
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് നമ്മുടെ മാനസികാരോഗ്യവും. ഈ അടുത്ത വര്‍ഷങ്ങളിലായി മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ധാരാളം ചര്‍ച്ചകള്‍ സജീവമാണ്. എങ്കില്‍ പോലും ഇന്നും മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കുന്നവര്‍ കുറവ് തന്നെയാണ്.
പ്രത്യേകിച്ച് ലോകത്ത് തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ളൊരു രാജ്യമാണ് ഇന്ത്യ, എന്നിട്ടും നമ്മുടെ രാജ്യത്ത് മാനസികാരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വേണ്ട അവബോധമില്ലെന്നത് സങ്കടകരമായ അവസ്ഥ തന്നെയാണ്. എന്തായാലും വിഷാദത്തെ കുറിച്ച് തന്നെയാണ് ഇപ്പോള്‍ വീണ്ടും പങ്കുവയ്ക്കാൻ പോകുന്നത്. കടുത്ത വിഷാദത്തിന്‍റെ ( മേജര്‍ ഡിപ്രഷൻ) ലക്ഷണങ്ങളാണ് നിങ്ങളറിയുന്നതിന് വേണ്ടി ആദ്യം പങ്കുവയ്ക്കുന്നത്.
വിഷാദ ലക്ഷണങ്ങള്‍...
- നിരന്തരം നിരാശയും ദുഖവും ശൂന്യതയും പ്രതീക്ഷയില്ലായ്മയും അനുഭവപ്പെടുക
- മുമ്പ് ആസ്വദിച്ച് ചെയ്തിരുന്ന ഒരു കാര്യത്തിലും ആസ്വാദനം ഇല്ലാതാകുന്ന അവസ്ഥ
- വിശപ്പ് കൂടുകയോ കുറയുകയോ ചെയ്യുക. ഇതിന് അനുസരിച്ച് ശരീരഭാരത്തിലും കുറവ്
- ഒന്നുകില്‍ ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറക്കം അധികമാകുന്ന അവസ്ഥ
- തളര്‍ച്ചയും ഉന്മേഷമില്ലായ്മയും
- കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനാകാത്ത അവസ്ഥ, തീരുമാനങ്ങളെടുക്കാൻ കഴിയാത്ത അവസ്ഥ, ഓര്‍മ്മക്കുറവ്
- സ്വയം മൂല്യമില്ലാത്തതായി തോന്നുക. എപ്പോഴും അമിതമായ കുറ്റബോധവും
- മരണത്തെ കുറിച്ച് കൂടെക്കൂടെ ചിന്തിക്കുക, ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളും അന്വേഷണങ്ങളും ശ്രമവും
- തലവേദന, ദഹനപ്രശ്നം, ശരീരത്തില്‍ പലയിടങ്ങളിലും വേദന
എന്തുകൊണ്ട് വിഷാദം?
എന്തുകൊണ്ടാണ് വിഷാദമോ കടുത്ത വിഷാദമോ എല്ലാം ബാധിക്കുന്നത് എന്നതിന് കൃത്യമായ കാരണമോ ഉത്തരമോ നല്‍കാൻ സാധിക്കില്ല.പല ഘടകങ്ങളും ഇതിലുള്‍പ്പെടാം.
തലച്ചോറില്‍ ചില കെമിക്കലുകളുടെ ബാലൻസ് തെറ്റുന്നത്, പാരമ്പര്യം, പാരിസ്ഥിതികമായ ഘടകങ്ങള്‍ (ട്രോമ, പീഡനം, അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍- പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് പോലെയോ വിവാഹമോചനമോ ബ്രേക്കപ്പോ പോലെയോ എന്തെങ്കിലും)
പൊതുവെ ആത്മവിശ്വാസക്കുറവ്, അപകര്‍ഷത, നെഗറ്റീവായ ചിന്താഗതി എന്നിവയുള്ളവരിലും വിഷാദം വരാൻ ഈ ഘടകങ്ങള്‍ തന്നെ ധാരാളം. മുമ്പ് ഏതെങ്കിലും വിധത്തിലുള്ള മാനസികപ്രശ്നങ്ങള്‍ വന്നിട്ടുള്ളവരാണെങ്കില്‍ അവരില്‍ വിഷാദസാധ്യത വളരെ കൂടുതലാണ്.
വിഷാദമുണ്ടെന്ന് സംശയം തോന്നുന്നപക്ഷം സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണുക. ഇതില്‍ മടിക്കേണ്ടതായി ഒന്നുമില്ല. ചികിത്സ തേടുന്നതാണ് പക്വതയാര്‍ന്ന പെരുമാറ്റം. തെറാപ്പി, മരുന്നുകള്‍ തുടങ്ങി പല ചികിത്സാരീതികളിലൂടെയും ഫലപ്രദമായി വിഷാദത്തെ തോല്‍പിക്കാൻ നമുക്ക് സാധിക്കും.
Also Read:- മഴക്കാലത്ത് വൃക്ക രോഗങ്ങള്‍ക്കും സാധ്യത കൂടുതല്‍; രോഗസാധ്യത ഒഴിവാക്കാൻ ചെയ്യേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-