പല്ലിന്‍റെ ഇനാമല്‍ നശിക്കാനും നിറംമാറ്റം വരാനും കാരണമാകുന്നത്...

Published : Jun 22, 2023, 09:59 PM IST
പല്ലിന്‍റെ ഇനാമല്‍ നശിക്കാനും നിറംമാറ്റം വരാനും കാരണമാകുന്നത്...

Synopsis

മിക്കപ്പോഴും നമ്മുടെ അശ്രദ്ധയുടെ തന്നെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിക്കുക. ഈ വിഷയത്തില്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

പല്ലിന്‍റെ സ്വാഭാവികമായ നിറം നഷ്ടപ്പെടുകയോ, പല്ലില്‍ കറ പറ്റുകയോ ചെയ്യുന്നത് തീര്‍ച്ചയായും നമ്മുടെ ആത്മവിശ്വാസത്തെ വലിയ രീതിയില്‍ തന്നെ ബാധിക്കാറുണ്ട്. എന്നാല്‍ മിക്കപ്പോഴും നമ്മുടെ അശ്രദ്ധയുടെ തന്നെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിക്കുക. ഈ വിഷയത്തില്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഇനാമല്‍ നശിക്കുന്നത്...

ചായ, കാപ്പി പോലുള്ള ചൂടോടെ നാം കഴിക്കുന്ന പാനീയങ്ങളാണ് അധികവും ഇനാമലിനെ ദോഷകരമായി ബാധിക്കുന്നത്. പതിവായി ഇങ്ങനെ അമിതമായ ചൂടേല്‍ക്കുമ്പോള്‍ ക്രമേണ പല്ലിന്‍റെ ഇനാമല്‍ നശിക്കുന്നതിലേക്ക് എത്താം. പ്രത്യേകിച്ച് പല്ലിന് നേരത്തെ പ്രശ്നമുള്ളവരില്‍. പല്ലിന്‍റെ ഇനാമല്‍ നശിക്കുന്നതിന് അനുസരിച്ച് കാവിറ്റി (പോട്), പല്ല് പുളിപ്പ്, നിറംമാറ്റം എല്ലാം സംഭവിക്കാം. 

വളരെയധികം തണുത്ത പാനീയങ്ങളും ക്രമേണ പല്ലിന് ദോഷകരമായി വരാം. ഇവ പല്ലിന്‍റെ ഇനാമല്‍ ചുരുങ്ങുന്നതിലേക്കാണ് നയിക്കുക. ക്രമേണ പല്ല് പൊട്ടുന്നതിനും, പല്ലില്‍ വിള്ളല്‍ വീഴുന്നതിനും, പൊളിഞ്ഞ് പോരുന്നതിനുമെല്ലാം ഇത് കാരണമാകും. പല്ല് പുളിപ്പുള്ളവരാണ് ഇക്കാര്യങ്ങളെല്ലാം കൂടുതലും ശ്രദ്ധിക്കേണ്ടത്. കാരണം ഇവരില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാൻ സാധ്യതകളേറെയാണ്. 

പല്ല് പുളിപ്പ്...

വലിയ രീതിയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന അനുഭവമാണ് പല്ല് പുളിപ്പ്. അധികവും ചൂടുള്ളതും തണുത്തതുമായ പാനീയങ്ങള്‍ തന്നെയാണ് പല്ല് പുളിപ്പുണ്ടാക്കുക. അമിതമായി ചൂടുള്ളതോ തണുത്തതോ കഴിക്കുമ്പോള്‍ ഈ ചൂട് പല്ലിലെ നാഡികളെ പെട്ടെന്ന് ഉദ്ദീപിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് പല്ല് പുളിപ്പുണ്ടാക്കുന്നത്.

പല്ലില്‍ കറ...

ആദ്യമേ സൂചിപ്പിച്ചത് പോലെ പല്ലില്‍ കറ പറ്റുന്നത് തീര്‍ച്ചയായും നമ്മളില്‍ ആത്മവിശ്വാസപ്രശ്നമുണ്ടാക്കും. ചൂടുള്ള പാനീയങ്ങള്‍- പ്രത്യേകിച്ച് ചായയും കാപ്പിയും തന്നെയാണ് ക്രമേണ പല്ലില്‍ കറയുണ്ടാക്കുന്നത്. ചായയിലും കാപ്പിയിലുമെല്ലാം അടങ്ങിയിട്ടുള്ള 'ക്രോമോജെൻസ്' എന്ന പദാര്‍ത്ഥങ്ങളാണ് ഇത്തരത്തില്‍ പല്ലില്‍ കറ സൃഷ്ടിക്കുന്നത്. 

പരിഹാരങ്ങള്‍...

ചൂടുള്ളതോ തണുത്തതോ ആയ പാനീയങ്ങള്‍  കഴിക്കുമ്പോള്‍ കഴിയുന്നതും സ്ട്രോ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് പല്ലിന് പോറലേല്‍ക്കുന്നത് കുറയ്ക്കും. ചായയോ കാപ്പിയോ അല്ലെങ്കില്‍ മധുരമുള്ള മറ്റ് പാനീയങ്ങളോ എല്ലാ കഴിച്ചുകഴിഞ്ഞാല്‍ വായ നല്ലതുപോലെ വെള്ളം കൊണ്ട് കഴുകുന്നതും ഇനാമല്‍ നശിക്കുന്നതും കറ പിടിക്കുന്നതുമെല്ലാം തടയും. ചായയും കാപ്പിയും പോലുള്ള പാനീയങ്ങള്‍ മിതമായി മാത്രം കഴിക്കാനും, അധികം ചൂടോടെ കഴിക്കാതിരിക്കാനും  ശ്രദ്ധിക്കാം. 

അതുപോലെ വായയുടെ ശുചിത്വം സൂക്ഷിക്കണം. ദിവസത്തില്‍ രണ്ട് നേരം ബ്രഷ് ചെയ്യുന്നതും, ഫ്ളോസിംഗ് ചെയ്യുന്നതും നിര്‍ബന്ധമാക്കണം. കൃത്യമായ ഇടവേളകളില്‍ ഡെന്‍റിസ്റ്റിനെ കണ്ട് ഒന്ന് പരിശോധിക്കുന്നതും നല്ലതാണ്. 

Also Read:- പ്രമേഹം നിയന്ത്രിക്കാൻ പതിവായി ഈ പാനീയങ്ങള്‍ കുടിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ