പ്രമേഹം പിടിപെടുന്നത് തടയാനിതാ ആറ് മാര്‍ഗങ്ങള്‍...

Published : Nov 25, 2022, 09:12 AM IST
പ്രമേഹം പിടിപെടുന്നത് തടയാനിതാ ആറ് മാര്‍ഗങ്ങള്‍...

Synopsis

പാരമ്പര്യമായി പ്രമേഹമുണ്ടാകാം. എന്നാല്‍ ഇതിനെക്കാളെല്ലാം ഭക്ഷണം അടക്കമുള്ള ശീലങ്ങളാണ് അധികപേരെയും പ്രമേഹത്തിലേക്ക് എത്തിക്കുന്നത്. ഇത്തരത്തില്‍ പ്രമേഹത്തിലെത്താതിരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്ന ആറ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പ്രമേഹം നമുക്കറിയാം ജീവിതശൈലീരോഗങ്ങളുടെ ഗണത്തിലാണ് പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹരോഗത്തിന്‍റെ പ്രാധാന്യം ഇന്ന് ഏവരും മനസിലാക്കുന്നുണ്ട്. പ്രമേഹം സൃഷ്ടിക്കുന്ന ആനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ അവ ജീവന് നേരെ പോലും ഉയര്‍ത്തുന്ന വെല്ലുവിളികളെല്ലാം ഇന്ന് മിക്കവര്‍ക്കും അറിയാം.

പ്രമേഹം വന്നുകഴിഞ്ഞാല്‍ ഭൂരിഭാഗം കേസിലും അത് പിന്നീട് ഭേദപ്പെടുത്താൻ സാധിക്കില്ല. നിയന്ത്രിച്ച് മുന്നോട്ട് പോവുക എന്ന വഴി മാത്രമേ മുന്നിലുണ്ടാകൂ. അതുകൊണ്ട് തന്നെ പ്രമേഹം പിടിപെടാതിരിക്കാൻ നേരത്തെ ശ്രദ്ധിക്കുന്നത് ഉചിതമാണ്.

പാരമ്പര്യമായി പ്രമേഹമുണ്ടാകാം. എന്നാല്‍ ഇതിനെക്കാളെല്ലാം ഭക്ഷണം അടക്കമുള്ള ശീലങ്ങളാണ് അധികപേരെയും പ്രമേഹത്തിലേക്ക് എത്തിക്കുന്നത്. ഇത്തരത്തില്‍ പ്രമേഹത്തിലെത്താതിരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്ന ആറ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

രക്തത്തിലെ ഗ്ലൂക്കോസ് നില ഉയര്‍ത്തുന്നതിന് കാര്‍ബോഹൈഡ്രേറ്റ് വലിയ രീതിയില്‍ കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ കാര്‍ബോഹൈഡ്രേറ്റ് ആദ്യം മുതലേ നിയന്ത്രിക്കുന്നതാണ് നല്ലത്. നമ്മള്‍ നിത്യവും കഴിക്കുന്ന ചോറ്, ഗോതമ്പ് ഭക്ഷണങ്ങള്‍ എന്നിവയടക്കം പല ഭക്ഷണങ്ങളിലും കാര്‍ബോഹൈഡ്രേറ്റ് കാര്യമായി അടങ്ങിയിരിക്കുന്നു. 

മൈദ, പഞ്ചസാര, സെറില്‍, ശര്‍ക്കര, ചില പഴങ്ങള്‍ എന്നിങ്ങനെ കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ നിരവധിയാണ്. ഇവയെല്ലാം തന്നെ തിരിച്ചറിഞ്ഞ് ദിവസവും നിയന്ത്രണവിധേയമായി കഴിക്കാൻ സാധിക്കണം. പഞ്ചസാര, തേൻ, ശര്‍ക്കര എന്നിവയെല്ലാം നല്ലതോതില്‍ കുറയ്ക്കുക. ഒരു ദിവസത്തില്‍ തന്നെ ധാരാളം ഫ്രൂട്ട്സ് കഴിക്കുന്നതും ഒഴിവാക്കുക. നിങ്ങള്‍ കായികമായി എത്ര അധ്വാനിക്കുന്നുണ്ട് എന്നതുകൂടി ഇക്കാര്യങ്ങളില്‍ പരിഗണിക്കണം.

രണ്ട്...

മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസും പ്രമേഹത്തിലേക്ക് ക്രമേണ ഒരു വ്യക്തിയെ നയിക്കാം. സ്ട്രെസ് ഉണ്ടാകുമ്പോള്‍ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് കോശങ്ങളെ കൂടുതല്‍ ഗ്ലൂക്കോസ് പുറത്തുവിടുന്നതിലേക്ക് നയിക്കുന്നു. സ്ട്രെസ് കൈകാര്യം ചെയ്യുന്നതിനാണിത്. എന്നാലിത് മൂലം രക്തത്തില്‍ ഗ്ലൂക്കോസ് നില കൂടുകയും പാൻക്രിയാസ് കൂടതല്‍ ഇൻസുലിൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് സ്ട്രെസ് ക്രമേണ പ്രമേഹത്തിലേക്ക് നയിക്കുന്നത്. 

ഇതിനാല്‍ തന്നെ സ്ട്രെസ് നിയന്ത്രിച്ചുപോകാൻ എപ്പോഴും ശ്രദ്ധിക്കുക. അത് വീട്ടില്‍ നിന്നുള്ളതോ ചുറ്റുപാടുകളില്‍ നിന്നുള്ളതോ ജോലിസ്ഥലത്ത് നിന്നുള്ളതോ വൈകാരികമായതോ- ഏതാണെങ്കിലും. 

മൂന്ന്...

ഉറക്കമില്ലായ്മയും പ്രമേഹത്തിന് കാരണമാകാമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ദിവസവും അഞ്ച് മണിക്കൂറോ അതിന് താഴെയോ ഉറങ്ങുന്നവരിലാണെങ്കില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 7-8 മണിക്കൂര്‍ വരെ മുതിര്‍ന്ന ഒരാള്‍ ഉറങ്ങേണ്ടതുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉറക്കമില്ലായ്മ വിശപ്പ് വര്‍ധിപ്പിക്കുയും ഇതുവഴി വണ്ണം കൂട്ടുകയും ചെയ്യാം. സ്ട്രെസും അധികരിക്കാം. ഇവയെല്ലാം പ്രമേഹത്തിന് അനുകൂലമായ അന്തരീക്ഷമുണ്ടാക്കുന്നു. അതിനാല്‍ ദിവസവും ആരോഗ്യകരമായി ഉറങ്ങാൻ ശ്രദ്ധിക്കുക.

നാല്...

നല്ല രീതിയിലുള്ള കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. നെയ്, വെളിച്ചെണ്ണ, അവക്കാഡോ, ഒലിവ്, നട്ടസ്, സീഡ്സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. മിതമായ അളവില്‍ ഇവ കഴിക്കുന്നത് പ്രമേഹത്തെ ഒരു പരിധി വരെ പ്രതിരോധിക്കും. 

അഞ്ച്...

നാം എന്ത് കഴിക്കുന്നു എന്നത് മാത്രമല്ല, എങ്ങനെ കഴിക്കുന്നു എന്നതും ചിലപ്പോള്‍ ആരോഗ്യകാര്യങ്ങളെ നിര്‍ണയിക്കുമത്രേ. പ്രമേഹത്തിന്‍റെ കാര്യവും അങ്ങനെ തന്നെ. അതിനാല്‍ കഴിക്കുമ്പോള്‍ ഒരു ക്രമം പാലിക്കാം. ആദ്യം കാര്‍ബ് അടങ്ങാത്ത പച്ചക്കറികള്‍ (പച്ച, ഓറഞ്ച്, മഞ്ഞ, ചുവപ്പ് നിറത്തിലുള്ളവ) കഴിക്കാം. ഇനി പ്രോട്ടീൻ കഴിക്കാം. ഇതില്‍ പയര്‍, മുട്ട, ചിക്കൻ, ഇറച്ചി, സ്പ്രൗട്ട്സ്, നട്ട്സ്, നെയ് തുടങ്ങിയവയെല്ലാം വരും. ഇതിന് ശേഷം മാത്രം കാര്‍ബ് അടങ്ങിയ ഭക്ഷണത്തിലേക്ക് കടക്കാം. ഇത് ചോറോ ചപ്പാത്തിയോ എന്തുമാകാം. ഏത് ഭക്ഷണമായാലും അത് മിതമായ അളവില്‍ മാത്രം കഴിച്ച് ശീലിക്കുക. ഇതും ഏറെ പ്രധാനമാണ്. 

ആറ്...

കായികാധ്വാനം ഒട്ടുമില്ലാതിരിക്കുന്നതും ക്രമേണ പ്രമേഹത്തിന് കാരണമാകാം. അതിനാല്‍ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച കായികാധ്വാനം അല്ലെങ്കില്‍ വ്യായാമം ചെയ്യാൻ ഏവരും ശ്രദ്ധിക്കുക. 

Also Read:-  'വായിലുണ്ടാകുന്ന രോഗം പിന്നീട് മറവിരോഗത്തിലേക്ക് നയിക്കാം'

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ മസ്തിഷ്ക സംബന്ധമായ രോഗങ്ങൾ വർധിക്കുന്നു; കാരണങ്ങളും പ്രതിരോ​ധമാർ​ഗങ്ങളും
World Brain Day 2026 : ഇന്ന് ലോക മസ്തിഷ്ക ദിനം: ഓർമകളുടെയും ചിന്തകളുടെയും കടിഞ്ഞാൺ കാക്കാൻ നാം അറിയേണ്ടതെല്ലാം