
അവധി ദിവസങ്ങളാകുമ്പോഴേക്ക് മിക്കവരും സ്വയം അഴിച്ചുവിടുന്നത് പോലെ പെരുമാറാറുണ്ട്. ഒന്നിനും ഒരു നിയന്ത്രണവുമില്ലാതെ വാശി പോലെ ആഘോഷങ്ങളിലേക്ക് എടുത്ത് ചാടുന്നവര്‍. വീക്കെൻഡുകളിലോ ഫെസ്റ്റിവല്‍ സമയങ്ങളിലോ എല്ലാമാകാം ഈ മതിമറന്നുള്ള തിമിര്‍പ്പ്.
ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുതല്‍ സുഹൃത്തുക്കള്‍ക്കൊപ്പമെല്ലാം ചേര്‍ന്ന് പാര്‍ട്ടി, മദ്യപാനം, പുകവലി, രാത്രി മുഴുവൻ ഉണര്‍ന്നിരിക്കല്‍, സംസാരം, നൃത്തം എന്നിങ്ങനെ പോകും അവധിയാഘോഷങ്ങള്‍, അല്ലേ?
ഇങ്ങനെയാണ് നിങ്ങള്‍ അവധിയാഘോഷിക്കാറുള്ളതെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണമെന്നാണ് ഹൃദ്രോഗവിദഗ്ധര്‍ പറയുന്നത്. സാധാരണ ദിവസങ്ങളില്‍ നിന്ന് വിഭിന്നമായി പെട്ടെന്ന് ഇത്തരത്തില്‍ ശരീരത്തെ കൈകാര്യം ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും അത് ഒരുപോലെ എടുക്കാൻ സാധിക്കണമെന്നില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
എണ്ണമയമുള്ള ഭക്ഷണം, ഉപ്പ് അഥവാ സോഡിയം കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ (പൊതുവെ പാര്‍ട്ടികളില്‍ കാണുന്ന ഭക്ഷണങ്ങള്‍ ), ഫ്രൈഡ് ഫുഡ്സ്, മദ്യം, പുകവലി, ഉറക്കമില്ലായ്മ, വിശ്രമമില്ലായ്മ, വ്യായാമമില്ലായ്മ എന്നിവയെല്ലാം കൂടിച്ചേരുമ്പോള്‍ അത് ആദ്യം ബാധിക്കുക ഹൃദയത്തെ ആണത്രേ.
നെഞ്ചിടിപ്പ് അസാധാരണമാവുക, ഇതിന്‍റെ അനുബന്ധ സങ്കീര്‍ണതകള്‍ മുതല്‍ ഹൃദയാഘാതം വരെ ഇക്കാരണങ്ങള്‍ കൊണ്ട് സംഭവിക്കാമെന്നാണ് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ബിപി, പ്രമേഹം, മാനസികാരോഗ്യപ്രശ്നങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവയെല്ലാമുള്ളവരിലാണ് ഇതിനുള്ള സാധ്യത കൂടുതലും ഉള്ളത്.
ഇത്തരത്തില്‍ അവധിയാഘോഷങ്ങള്‍ നിങ്ങളെ ബാധിക്കുന്നുവെങ്കില്‍- അതും അപകടകരമായ രീതിയില്‍ ബാധിക്കുന്നുവെങ്കില്‍ ചില ലക്ഷണങ്ങളിലൂടെ അത് തിരിച്ചറിയാനും സാധിക്കും.
നെഞ്ചില്‍ പെട്ടെന്ന് അസ്വസ്ഥത, ആകെ പെടുന്നനെ ക്ഷീണം, തലകറക്കം, ശ്വാസതടസം, ഉത്കണ്ഠ, കാഴ്ച അവ്യക്തമാവുക തുടങ്ങിയ ലക്ഷണങ്ങള്‍ ഹൃദയം പ്രശ്നത്തിലാണെന്നതിന്‍റെ സൂചനയാകാം. ശ്രദ്ധിക്കുക, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗമോ മാനസികപ്രശ്നങ്ങളോ എല്ലാം ഒരുപോലെ ഉത്കണ്ഠയും നെഞ്ചിടിപ്പുമെല്ലാം വര്‍ധിപ്പിക്കാറുണ്ട്. അതിനാല്‍ തന്നെ എപ്പോഴും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതകതളേറെയാണ്. ഈ പ്രശ്നമൊഴിവാക്കാൻ ഏത് ആഘോഷത്തിലായാലും പരിധികള്‍ നിശ്ചയിച്ച് പങ്കാളിയാവുക.
അമിതമായി കഴിക്കാതിരിക്കുക, രാത്രി മുഴുവൻ ഉറങ്ങാതിരിക്കുന്ന ശീലം ഒഴിവാക്കാം, എന്ത് ചെയ്യുമ്പോഴും സന്തോഷത്തോടെയും സംതൃപ്തിയോടെയും ചെയ്ത് സ്ട്രെസ് എന്ന ഘടകം പൂര്‍ണമായും ഒഴിവാക്കുക, നന്നായി വെള്ളം കുടിക്കുക, മദ്യമോ മറ്റ് ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കാതിരിക്കുക, മദ്യപിക്കുന്നുവെങ്കില്‍ അത് വളരെ മിതമായ അളവില്‍ ആകുക (ഇത് പതിവാക്കുകയും അരുത്). ഒപ്പം തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവരാണെങ്കില്‍ ഇതിനുള്ള മരുന്നെടുക്കുന്നത് പതിവാണെങ്കില്‍ അതൊന്നും തെറ്റിക്കരുത്. കഴിയുമെങ്കില്‍ ദിവസത്തില്‍ ചെയ്യുന്ന വ്യായാമവും മുടക്കാതിരിക്കുക.
Also Read:- ജിമ്മില്‍ വച്ച് ഹൃദയാഘാതം മൂലം ട്രെയിനര്‍ മരിച്ചു; വീഡിയോ പ്രചരിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam