സർവൈവർ' എന്നാണ് വിളിക്കുന്നത്. ഈ ദിനം കേവലം അർബുദത്തെ പരാജയപ്പെടുത്തിയവർക്കുള്ള ഒരു ആഘോഷം മാത്രമല്ല, മറിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നവർക്ക് വലിയൊരു പ്രചോദനം നൽകുന്ന ദിനം കൂടിയാണ്.

ക്യാൻസർ എന്നത് മനുഷ്യരാശിയെ ഇന്നും ഭയപ്പെടുത്തുന്ന ഒരു പദമാണ്. എന്നാൽ ആ ഭയത്തിന്റെ നിഴലിൽ നിന്ന് മാറി, പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും പുതിയൊരു പ്രഭാതം നമ്മൾ കണ്ടുതുടങ്ങിയിരിക്കുന്നു. എല്ലാ വർഷവും ജൂൺ മാസത്തിൽ നമ്മൾ ആചരിക്കുന്ന ദേശീയ കാൻസർ അതിജീവന ദിനം (National Cancer Survivors Day) നമ്മെ ഓർമ്മിപ്പിക്കുന്നത് ഈ പോരാട്ടത്തിന്റെ വലിയ വിജയഗാഥകളാണ്. വൈദ്യശാസ്ത്രം കാൻസറിനെ ഒരു മരണവാറണ്ടായി മാത്രം കണ്ടിരുന്ന കാലം കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് ക്യാൻസർ സ്ഥിരീകരിക്കുന്ന ദിവസം മുതൽ ഒരാളെ നമ്മൾ 'അതിജീവൻ' അഥവാ 'സർവൈവർ' എന്നാണ് വിളിക്കുന്നത്. ഈ ദിനം കേവലം അർബുദത്തെ പരാജയപ്പെടുത്തിയവർക്കുള്ള ഒരു ആഘോഷം മാത്രമല്ല, മറിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നവർക്ക് വലിയൊരു പ്രചോദനം നൽകുന്ന ദിനം കൂടിയാണ്. 

മരണത്തെ മുഖാമുഖം കണ്ട്, അതിനെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ലക്ഷക്കണക്കിന് മനുഷ്യർ നമുക്കിടയിലുണ്ട്. അവരുടെ അനുഭവങ്ങൾ, അവരുടെ പോരാട്ടവീര്യം, അവർ സമൂഹത്തിന് നൽകുന്ന സന്ദേശം എന്നിവയെല്ലാം ഈ ദിനത്തിൽ നാം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. കാൻസർ ബാധിതരുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടിവരുന്ന ഈ സാഹചര്യത്തിൽ ഈ ദിനത്തിന് പ്രസക്തിയേറുകയാണ്.

ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടവും മാറുന്ന ചികിത്സാ രീതികളും

ആധുനിക വൈദ്യശാസ്ത്രം, പ്രത്യേകിച്ച് ശസ്ത്രക്രിയാ രംഗം കാൻസർ ചികിത്സയിൽ കൈവരിച്ച നേട്ടങ്ങൾ അതിശയകരമാണ്. ഗാസ്ട്രോ ഇന്റസ്റ്റിനൽ അഥവാ ഉദരസംബന്ധമായ കാൻസറുകളുടെ ചികിത്സയിൽ ദശാബ്ദങ്ങൾക്ക് മുൻപുള്ള അവസ്ഥയായിരുന്നില്ല ഇന്ന് ഉള്ളത്. 

ആമാശയം, കുടൽ, പാൻക്രിയാസ്, കരൾ, അന്നനാളം തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകൾക്ക് മുൻപൊക്കെ വലിയ മുറിവുകളിലൂടെയുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വേണ്ടിയിരുന്നു. ഇതിലൂടെ രോഗിക്ക് അനുഭവിക്കേണ്ടി വന്നിരുന്ന വേദനയും ശാരീരികമായ ബുദ്ധിമുട്ടുകളും വളരെ വലുതായിരുന്നു. എന്നാൽ ഇന്ന് അത്തരം സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്രോസ്കോപ്പി) വളരെ വിജയകരമായി ചെയ്യാൻ സാധിക്കുന്നു. 

കരൾ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളിലെ സങ്കീർണ്ണമായ കാൻസറുകൾ പോലും ഇന്ന് വളരെ ചെറിയ സുഷിരങ്ങളിലൂടെ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാൻ ആധുനിക സാങ്കേതികവിദ്യ സഹായിക്കുന്നു. ഇത്തരം ശസ്ത്രക്രിയകളിൽ രക്തസ്രാവം കുറവാണെന്നതും, അണുബാധയ്ക്കുള്ള സാധ്യതകൾ വിരളമാണെന്നതും രോഗിയുടെ അതിജീവന നിരക്ക് പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. വലിയ മുറിവുകൾ ഇല്ലാത്തതിനാൽ രോഗിക്ക് വളരെ വേഗം തന്നെ ആശുപത്രി വിടാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഈ ആധുനിക ശസ്ത്രക്രിയാ രീതികൾ സഹായിക്കുന്നുണ്ട്.

കഴിഞ്ഞ ഇരുപതിലേറെ വർഷങ്ങളായി ലാപ്രോസ്കോപ്പിക് കാൻസർ ചികിത്സാ രംഗത്ത് ഞാൻ പ്രവർത്തിച്ചുവരുന്നു. അന്നനാളം, പാൻക്രിയാസ്, കരൾ, പിത്തനാളി തുടങ്ങിയ ഉദരാശയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്രോസ്കോപ്പി) വിജയകരമായി ഭേദമാക്കാൻ സാധിച്ചിട്ടുണ്ട്. ഇതിനോടകം പന്ത്രണ്ടായിരത്തോളം കാൻസർ ശസ്ത്രക്രിയകളാണ് ഈ രീതിയിലൂടെ മാത്രം പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് വിധേയരായവരിൽ 70 ശതമാനത്തിലധികം രോഗികളും ദീർഘകാല അതിജീവനം സാധ്യമാക്കിയവരാണ്. ശരീരത്തിൽ യാതൊരുവിധ പാടുകളും അവശേഷിപ്പിക്കാത്ത ശസ്ത്രക്രിയാ രീതിയായതിനാൽ, തങ്ങൾക്ക് കാൻസർ ബാധിച്ചിരുന്നുവെന്ന യാഥാർത്ഥ്യം പോലും മറന്ന് സാധാരണ ജീവിതം നയിക്കാൻ ഇന്ന് പല രോഗികൾക്കും സാധിക്കുന്നുണ്ട്.

ശസ്ത്രക്രിയയ്ക്ക് പുറമെ, കീമോതെറാപ്പി, റേഡിയേഷൻ എന്നീ മേഖലകളിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. പുതിയ തലമുറയിൽപ്പെട്ട മരുന്നുകൾ കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യം വെച്ച് നശിപ്പിക്കുന്നവയാണ്. ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ നവീന ചികിത്സകൾ പാർശ്വഫലങ്ങൾ വളരെ കുറച്ചു കൊണ്ട് കൂടുതൽ കാര്യക്ഷമമായ രോഗശാന്തി നൽകാൻ പര്യാപ്തമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് കാൻസർ എന്ന മഹാമാരിക്ക് മുന്നിൽ മനുഷ്യൻ നിസ്സഹായനല്ല എന്ന് തന്നെയാണ്.

നേരത്തെയുള്ള രോഗനിർണ്ണയം ജീവൻ രക്ഷിക്കും

കാൻസർ അതിജീവനത്തിന്റെ ഏറ്റവും വലിയ രഹസ്യം എന്നത് രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുക എന്നതാണ്. എത്ര നവീനമായ ചികിത്സകൾ ലഭ്യമാണെങ്കിലും, രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന ശേഷം (മെറ്റാസ്റ്റാസിസ്) അത് നിയന്ത്രിക്കുക എന്നത് വൈദ്യശാസ്ത്രത്തിന് ഇന്നും വലിയൊരു വെല്ലുവിളിയാണ്. അതിനാൽ തന്നെ നേരത്തെയുള്ള രോഗനിർണ്ണയത്തിന് അങ്ങേയറ്റത്തെ പ്രാധാന്യമുണ്ട്.

 നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങളെ നാം പലപ്പോഴും അവഗണിക്കാറാണ് പതിവ്. വിട്ടുമാറാത്ത ചുമ, ശബ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ശരീരത്തിലെ മുഴകൾ, ദഹനപ്രശ്നങ്ങൾ, മലമൂത്ര വിസർജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ, വിശദീകരിക്കാനാവാത്ത ഭാരക്കുറവ് തുടങ്ങിയ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്. 

വയറ്റിലെ ക്യാൻസറുകൾ പലപ്പോഴും പ്രാരംഭ ദശയിൽ വലിയ ലക്ഷണങ്ങൾ കാണിക്കാറില്ല എന്നത് നാം പ്രത്യേകം ഓർക്കണം. സാധാരണ ഗ്യാസ്ട്രബിൾ ആണെന്ന് കരുതി നാം നിസ്സാരവൽക്കരിക്കുന്ന പല ലക്ഷണങ്ങളും ചിലപ്പോൾ ആമാശയത്തിലോ കുടലിലോ ഉള്ള കാൻസറിന്റെ തുടക്കമാകാം. അതിനാൽ കൃത്യമായ പരിശോധനകൾ അനിവാര്യമാണ്. ഓരോ പ്രായക്കാർക്കും നിർദ്ദേശിച്ചിട്ടുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ കൃത്യമായി ചെയ്യേണ്ടതുണ്ട്.

 ഉദാഹരണത്തിന്, സ്തനാർബുദം കണ്ടെത്താൻ മാമോഗ്രാം, ഗർഭാശയ കാൻസർ കണ്ടെത്താൻ പാപ് സ്മിയർ, വൻകുടലിലെ കാൻസർ കണ്ടെത്താൻ കൊളോണോസ്കോപ്പി തുടങ്ങിയ പരിശോധനകൾ ഇന്ന് നമ്മുടെ നാട്ടിലും സുലഭമാണ്. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വളരെ മുൻപ് തന്നെ ഇത്തരം പരിശോധനകളിലൂടെ കാൻസർ സാന്നിധ്യം തിരിച്ചറിയാനും, അതുവഴി പൂർണ്ണമായ രോഗമുക്തി നേടാനും സാധിക്കും. കുടുംബത്തിൽ കാൻസർ പാരമ്പര്യമുള്ളവരും ജനിതകമായി കാൻസർ വരാൻ സാധ്യതയുള്ളവരും ഇത്തരം സ്ക്രീനിംഗ് പരിശോധനകളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ജീവിതശൈലിയും ഭക്ഷണക്രമവും വഹി ക്കുന്ന പങ്ക്

കാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിൽ നമ്മുടെ മാറിയ ജീവിതശൈലിക്കും ഭക്ഷണക്രമത്തിനും വലിയ പങ്കുണ്ട്. പ്രത്യേകിച്ച് കേരളീയരുടെ ഇടയിൽ കുടൽ കാൻസർ, ആമാശയ കാൻസർ തുടങ്ങിയവ വർദ്ധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണത്തിന്റെ കുറവ്, അമിതമായ മാംസാഹാര ഉപയോഗം, കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളുടെ സ്ഥിരമായ ഉപഭോഗം എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്. 

ഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മുടെ യുവതലമുറയെ വലിയ തോതിൽ രോഗികളാക്കുന്നുണ്ട്. അമിതവണ്ണം പലവിധ കാൻസറുകൾക്കുമുള്ള ഒരു പ്രധാന കാരണമാണ്. ചിട്ടയായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും ശീലമാക്കുന്നതിലൂടെ ഒരു പരിധി വരെ കാൻസറിനെ നമുക്ക് അകറ്റി നിർത്താൻ കഴിയും. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. പുകവലിയും മദ്യപാനവും പൂർണ്ണമായും ഉപേക്ഷിക്കുക എന്നത് കാൻസർ പ്രതിരോധത്തിലെ ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്.

മാനസിക കരുത്തും സമൂഹത്തിന്റെ പിന്തുണയും

ശാരീരികമായ ചികിത്സകൾക്കൊപ്പം തന്നെ, ഒരുപക്ഷേ അതിനേക്കാൾ ഉപരിയായി കാൻസർ രോഗിക്ക് ആവശ്യമുള്ളത് ഉറച്ച മാനസിക പിന്തുണയാണ്. തനിക്ക് കാൻസർ ആണ് എന്ന് തിരിച്ചറിയുന്ന ഏതൊരു മനുഷ്യനിലൂടെയും കടന്നുപോകുന്ന കടുത്ത മാനസിക സംഘർഷങ്ങളുണ്ട്. നിരാശ, ഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ വികാരങ്ങൾ അവരെ തളർത്തിയേക്കാം. അവിടെയാണ് മെഡിക്കൽ ചികിത്സകൾക്കൊപ്പം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹം വലിയൊരു ഔഷധമായി മാറുന്നത്.

ക്യാൻസർ എന്ന രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭീതി സമൂഹത്തിൽ നിന്ന് ഇനിയും പൂർണ്ണമായി മാറിയിട്ടില്ല. സമാധാനപരമായ അന്തരീക്ഷവും, ഒപ്പമുണ്ടെന്നുള്ള പ്രിയപ്പെട്ടവരുടെ ഉറപ്പും കാൻസർ രോഗികളുടെ പ്രതിരോധശേഷിയെ വരെ അനുകൂലമായി സ്വാധീനിക്കുമെന്ന് ശാസ്ത്രം പറയുന്നു. ഇന്ന് മിക്ക ആശുപത്രികളിലും സൈക്കോ-ഓങ്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാണ്. 

കൗൺസിലിംഗിലൂടെയും സപ്പോർട്ട് ഗ്രൂപ്പുകളിലൂടെയും രോഗികൾക്ക് മാനസികമായ കരുത്ത് പകരാൻ ഇവർ സഹായിക്കുന്നു. ഒരുമിച്ച് പോരാടിയാൽ തോൽപ്പിക്കാനാവാത്തതായി ഒന്നുമില്ല എന്ന ബോധ്യം രോഗിയിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ പോരാട്ടത്തിലെ നിർണ്ണായക ഘടകം. കാൻസർ ബാധിതരോട് സഹതാപമല്ല, മറിച്ച് ചേർത്തുപിടിക്കലും ആത്മവിശ്വാസം പകരലുമാണ് സമൂഹം ചെയ്യേണ്ടത്.

അതിജീവനത്തിനു ശേഷമുള്ള പുതിയ ജീവിതം

കാൻസർ ചികിത്സ കഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരുണ്ട്. എന്നാൽ അതൊരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്. 'ന്യൂ നോർമൽ' എന്നാണ് ഇതിനെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. ചികിത്സാ കാലയളവിൽ ഉണ്ടായ ശാരീരിക ക്ഷീണങ്ങളിൽ നിന്നും മറ്റ് ബുദ്ധിമുട്ടുകളിൽ നിന്നും പൂർണ്ണമായി മുക്തരാകാൻ ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. ഈ കാലയളവിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന കൃത്യമായ തുടർപരിശോധനകൾ അഥവാ ഫോളോ-അപ്പ് അത്യന്താപേക്ഷിതമാണ്. 

രോഗം വീണ്ടും വരാനുള്ള സാധ്യതകളെ തുടക്കത്തിൽ തന്നെ കണ്ടെത്താനും തടയാനും ഇത് വലിയ തോതിൽ സഹായിക്കും. ഒപ്പം, മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിനായി യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കാവുന്നതാണ്. ഇതിനുപുറമെ കാൻസർ അതിജീവിച്ചവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടി കൂടാതെ കടന്നുവരേണ്ടതുണ്ട്.

 തങ്ങളുടെ തൊഴിലിടങ്ങളിലേക്കും സാമൂഹിക ചുറ്റുപാടുകളിലേക്കും ആത്മവിശ്വാസത്തോടെ തിരികെ പോകാൻ അവർക്ക് സാധിക്കണം. സാമ്പത്തികമായും തൊഴിൽപരമായും ഇവർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ഭാഗത്തുനിന്ന് കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.

പ്രത്യാശയുടെ നാളെയ്ക്കായി

കാൻസർ എന്നത് മനുഷ്യ ജീവിതത്തിന്റെ അവസാനത്തെ വാക്കല്ല. മനുഷ്യന്റെ ഇച്ഛാശക്തിക്ക് മുൻപിൽ പലപ്പോഴും പരാജയപ്പെട്ട ഒരു രോഗത്തിന്റെ പേര് കൂടിയാണത്. ഓരോ കാൻസർ അതിജീവനും സമൂഹത്തിന് നൽകുന്നത് അതിജീവനത്തിന്റെ വലിയ പാഠങ്ങളാണ്. ശാസ്ത്രം അനുദിനം വളരുകയാണ്. ഇന്നത്തേക്കാൾ മികച്ച ചികിത്സാ രീതികൾ നാളെ കണ്ടുപിടിക്കപ്പെട്ടേക്കാം. 

ക്യാൻസർ എന്ന രോഗം പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ഒരു കാലം വിദൂരമല്ല എന്ന് തന്നെ നമുക്ക് ഉറച്ചു വിശ്വസിക്കാം. അതുവരെ, രോഗപ്രതിരോധത്തിനായുള്ള നിരന്തരമായ ബോധവൽക്കരണങ്ങൾ സമൂഹത്തിൽ തുടരേണ്ടതുണ്ട്. സ്വയം തിരിച്ചറിവുകളും കൃത്യമായ ചികിത്സയും അചഞ്ചലമായ മാനസിക കരുത്തും ഉണ്ടെങ്കിൽ ക്യാൻസറിനെ നമുക്ക് പടിക്ക് പുറത്ത് നിർത്താം. 

ലേഖനം തയ്യാറാക്കിയത് :

ഡോ. ബൈജു സേനാധിപൻ

(പ്രസിഡന്റ്, അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ്‌സ് ഓഫ് കേരള)