കുട്ടികളോട് മാതാപിതാക്കള്‍ പറയാന്‍ പാടില്ലാത്ത ഏഴ് കാര്യങ്ങള്‍...

By Web TeamFirst Published Dec 6, 2020, 3:47 PM IST
Highlights

വീടാണ് ഓരോ വ്യക്തിയുടേയും ആദ്യത്തെ പാഠശാല. അവിടെ വച്ച് മികച്ച വ്യക്തിത്വം രൂപീകരിക്കാനുള്ള ചേരുവകളാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്. മറിച്ച് അരക്ഷിതാവസ്ഥകളും, അപമാനവും, ആത്മവിശ്വാസക്കുറവുമാണ് ലഭിക്കുന്നതെങ്കില്‍ ഭാവിയില്‍ അവരുടെ വ്യക്തിത്വവും അതിന് അനുസരിച്ച് മാത്രമേ രൂപപ്പെടുകയുള്ളൂ...

കുട്ടികളെ വളര്‍ത്തുമ്പോള്‍ മാതാപിതാക്കളും വീട്ടിലുള്ള മുതിര്‍ന്നവരും ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അവര്‍ക്ക് മുമ്പില്‍ വച്ച് സംസാരിക്കുന്ന കാര്യങ്ങള്‍. ഇത്തരത്തില്‍ കുട്ടികളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ഏഴ് കാര്യങ്ങളെ കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്. 

ഒന്ന്...

കുട്ടികള്‍ നിഷ്‌കളങ്കരാണെന്ന് അവരുടെ മുന്നില്‍ വച്ച് പറയരുത്. മുതിര്‍ന്നവര്‍ അവരെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ അവരുടെ മുമ്പാകെ പറയുന്നത് കേട്ടാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്. നിഷ്‌കളങ്കരാണ്- അവര്‍ക്കെന്തും പറയാം എന്ന ബോധം അവരില്‍ രൂപപ്പെടുന്നത് അത്ര ആരോഗ്യകരമല്ല. 

രണ്ട്...

കുട്ടികളോട് അവരുടെ സഹോദരനെ പോലെ അല്ലെങ്കില്‍ സഹോദരിയെ പോലെ, അതല്ലെങ്കില്‍ മറ്റ് സമപ്രായക്കാരെ പോലെ ആകണമെന്ന് ഒരിക്കലും പറയരുത്. 

 

 

ഈ താരതമ്യപ്പെടുത്തല്‍ ആദ്യം അവരില്‍ അസൂയയും തുടര്‍ന്ന് വ്യക്തിപരമായ അരക്ഷിതാവസ്ഥയും അനുഭവപ്പെടാന്‍ ഇടയൊരുക്കും. 

മൂന്ന്...

'നിനക്കിത് ചെയ്യാന്‍ കഴിയില്ല' എന്ന് ഒരു കാര്യത്തെ ചൊല്ലിയും കുട്ടികളോട് പറയരുത്. അത് ആവരുടെ ആത്മവിശ്വാസത്തിനെ തകര്‍ക്കും. എപ്പോഴും അവര്‍ക്ക് അവസരം കൊടുക്കുക. കഴിയാവുന്നത് പോലെ നന്നായി ചെ.്‌തെന്ന് പറയുക. തെറ്റുകള്‍ വരുത്താനും ഇട കൊടുക്കുക. തുടര്‍ന്ന് അത് ചൂണ്ടിക്കാട്ടി തിരുത്താന്‍ നമുക്കാകും. അത് മനസിലാക്കാന്‍ അവര്‍ക്കുമാകും. 

നാല്...

ലിംഗഭേദത്തെയോ, ലിംഗാടിസ്ഥാനത്തിലുള്ള അസമത്വത്തെയോ ഉയര്‍ത്തിക്കാട്ടുന്ന ഒന്നും അവരോട് പറയരുത്. ഉദാഹരണത്തിന് പെണ്‍കുട്ടിയായതിനാല്‍ നിനക്കിത് സാധ്യമല്ല, ആണ്‍കുട്ടിയായതിനാല്‍ നീയിത് ചെയ്തുകൂട എന്നിങ്ങനെയുള്ള വാക്കുകള്‍. ഇത്തരം സംസാരങ്ങള്‍ എന്നും അവരുടെ മനസില്‍ ആ വ്യത്യാസം ബലപ്പെടുത്തിക്കൊണ്ടിരിക്കും. 

അഞ്ച്...

കുട്ടികള്‍ തെറ്റുകളോ അബദ്ധങ്ങളോ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ക്ക് അവരെ ശാസിക്കാം. എന്നാല്‍ നിങ്ങള്‍ 'നോ' പറയുന്നത് വളരെ താഴ്ന്ന ശബ്ദത്തിലും ശാന്തമായ ഭാവത്തോടെയും ആയിരിക്കണം. 'നോ' എന്നുള്ള അലര്‍ച്ചയാകരുത് ശാസനകള്‍. ഇത് കുട്ടിയുടെ മനസില്‍ ഭയമായി എക്കാലവും കിടക്കും. 

ആറ്...

'ഇനി എന്നോട് സംസാരിക്കേണ്ട' എന്ന് ഗൗരവത്തിലോ ദേഷ്യത്തിലോ കുട്ടികളോട് പറയരുത്. അവരുടെ കുഞ്ഞ് മനസിന് ഇത് താങ്ങാവുന്നതല്ല. 

 

 

കുട്ടികളില്‍ ഉത്കണ്ഠയുണ്ടാക്കാന്‍ മാതാപിതാക്കളുടെ ഈ പെരുമാറ്റം ഇടയാക്കും. ഭാവിയില്‍ കാര്യങ്ങള്‍ തുറന്നുപറയാനുള്ള അവസരം അവര്‍ക്ക് മുമ്പില്‍ ഇല്ലാതാകുന്നതായും ഇതോടെ അവര്‍ക്ക് തോന്നാം. 

ഏഴ്...

അല്‍പം മുതിര്‍ന്ന കുട്ടികളോട് ചില സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാറില്ലേ, 'കുട്ടികളെ പോലെ വാശി പിടിക്കല്ലേ, കുട്ടികളെ പോലെ പെരുമാറല്ലേ' എന്നും മറ്റും. ഇങ്ങനെ ഒരിക്കലും അവരോട് പറയരുത്. അത് അവര്‍ വ്യക്തിപരമായ 'ഇന്‍സള്‍ട്ട്' ആയി മനസിലാക്കാന്‍ സാധ്യതയുണ്ട്. 

വീടാണ് ഓരോ വ്യക്തിയുടേയും ആദ്യത്തെ പാഠശാല. അവിടെ വച്ച് മികച്ച വ്യക്തിത്വം രൂപീകരിക്കാനുള്ള ചേരുവകളാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്. മറിച്ച് അരക്ഷിതാവസ്ഥകളും, അപമാനവും, ആത്മവിശ്വാസക്കുറവുമാണ് ലഭിക്കുന്നതെങ്കില്‍ ഭാവിയില്‍ അവരുടെ വ്യക്തിത്വവും അതിന് അനുസരിച്ച് മാത്രമേ രൂപപ്പെടുകയുള്ളൂ...

Also Read:- 'അന്ന് കുട്ടികളോട് ഒരു സ്നേഹവും തോന്നിയിരുന്നില്ല, ശല്യമായാണ് കണ്ടത്': ജൂഹി ചൗള...

click me!