തുമ്മല്‍ പിടിച്ചുവയ്ക്കാറുണ്ടോ? ഒരിക്കലും ചെയ്യല്ലേ... കാരണമിതാണ്...

Published : Sep 01, 2023, 01:54 PM IST
തുമ്മല്‍ പിടിച്ചുവയ്ക്കാറുണ്ടോ? ഒരിക്കലും ചെയ്യല്ലേ... കാരണമിതാണ്...

Synopsis

 ചിലര്‍ പൊതുമര്യാദ പാലിക്കുന്നതിന്‍റെ ഭാഗമായി തുമ്മലും ചുമയുമെല്ലാം പിടിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ഈ പ്രവണതകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല കെട്ടോ

പൊതുവിടങ്ങളില്‍, അല്ലെങ്കില്‍ ചുറ്റിലും ആളുകളുള്ള ഇടങ്ങളില്‍ പെരുമാറുന്നതിന് തീര്‍ച്ചയായും ചില മര്യാദകളുണ്ട്. ഇതിന്‍റെ ഭാഗമായി നമ്മളെല്ലാം തന്നെ സംസാരിക്കുമ്പോഴോ ചിരിക്കുമ്പോഴോ എല്ലാം അളവിലും കവിഞ്ഞ് ശബ്ദം ഉയരാതിരിക്കാൻ ശ്രദ്ധിക്കുന്നവരാണ്. ഇത്തരം മര്യാദകള്‍ പാലിക്കേണ്ടത് തന്നെയാണ്.

പക്ഷേ ചിലര്‍ ഇങ്ങനെ പൊതുമര്യാദ പാലിക്കുന്നതിന്‍റെ ഭാഗമായി തുമ്മലും ചുമയുമെല്ലാം പിടിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ഈ പ്രവണതകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല കെട്ടോ. ചുമയോ തുമ്മലോ ഒന്നും പിടിച്ചുവയ്ക്കരുത്. കാരണം ഇവ ശരീരത്തിന്‍റെ വളരെ 'നാച്വറല്‍' ആയതും ആവശ്യമുള്ളതുമായ പ്രതികരണങ്ങളാണ്. 

ഇത്തരത്തില്‍ തുമ്മല്‍ പിടിച്ചുവയ്ക്കുന്നത് കൊണ്ടുള്ള ചില ദോഷങ്ങളെ കുറിച്ചാണിനി വിശദീരിക്കുന്നത്. 

എന്തുകൊണ്ടാണ് തുമ്മലുണ്ടാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ മൂക്കിലോ വായിലോ എല്ലാം നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന എന്തെങ്കിലും സൂക്ഷ്മമായ പദാര്‍ത്ഥങ്ങള്‍ - അത് പൊടിയോ, രോഗാണുക്കളോ എന്തുമാകാം- കയറിപ്പറ്റുന്നതിന് പിന്നാലെ ഇവയെ പുറത്താക്കാൻ ശരീരം തന്നെ കണ്ടെത്തുന്ന മാര്‍ഗമാണ് തുമ്മല്‍. 

നമ്മള്‍ ചിന്തിക്കുന്നതിനെക്കാളെല്ലാം വേഗതയിലാണ് തുമ്മല്‍ ഉണ്ടാകുന്നത്. അതിവേഗതയില്‍ പുറന്തള്ളേണ്ട പദാര്‍ത്ഥങ്ങളെ ശരീരം പുറന്തള്ളുകയാണ്. ഇത് പിടിച്ചുവയ്ക്കുമ്പോള്‍ അത് വലിയ ആഘാതമാണ് സൃഷ്ടിക്കുക. 

ഒന്നാമതായി ആദ്യമേ സൂചിപ്പിച്ചത് പോലെ ശരീരത്തിന് പ്രയാസമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്ന പ്രക്രിയ ആണ്. ഇതിന് തടസം വരുമ്പോള്‍ ഇവയൊന്നും പുറത്ത് പോകാതിരിക്കുകയാണ് ചെയ്യുക. ഇത് ശരീരത്തിന് ദോഷമാണെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. 

രണ്ടാമത്, ഇത്ര വേഗതയില്‍ വരുന്ന തുമ്മല്‍ പിടിച്ചുവയ്ക്കുമ്പോള്‍ അത് തൊണ്ടയിലോ ചെവിയിലോ കണ്ണിലോ നെഞ്ചിലോ എല്ലാം പരുക്ക് വരുത്താൻ കാരണമാകാം. അതായത് തൊണ്ടയില്‍ ചെറി കീറല്‍ വീഴുക, ചെവിക്കകത്തെ മര്‍ദ്ദം മാറി ചെവിക്കല്ലിന് പരുക്ക് പറ്റുക, വാരിയെല്ലിന് പരുക്കേല്‍ക്കുക, കണ്ണിലെ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുക എന്നിങ്ങനെ പല അപകടസാധ്യതകളുണ്ട്. 

ഈ അടുത്തായി സമാനമായൊരു വാര്‍ത്ത വരികയും ചെയ്തിരുന്നു. തുമ്മല്‍ പിടിച്ചുവച്ചതിന് പിന്നാലെ അതിശക്തമായി തുമ്മല്‍ പുറത്തേക്ക് വന്നതോടെ യുവാവിന്‍റെ തൊണ്ടയില്‍ കീറല്‍ വീണു എന്നതാണ് വാര്‍ത്ത. 

ചെവിയില്‍ ചെവിക്കല്ലിന് കേട് പറ്റുന്നതിന് പുറമെ ചെവിയില്‍ അണുബാധയ്ക്കും ഇത് സാധ്യത വയ്ക്കുന്നു. തുമ്മലിലൂടെ പുറത്തുപോകേണ്ട രോഗാണുക്കള്‍ ചെവിക്കകത്തേക്ക് കൂടി എത്തുന്നതോടെയാണ് അണുബാധയ്ക്കുള്ള സാധ്യത വരുന്നത്.

അതുപോലെ തുമ്മല്‍ പിടിച്ചുവച്ചതിന് പിന്നാലെ ഇരട്ടി ശക്തിയില്‍ തുമ്മല്‍ പുറത്തേക്ക് വരുന്നത് വാരിയെല്ലില്‍ പൊട്ടല്‍ വരെയുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ തുമ്മല്‍ ഒരിക്കലും പിടിച്ചുവയ്ക്കരുത്. പൊതുവിടത്തിലാണെങ്കിലും തുമ്മലിന്‍റെ കാര്യത്തില്‍ ഒരു നാണക്കേടോ മര്യാദകേടോ കരുതേണ്ടതില്ല. നിങ്ങള്‍ തുമ്മുമ്പോള്‍ നല്ലതുപോലെ ശബ്ദം ഉയരുന്നുണ്ടെങ്കില്‍ അതിന് ശേഷം ഒരു 'സോറി'യോ 'എക്സ്ക്യൂസ് മീ'യോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഇതുള്ളൂ.

Also Read:- ആദ്യം തുമ്മല്‍ പിടിച്ചുവച്ചു; പിന്നാലെ ശക്തിയായി തുമ്മിയതോടെ യുവാവിന് സംഭവിച്ചത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം