മഴക്കാലവും വൃക്ക രോഗങ്ങളും എങ്ങനെയാണ് ബന്ധപ്പെട്ട് കിടക്കുന്നത് എന്നത് മിക്കവര്‍ക്കും വരാവുന്ന സംശയമാണ്. പല രീതികളിലായാണ് ഇത് ബന്ധപ്പെട്ട് കിടക്കുന്നത്. 

മഴക്കാലമാകുമ്പോള്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം എത്തുന്ന സമയമാണ്. അധികവും നനവും ഈര്‍പ്പവും നിലനില്‍ക്കുന്നതിന്‍റെ ഭാഗമായുണ്ടാകുന്ന അണുബാധകളാണ് മഴക്കാലത്ത് വരിക. 

പനി, ജലദോഷം, ചുമ, ബാക്ടീരിയല്‍-ഫംഗല്‍ അണുബാധകള്‍ എന്നിവയെല്ലാമാണ് ഇക്കൂട്ടത്തില്‍ അധികവും വരുന്ന അസുഖങ്ങള്‍. എന്നാല്‍ ഇതൊന്നുമല്ലാതെയും മഴക്കാലത്ത് നമ്മളറിയാതെ നമുക്ക് ആരോഗ്യപരമായി ചില വെല്ലുവിളികളുണ്ടാകാം. അങ്ങനെയൊന്നാണ് വൃക്കരോഗങ്ങള്‍.

മഴക്കാലവും വൃക്ക രോഗങ്ങളും എങ്ങനെയാണ് ബന്ധപ്പെട്ട് കിടക്കുന്നത് എന്നത് മിക്കവര്‍ക്കും വരാവുന്ന സംശയമാണ്. പല രീതികളിലായാണ് ഇത് ബന്ധപ്പെട്ട് കിടക്കുന്നത്. 

മഴക്കാലവും വൃക്കരോഗങ്ങളും...

മഴക്കാലത്ത് നാം വെള്ളം കുടിക്കുന്നത് കുറവാകാറുണ്ട്. അങ്ങനെ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാം, അതുപോലെ മലിനജലം- മലിനമായ ഭക്ഷണം- വെള്ളക്കെട്ട് ഇതുവഴിയെല്ലാം രോഗാണുക്കളും വിഷാംശങ്ങളുമെല്ലാം ശരീരത്തിലെത്തുന്നു, ഇതിന് പുറമെ ആദ്യമേ സൂചിപ്പിച്ചത് പോലുള്ള മഴക്കാലത്തെ അണുബാധകളും എല്ലാം 'അക്യൂട്ട് കിഡ്നി ഇൻജുറി' എന്ന അവസ്ഥയിലേക്ക് നമ്മെ നയിക്കാം. തളര്‍ച്ച, വയറിളക്കം, നിര്‍ജലീകരണം എന്നിവയെല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. 

മലിനജലത്തിലൂടെയോ മണ്ണിലൂടെയോ നമ്മുടെ ശരീരത്തിലെത്തുന്ന രോഗകാരികളായ ബാക്ടീരിയകള്‍ തീര്‍ക്കുന്ന 'ലെപ്റ്റോസ്പൈറോസിസ്' എന്ന അവസ്ഥയും വൃക്കകളെ പിന്നീട് ബാധിക്കാം. നമ്മുടെ ശരീരത്തില്‍ എവിടെയെങ്കിലുമുള്ള ചെറിയ മുറിവുകളിലൂടെയോ പോറലുകളിലൂടെയോ എല്ലാമാണ് രോഗകാരികളായ ബാക്ടീരിയ അകത്തെത്തുന്നത്. അല്ലെങ്കില്‍ കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയും ബാക്ടീരിയ അകത്തെത്താം. പനി, തലവേദന, ശരീരവേദന, ഛര്‍ദ്ദി എന്നിവയാണ് 'ലെപ്റ്റോസ്പൈറോസിസ്'ലക്ഷണങ്ങളായി വരുന്നത്. എല്ലാ കേസിലും 'ലെപ്റ്റോസ്പൈറോസിസ്' വൃക്കയെ ബാധിക്കില്ല. എന്നാല്‍ സാധ്യത എപ്പോഴും നിലനില്‍ക്കുന്നു. 

മഴക്കാലത്ത് വ്യാപകമാകുന്ന മറ്റ് രോഗങ്ങളാണ് ഡെങ്കിപ്പനി, ടൈഫോയ്ഡ്, മലേരിയ, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നിവയെല്ലാം. ഇവയെല്ലാം തന്നെ വൃക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്താം. 

ഡെങ്കിപ്പനിയിലാണെങ്കില്‍ ചില കേസുകള്‍ ഡെങ്കു ഹെമറേജിക് ഫീവര്‍ എന്ന അവസ്ഥയിലേക്ക് എത്താം. ഇതാണ് വൃക്കയെ പ്രശ്നത്തിലാക്കുന്നത്. 

ടൈഫോയ്ഡ് കുറെക്കൂടി ശ്രദ്ധിക്കേണ്ടതാണ്. മലിനജലത്തിലൂടെയും മറ്റുമാണ് ടൈഫോയ്ഡ് പരത്തുന്ന ബാക്ടീരിയ ശരീരത്തിലെത്തുന്നത്. ഇത് രക്തത്തിലൂടെ പിന്നെയങ്ങോട്ട് പരക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് രോഗി ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നത്. ചികിത്സയെടുത്തില്ലെങ്കില്‍ വൃക്കയ്ക്ക് വലിയ വെല്ലുവിളിയാണ് ടൈഫോയ്ഡ് ഉയര്‍ത്തുക. അതുപോലെ തന്നെ നേരത്തെ വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവരാണെങ്കില്‍ ഈ റിസ്ക് വലിയ രീതിയില്‍ കൂടാം. 

പ്രതിരോധത്തിന് ചെയ്യേണ്ടത്...

മഴക്കാലത്ത് ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍- അസുഖങ്ങള്‍ എന്നിവയെ നിസാരമായി കണ്ട് ചികിത്സ തേടാതിരിക്കരുത്. ഇവയ്ക്കെല്ലാം സമയബന്ധിതമായി ചികിത്സ തേടലാണ് ആദ്യം ചെയ്യേണ്ടത്. 

മഴക്കാലത്ത് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പഴച്ചാറുകളും ഹെല്‍ത്തിയായ പാനീയങ്ങളുമെല്ലാം മഴക്കാലത്തും കഴിക്കണം. 

മലിനജലവുമായി ബന്ധപ്പെടാതിരിക്കാൻ എപ്പോഴും മഴക്കാലത്ത് ശ്രദ്ധിക്കണം. തോട്ടിലോ പുഴയിലോ മറ്റ് ജലാശയങ്ങളിലോ മറ്റിടങ്ങളില്‍ നിന്ന് മലിനജലം ധാരാളമായി ഒഴുകിയെത്തുന്നത് മഴക്കാലത്ത് പതിവാണ്. ഇതെല്ലാം പല രോഗങ്ങളിലേക്കും നമ്മെ നയിക്കാം. 

കൈകള്‍ ഇടവിട്ട് കഴുകി ശുചിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് മഴക്കാലരോഗങ്ങളെ അകറ്റാൻ സഹായിക്കും. പാചകത്തിലും ശുചിത്വം പാലിക്കുക. കഴിവതും വീട്ടിലെ ഭക്ഷണങ്ങള്‍ തന്നെ കഴിക്കുക. എല്ലാ നന്നായി വേവിച്ച് കഴിക്കാനും മഴക്കാലത്ത് ശ്രദ്ധിക്കണം. 

രോഗബാധയുള്ളവരുമായി അകലം പാലിക്കാനും, വാക്സിനേഷനുകളെടുക്കാനുമെല്ലാം കരുതണം. വൃക്കരോഗങ്ങള്‍ നേരത്തെ ഉള്ളവരാണെങ്കില്‍ തീര്‍ച്ചയായും പനി, ഛര്‍ദ്ദി, വയറിളക്കം, അമിതമായ ക്ഷീണം പോലുള്ള പ്രശ്നങ്ങള്‍ മഴക്കാലത്ത് കാണുകയാണെങ്കില്‍ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടുകയും വേണം.

Also Read:- വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍; നിലവില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ട കാര്യങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിലൂടെ കാണാം:-

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News