കൊവിഡ് ലക്ഷണങ്ങളെ കുറിച്ച് 'കണ്‍ഫ്യൂഷന്‍'? രോഗികൾ നേരിട്ട ലക്ഷണങ്ങളെല്ലാം അറിഞ്ഞുവയ്ക്കാം...

By Web TeamFirst Published Dec 6, 2020, 4:29 PM IST
Highlights

ഏറെ ദിവസങ്ങളെടുത്താണ് ആരോഗ്യ വിദഗ്ധര്‍ കൊവിഡ് 19ന്റെ ലക്ഷണങ്ങള്‍ പട്ടികപ്പെടുത്തി എടുത്തത്. എന്നാല്‍ ഈ പട്ടികയെല്ലാം പല തവണ മാറ്റിയും പൊളിച്ചുമെല്ലാം എഴുതേണ്ടി വന്ന സാഹചര്യവുമുണ്ടായി. പലരിലും പല ലക്ഷണങ്ങളും കാണപ്പെടുമെന്നും, ലക്ഷണങ്ങളേതും ഇല്ലാതെ തന്നെ രോഗം പിടിപെടുമെന്നുമെല്ലാം നാം ഇതിനോടകം മനസിലാക്കി
 

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടം മാസങ്ങള്‍ക്കിപ്പുറവും തുടരുകയാണ്. ഇതുവരെ ശാസ്ത്രലോകത്തിന് പോലും പരിചിതമല്ലാതിരുന്ന രോഗമായതിനാല്‍ തന്നെ, ഇതിന്റെ വിശദാംശങ്ങള്‍ ഓരോന്നും പിന്നീട് പതിയെ പുറത്തുവരികയാണുണ്ടായത്. 

ഇക്കൂട്ടത്തില്‍ ഏറെ ദിവസങ്ങളെടുത്താണ് ആരോഗ്യ വിദഗ്ധര്‍ കൊവിഡ് 19ന്റെ ലക്ഷണങ്ങള്‍ പട്ടികപ്പെടുത്തി എടുത്തത്. എന്നാല്‍ ഈ പട്ടികയെല്ലാം പല തവണ മാറ്റിയും പൊളിച്ചുമെല്ലാം എഴുതേണ്ടി വന്ന സാഹചര്യവുമുണ്ടായി. 

പലരിലും പല ലക്ഷണങ്ങളും കാണപ്പെടുമെന്നും, ലക്ഷണങ്ങളേതും ഇല്ലാതെ തന്നെ രോഗം പിടിപെടുമെന്നുമെല്ലാം നാം ഇതിനോടകം മനസിലാക്കി. ഇപ്പോഴിതാ കൊവിഡ് പൊസിറ്റീവായവര്‍ രോഗലക്ഷണങ്ങളെ കുറിച്ച് സംസാരിക്കുകയാണ്. 

ഏറ്റവും സാധാരണയായി കാണുന്ന കൊവിഡ് ലക്ഷണങ്ങള്‍...

കൊവിഡ് 19 നമുക്കറിയാം പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായാണ് കണക്കാക്കപ്പെടുന്നത്. രോഗകാരി നമ്മുടെ ശരീരത്തിനകത്ത് കയറി രണ്ട് മുതല്‍ 14 ദിവസം വരെയാണ് ലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന സമയം. നമ്മുടെ ആകെ ആരോഗ്യം, അതിന്റെ സവിശേഷതള്‍, പ്രായം എന്നിവയെല്ലാം അനുസരിച്ച് ലക്ഷണങ്ങളും മാറിയിരിക്കും.

 

 

എങ്കില്‍ക്കൂടിയും മിക്കവരിലും കാണപ്പെട്ട കൊവിഡ് ലക്ഷണങ്ങള്‍ ഇവയാണ്. 

- പനി
- വരണ്ട ചുമ
- ക്ഷീണം

അത്ര സാധാരണമല്ലാത്ത ലക്ഷണങ്ങള്‍...

കൊവിഡ് രോഗികളില്‍ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങളെ കുറിച്ച് നേരത്തേ പറഞ്ഞു. ഇനി അത്രമാത്രം സാധാരണമല്ലാത്ത, വ്യക്തികള്‍ക്കനുസരിച്ച് മാറിമാറി വരുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്. 

- ശരീരവേദനകള്‍
- തൊണ്ടവേദന
- രുചിയും ഗന്ധവും അനുഭവപ്പെടുന്ന അവസ്ഥ
- തലവേദന
- അസ്വസ്ഥത
- നെഞ്ചുവേദനയും ശ്വാസതടസവും

അപൂര്‍വ്വമായി കാണുന്ന ലക്ഷണങ്ങള്‍...

ചിലരില്‍ കൊവിഡ് അണുബാധ പിടിപെടുന്നതോടെ ഉദരസംബന്ധമായ പ്രശ്‌നങ്ങളാണ് ആദ്യം കാണിക്കുക. വയറുവേദന, വയറിളക്കം, മലബന്ധം, ഓക്കാനം ഇങ്ങനെ പല തരത്തിലാകാം ഇത് പ്രകടമാകുന്നത്. 

 

 

അതുപോലെ തന്നെ കണ്ണില്‍ അണുബാധയും, (ചെങ്കണ്ണിന് സമാനമായി), മാനസികമായ അസ്വസ്ഥതയും (ബ്രെയിന്‍ ഫോഗ് എന്ന് വിളിക്കപ്പെടുന്ന അവസ്ഥ) ചിലരില്‍ കാണാറുണ്ട്. ഇവയെല്ലാം തന്നെ അപൂര്‍വ്വമായാണ് കൊവിഡ് രോഗികളില്‍ കാണപ്പെടുന്നത്. 

എന്തായാലും കൊവിഡ് കാലത്ത് മേല്‍പ്പറഞ്ഞ ലക്ഷണങ്ങളിലേത് കണ്ടാലും അത് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലത് തന്നെയാണ്. സ്വന്തമായി ലക്ഷണങ്ങള്‍ ഉറപ്പിച്ച്, രോഗം സ്ഥിരീകരിക്കുന്ന പ്രവണത നല്ലതല്ല. കാരണം ഇക്കൂട്ടത്തിലെ ഓരോ ലക്ഷണവും പല അസുഖങ്ങളുടേയും ഭാഗമായിക്കൂടി വരാവുന്നതാണെന്ന് മനസിലാക്കുക. 

Also Read:- രാജ്യത്ത് കൊവിഡ് ആക്ടീവ് കേസുകള്‍ കുറയുന്നു; രോഗമുക്തി കൂടുന്നു...

click me!